ഡബ്ല്യുപിഎല്‍: ഞെട്ടിച്ച് ഗുജറാത്തും യുപിയും, ആരാകും മൂല്യമേറിയ താരം? അറിയേണ്ടതെല്ലാം

Published : Nov 07, 2025, 02:16 PM IST
Womens Premier League

Synopsis

മൂന്ന് സീസണില്‍ രണ്ട് തവണയും കിരീടം ചൂടിയ മുംബൈ ഇന്ത്യൻസ് ബെംഗളൂരുവിന് സമാനമായി കോര്‍ താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. എന്നിരുന്നാലും ചില പ്രധാന താരങ്ങളെ കൈവിടേണ്ടി വന്നു

ഹർമൻപ്രീത് കൗറും സംഘവും ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയ ആവേശത്തിന്റെ അലയൊലികള്‍ ഇന്നും ഇന്ത്യയുടെ തെരുവുകളിലുണ്ട്. നേട്ടം വനിത ക്രിക്കറ്റിന്റെ വേരോട്ടത്തിന് അതിവേഗത സമ്മാനിക്കുമെന്നതും സംശയമില്ലാതെ പറയാം. ഇവിടേക്കാണ് വനിത പ്രീമിയര്‍ ലീഗിന്റെ പുതുസീസണിന്റെ ഒരുക്കങ്ങളുടെ തുടക്കം, ഇതിലും മികച്ചൊരു സമയമിനിയില്ല. മൂന്ന് സീസണുകളുടെ വിജയത്തിന് ശേഷം ഡബ്ല്യുപിഎല്ലിന്റെ നാലാം അംഗത്തിന് അഞ്ച് ടീമുകളും ഒരുങ്ങുകയാണ്, നിലനിര്‍ത്തിയ താരങ്ങളുടേയും റിലീസ് ചെയ്യപ്പെട്ടവരുടേയും പട്ടികയും പുറത്തെത്തി. സര്‍പ്രൈസുകളുടെ പ്രവാഹം തന്നെയാണ് പട്ടികകള്‍.

താരലേലത്തില്‍ ആരൊക്കെയാകും മൂല്യമേറിയ താരങ്ങളാകുക, ടീമുകള്‍ നിലനിര്‍ത്തിയവര്‍, റിലീസ് ചെയ്ത പ്രധാന താരങ്ങള്‍, എത്ര തുക അവശേഷിക്കുന്നു, പരിശോധിക്കാം.

ഡബ്ല്യുപിഎല്‍ റിട്ടെൻഷൻ നിയമങ്ങളനുസരിച്ച് ഒരു ടീമിന് പരമാവധി നിലനി‍ര്‍ത്താൻ കഴിയുന്നത് മൂന്ന് ക്യാപ്‍ഡ് ഇന്ത്യൻ താരങ്ങള്‍, രണ്ട് വിദേശ താരങ്ങള്‍, പരമാവധി രണ്ട് അണ്‍ക്യാപ്‌ഡ് ഇന്ത്യൻ താരങ്ങള്‍. അഞ്ച് താരങ്ങളെ ഒരു ടീമിന് നിലനി‍ര്‍ത്തണമെങ്കില്‍ അതില്‍ ഒരാള്‍ നിര്‍ബന്ധമായും ഒരു അണ്‍ക്യാപ്ഡ് ഇന്ത്യൻ താരമായിരിക്കണം. ഐപിഎല്ലിന് സമാനമായി റൈറ്റ് ടു മാച്ച് ഓപ്ഷനുമുണ്ട് ഇത്തവണ.

ഏറ്റവും അപ്രതീക്ഷിതമായ മാറ്റങ്ങള്‍ക്ക് തയാറായത് യുപി വാരിയേഴ്സാണ്. നിലനിര്‍ത്തിയത് ശ്വേത സെഹ്റാവത്തിനെ മാത്രം. റിലീസ് ചെയ്തവരില്‍ ലോകകപ്പിലെ താരമായ ദീപ്തി ശര്‍മ, ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസെ ഹീലി, സോഫി എക്ലസ്റ്റോണ്‍, തഹ്ലിയ മഗ്രാത്ത്, അലന കിങ്, ക്രാന്തി ഗൗഡ്, ചിനലെ ഹെൻറി എന്നിവര്‍. ചിലവഴിക്കാൻ ബാക്കിയുള്ളത് 14.50 കോടി രൂപ. ചാമ്പ്യൻഷിപ്പ് നേടാൻ അനുയോജ്യമായ ടീമിനെ ഒരുക്കുകയെന്നതാണ് അടിമുടി അഴിച്ചുപണിയാനുള്ള യുപിയുടെ നീക്കത്തിന് പിന്നില്‍. ദീപ്തിയും ഹീലിയും എക്ലസ്റ്റോണും അലനയുമൊക്കെ താരലേലത്തില്‍ പണം വാരുമെന്ന് തീര്‍ച്ചയാണ്.

ഗുജറാത്ത് ജയന്റ്സാണ് ഏറ്റവും കുറവ് താരങ്ങളെ നിലനിര്‍ത്തിയ മറ്റൊരു ടീം. ഓസ്ട്രേലിയൻ താരങ്ങളായ അഷ്ലി ഗാര്‍ഡനറിനേയും ബെത്ത് മൂണിയേയും മാത്രമാണ് ഒപ്പം കൂട്ടിയത്. ഗാര്‍ഡനര്‍ക്ക് 3.5 കോടിയും മൂണിക്ക് 2.5 കോടിയും. അവശേഷിക്കുന്ന തുക 9 കോടി രൂപയാണ്. വിട്ടുകളഞ്ഞ പ്രമുഖര്‍ ഏകദിന ലോകകപ്പിലെ റണ്‍വേട്ടയില്‍ മുന്നിലെത്തിയ ലോറ വോള്‍വാര്‍ട്ട്, ഹര്‍ളീൻ ഡിയോള്‍, ഓസ്ട്രേലിയൻ യുവതാരം ഫീബി ലിച്ച്ഫീല്‍ഡ്, ഡോട്ടിൻ എന്നിവരെ. ലോറയും ലിച്ച്ഫീല്‍ഡും ലേലത്തിലെ പ്രധാന സാന്നിധ്യമാകുമെന്നതില്‍ സംശയമില്ല.

മൂന്ന് സീസണുകളിലും തങ്ങളെ ഫൈനലിലേക്ക് നയിച്ച മെഗ് ലാനിങ്ങിനെ വിട്ടുകളയാൻ ഡല്‍ഹി തയാറായി എന്നത് പുതുതലമുറയിലേക്ക് ചുവടുമാറുന്നതിന്റെ സൂചനയാണോയെന്നതാണ് ചോദ്യം. ജമീമ റോഡ്രിഗ്സ്, ഷഫാലി വെ‍ര്‍മ, ഓസീസ് പേസര്‍ അനബൽ സതര്‍ലൻഡ്, ദക്ഷിണാഫ്രിക്കൻ ഇതിഹാസം മരിസാൻ കാപ്പ്, നിക്കി പ്രസാദ് എന്നിവരെയാണ് നിലനിര്‍ത്തിയത്. 5.7 കോടി രൂപ മാത്രമാണ് ചിലവഴിക്കാൻ ഡല്‍ഹിക്ക് ബാക്കിയുള്ളത്. മെഗിന് പുറമെ ശ്രീചരണി, രാധാ യാദവ്, അരുന്ധതി റെഡ്ഡി, മലയാളി താരം മിന്നു മണി തുടങ്ങിയ താരങ്ങളാണ് റിലീസ് ചെയ്യപ്പെട്ട പ്രമുഖര്‍. ലോകകപ്പിലെ സ്ഥിരതയാര്‍ന്ന ബൗളിങ് പ്രകടനം ശ്രീചരണിയെ മൂല്യമേറിയ താരങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചേക്കും.

കോര്‍ ടീമിനെ നിലനിര്‍ത്തിയാണ് മുൻ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പുതുസീസണിന് ഒരുങ്ങുന്നത്. 3.5 കോടി രൂപയ്ക്ക് സ്മൃതി മന്ദനയെ നിലനിര്‍ത്തിയപ്പോള്‍, എലീസ് പെറി, റിച്ച ഘോഷ്, ശ്രെയങ്ക പാട്ടീല്‍ എന്നിവര്‍ പുതുസീസണിലും റെഡ് ആൻഡ് ബ്ലാക്കിലെത്തും. 6.15 കോടിയാണ് ചിലവഴിക്കാൻ ബാക്കിയുള്ളത്. രേണുക സിങ്, അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ സോഫി ഡിവൈൻ, ഓസീസ് താരം സോഫി മോളിന്യു, ഇംഗ്ലീഷ് താരം ഡാനി വ്യാട്ട്, മലയാളി താരം ആശാ ശോഭന തുടങ്ങിയവരെ റിലീസ് ചെയ്തു.

മൂന്ന് സീസണില്‍ രണ്ട് തവണയും കിരീടം ചൂടിയ മുംബൈയും ബെംഗളൂരുവിന് സമാനമായി കോര്‍ താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് താരം നാറ്റ് സീവര്‍ ബ്രന്റിന് മുൻതൂക്കം നല്‍കാൻ ഹര്‍മൻപ്രീത് തീരുമാനിച്ചത് നിര്‍ണായകമായി. നാറ്റിന് 3.5 കോടിരൂപയാണ് മുംബൈ നല്‍കിയത്, ഹര്‍മന് 2.2 കോടിയും. വിൻഡീസ് താരം ഹീലി മാത്യൂസ്, അമൻജോത് കൗര്‍, ജി കമലീനി എന്നിവരാണ് നിലനിര്‍ത്തിയ മറ്റുള്ളവര്‍.

ന്യൂസിലൻഡ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അമേലി കേര്‍, ദക്ഷിണാഫ്രിക്കൻ സൂപ്പര്‍ താരം നദീൻ ഡി ക്ലെര്‍ക്ക്, ക്ലോയ് ട്രിയോണ്‍, ശബ്നിം ഇസ്മയില്‍ എന്നിവരെ റിലീസ് ചെയ്തു. അമേലി കേര്‍ മൂല്യമേറിയ താരങ്ങളുടെ പട്ടികയിലുണ്ടാകുമെന്ന് തീര്‍ച്ചയാണ്, ലോകകപ്പിലെ പ്രകടനം നദീനിലേക്കും കോടികള്‍ എത്തിക്കും. ഇതുവരെ ഐപിഎല്ലില്‍ കാര്യമായി അവസരം ലഭിക്കാത്ത താരമാണ് ട്രിയോണ്‍. മലയാളി താരം സഞ്ജന സജീവനേയും മുംബൈ നിലനിര്‍ത്തിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?