
സഞ്ജു സാംസണ്‍, ഏഴ് പന്തില്‍ പത്ത് റണ്‍സും, അഞ്ച് പന്തില്‍ ആറ് റണ്‍സും. രണ്ട് സോഫ്റ്റ് ഡിസ്‌മിസലുകള്‍. മറുവശത്ത് പകരക്കാരന്റെ റോളില്‍ എത്തിയ ഇഷാൻ കിഷൻ ട്വന്റി 20 ലോകകപ്പ് പുറത്തിരുന്നുകാണാൻ ആഗ്രഹിക്കുന്നില്ലെന്ന് ബാറ്റുകൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. ചോദ്യം വളരെ ലളിതമാണ്, Sanju Samson or Ishtan Kishan.
ഇവിടെ താരതമ്യപ്പെടുന്നത് സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയും ഇഷാൻ കിഷൻ കഴിഞ്ഞ രണ്ട് മാസത്തോളമായി തുടരുന്ന അസാധാരണ ഫോമുമാണ്. ട്വന്റി 20യിലെ സഞ്ജുവിന്റെ ഏറ്റവും മികച്ച വർഷമായി അടയാളപ്പെടുത്തുന്നത് 2024നെയാണ്. മൂന്ന് സെഞ്ചുറികള്‍, അതില്‍ രണ്ട് എണ്ണം വിദേശത്ത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഡർബനിലും ജോഹന്നാസ്‌ബർഗിലും. ആ വർഷം 12 തവണയായിരുന്നു സഞ്ജു ക്രീസിലെത്തിയത്, അഞ്ച് പ്രാവശ്യവും റണ്ണൊന്നുമെടുക്കാതെ മടങ്ങി. All or Nothing.
2025ലേക്ക് എത്തിയാലും സമാനമാണ് കാര്യങ്ങള്‍, ശരാശരി വർഷമായിരുന്നു, 222 റണ്‍സ് ഒരു അര്‍ദ്ധ സെഞ്ചുറി. ഒപ്പണറായും മൂന്നാം നമ്പറിലും അഞ്ചാമതുമൊക്കെ ക്രീസിലെത്തി. നിരന്തരം ബാറ്റിങ് ലൈനപ്പിലുണ്ടായ മാറ്റങ്ങള്‍ സഞ്ജുവിന്റെ പ്രകടനത്തേയും ബാധിച്ചിട്ടുണ്ടെന്ന് കരുതാം. ബാറ്റ് ചെയ്യാൻ ലഭിച്ചത് 11 അവസരങ്ങള്‍, പൂജ്യങ്ങളുടെ എണ്ണം പൂജ്യത്തില്‍ തന്നെ നിലനിന്നെങ്കിലും അഞ്ച് റണ്‍സിന് താഴെ പുറത്തായത് നാല് തവണയാണ്. സ്ട്രൈക്ക് റേറ്റ് 2024ല്‍ 180ന് മുകളിലായിരുന്നെങ്കില്‍ പോയ വർഷം അത് 126-ലേക്കും വീണു.
ന്യൂസിലൻഡ് പരമ്പര തുടങ്ങിയതും സമാനമായി തന്നെയാണ്, രണ്ട് ഇന്നിങ്സുകളിലും 10 റണ്‍സിന് മുകളിലേക്ക് കടക്കാനായിട്ടില്ല. സ്ഥിരതയില്ലായ്‌മ സഞ്ജുവിനെ കരിയറിലുടനീളം വേട്ടയാടിയ ഒന്നാണെന്ന് ചുരുക്കം. പക്ഷേ, ഏറ്റവും നിർണായക സമയത്തും അത് മറികടക്കാൻ കഴിയുന്നില്ല വലം കയ്യൻ ബാറ്റര്‍ക്ക്. ഇന്ത്യ ദീര്‍ഘകാലമായി തുടരുന്ന ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷനാണ് റണ്‍വരള്‍ച്ചയിലും സഞ്ജുവിനെ നിലവില്‍ തുണയ്ക്കുന്ന ഏക ഘടകം. ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20യിലും സഞ്ജുവിന്റെ ബാറ്റ് പരാജയപ്പെട്ടാല്‍ ആ തന്ത്രം പൊളിക്കാൻ ഗൗതം ഗംഭീര്‍ മുതിര്‍ന്നേക്കും.
സഞ്ജുവിന്റെ പുറത്താകലുകളിലെ പാറ്റേണ്‍ ആവര്‍ത്തിക്കുന്നത് 2025ലെ ഇംഗ്ലണ്ട് പരമ്പര മുതല്‍ കാണുന്നതാണ്. ഡീപില്‍ പുള്‍ ഷോട്ടുകളും ഫ്ലിക്കുകളും കളിക്കുമ്പോള്‍ പുറത്താകുന്നത് അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, കേരള ക്രിക്കറ്റ് ലീഗില്‍ ഉള്‍പ്പെടെ കണ്ടിരുന്നു. ന്യൂസിലൻഡിനെതിരെ രണ്ട് മത്സരത്തിലും ഡ്രൈവ് ചെയ്യുന്നതിനിടെ സോഫ്റ്റ് ഡിസ്മിസല്‍ സംഭവിക്കുകയായിരുന്നു. സ്കോറിങ്ങ് അവസരങ്ങള്‍ ഒഴിവാക്കാൻ സഞ്ജു ഒരിക്കലും തയാറായിട്ടില്ല, ഫിയര്‍ലെസ് ക്രിക്കറ്റ്. കരിയറിലെ ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും കാരണമായതും ഇതു തന്നെയാണ്.
എന്നാല്‍, ഇതിലല്‍പ്പം കരുതലിന്റെ ആവശ്യകതയില്ലേ എന്നൊരു ചോദ്യമുയരുന്നു. പ്രത്യേകിച്ചും ഇഷാൻ ഓപ്പണറുടേയും വിക്കറ്റ് കീപ്പറിന്റേയും സ്ഥാനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ടൂര്‍ണമെന്റിന്റെ ടോപ് സ്കോററായാണ് ഇഷാൻ ജാര്‍ഖണ്ഡിന് കിരീടം നേടിക്കൊടുത്തത്, അതും രണ്ട് ശതകം ഉള്‍പ്പെടെ. വിജയ് ഹസാരെയിലും ആവര്‍ത്തനമുണ്ടായി. ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇഷാൻ തന്റെ മൂല്യം സെലക്ടര്‍മാരെ ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുന്നു.
തിലക് വര്‍മ തിരിച്ചുവരുമ്പോള്‍ ആര് പുറത്ത് പോകേണ്ടി വരുമെന്ന സംവാദത്തിന് തിരശീല വീഴ്ത്താൻ ന്യൂസിലൻഡ് പരമ്പരയില്‍ സഞ്ജുവിന് കഴിയേണ്ടതുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ അടുത്ത ഒരു ദശാബ്ദം നയിക്കേണ്ട ശുഭ്‌മാൻ ഗില്ലിനെ തഴഞ്ഞാണ് ബിസിസിഐ സഞ്ജുവില്‍ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. അതും, സമീപകാലത്തെ ബിസിസിഐയുടെ അപ്രതീക്ഷിത തീരുമാനങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്ന്. സൂര്യകുമാറിന് ശേഷം ട്വന്റി 20 ടീമിനെ നയിക്കാനുള്ള നിയോഗവും ഗില്ലിന് തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.
അങ്ങനെയുള്ള സാഹചര്യത്തില്‍ മോശം പ്രകടനം തുടര്‍ന്നാല്‍ അത് സഞ്ജുവിന്റെ കരിയറിനെ തന്നെ ബാധിക്കുന്ന ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. ഗുവാഹത്തിയില്‍ സഞ്ജുവിന്റെ ബാറ്റ് ന്യൂസിലൻഡ് ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിച്ചെ മതിയാകു. അല്ലെങ്കില്‍ ന്യൂസിലൻഡ് പരമ്പരയിലെ തുടര്‍ മത്സരങ്ങളിലും ലോകകപ്പിലും ഓപ്പണറായി ഇറങ്ങാൻ കഴിഞ്ഞേക്കില്ല. തിരിച്ചടികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവഗണനകള്‍ക്കും ബാറ്റുകൊണ്ട് മറുപടി പറഞ്ഞാണ് സഞ്ജുവിന്റെ ശീലം, അത് ഗുവാഹത്തിയില്‍ ആവര്‍ത്തിക്കട്ടെ.