
ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം ഇന്ത്യക്ക് ചെറുതല്ലാത്ത ചില മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഓപ്പണിങ് കൂട്ടുകെട്ട്, സ്പിന്നര്‍മാര്‍ക്കെതിരായ ദൗര്‍ബല്യം, മധ്യനിരയുടെ മെല്ലപ്പോക്ക് അങ്ങനെ നീളുന്നു. സൂപ്പര്‍ എട്ടിലെ ആദ്യ എതിരാളികള്‍ ബാര്‍ബഡോസിലെ കണക്കുതീര്‍ക്കാൻ കാത്തിരിക്കുന്ന ദക്ഷിണാഫ്രിക്കയും. ചില ആശങ്കകള്‍ക്കുള്ള ഉത്തരം ഇന്ത്യയുടെ ഡഗൗട്ടില്‍ തന്നെയുണ്ട്. സഞ്ജു സാംസണ്‍. എന്തുകൊണ്ട് സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ സൂപ്പര്‍ എട്ട് മത്സരത്തില്‍ കളിക്കണം. സഞ്ജുവിന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന മുൻതൂക്കം എത്രത്തോളമാണ്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സഞ്ജുവിന്റെ റെക്കോര്‍ഡുകള്‍ തന്നെയാണ് പ്രധാനപ്പെട്ട ഒന്ന്. അന്താരാഷ്ട്ര ട്വന്റി 20 കരിയറിലെ മലയാളി താരം നേടിയ മൂന്ന് സെഞ്ച്വറികളില്‍ രണ്ടെണ്ണവും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു. അതും, ഇന്ത്യയിലെ പരിചിതമായ വിക്കറ്റുകളായിരുന്നില്ല. ചരിത്രമുറങ്ങുന്ന ദക്ഷിണാഫ്രിക്കൻ മൈതാനങ്ങളായ ഡര്‍ബനിലും ജോഹന്നാസ്ബര്‍ഗിലുമായിരുന്നു. പ്രോട്ടിയാസിനെതിരെ അഞ്ച് മത്സരങ്ങളില്‍ 253 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 190. രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ മൂന്ന് 30 പ്ലസ് സ്കോറുകള്‍.
എയ്‌ഡൻ മാര്‍ക്രം, മാര്‍ക്കൊ യാൻസണ്‍, കേശവ് മഹരാജ്, ലുംഗി എൻഗിഡി, ജോര്‍ജ് ലിൻഡെ, ഡെനോവൻ ഫെറൈര എന്നിവരാണ് സഞ്ജു നേരിട്ടിട്ടുള്ളതും പ്രോട്ടിയാസിന്റെ ലോകകപ്പ് ടീമിലുമുള്ളതുമായ ബൗളര്‍മാര്‍. മേല്‍പ്പറഞ്ഞവര്‍ക്കെതിരെയുള്ള സഞ്ജുവിന്റെ റെക്കോര്‍ഡ് പരിശോധിക്കാം.
2024ലെ പര്യടനത്തില്‍ കേശവ് മഹരാജിന്റെ 23 പന്തുകളാണ് വലം കയ്യൻ ബാറ്റര്‍ നേരിട്ടത്. നേടിയത് 41 റണ്‍സ്. നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ ബാറ്റ് ചെയ്തത് 173 സ്ട്രൈക്ക് റേറ്റിലുമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മഹരാജിന് ഇതുവരെ സഞ്ജുവിനെ പുറത്താക്കാനും കഴിഞ്ഞിട്ടില്ല. എയ്‌ഡൻ മാര്‍ക്രത്തിനെതിരെ ഒൻപത് പന്തുകളില്‍ 12 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 133. മാര്‍ക്രത്തിനും സഞ്ജുവിന്റെ വിക്കറ്റ് നേടാൻ സാധിച്ചിട്ടില്ല.
എന്നാല്‍, മാര്‍ക്കൊ യാൻസണും സഞ്ജുവും ഏറെക്കുറെ ബലാബലമാണ്. 140 സ്ട്രൈക്ക് റേറ്റില്‍ 35 റണ്‍സാണ് യാൻസെനെതിരെ സഞ്ജുവിന്റെ സമ്പാദ്യം. രണ്ട് തവണ പുറത്താക്കുകയും ചെയ്തു. 2025ലെ പരമ്പരയില്‍ യാൻസന്റെ മൂന്ന് പന്തുകളാണ് സഞ്ജു നേരിട്ടത്, 11 റണ്‍സ് അടിച്ചെടുത്തു. ജോര്‍ജ് ലിൻഡെ - അഞ്ച് പന്തില്‍ ഏഴ് റണ്‍സ്, എൻഗിഡി നാല് പന്തില്‍ രണ്ട്, ഫെറെയ്റ നാല് പന്തില്‍ മൂന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. പ്രോട്ടിയാസ് ബൗളര്‍മാര്‍ക്കെതിരെ സഞ്ജുവിന്റെ ആധിപത്യം ഇതിലൂടെ വ്യക്തമാകുന്നു. പ്രത്യേകിച്ചും സ്പിന്നര്‍മാര്‍ക്കെതിരെ.
ലോകകപ്പിലുടനീളം സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യൻ ബാറ്റര്‍മാര്‍ തിരിച്ചടി നേരിടുന്നുണ്ടായിരുന്നു. ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന് ഇടം കയ്യൻ ബാറ്റര്‍മാരാല്‍ സമ്പന്നമായിട്ടുള്ള ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്കെതിരെ ഓഫ് സ്പിൻ തന്ത്രം എതിരാളികള്‍ പ്രയോഗിച്ചതാണ്. അസോസിയേറ്റ് രാജ്യങ്ങളല്ലാത്ത ടീമുകളെ പരിഗണിച്ചാല്‍ ഓപ് സ്പിന്നിനെതിരെ ഏറ്റവും മോശം റെക്കോര്‍ഡ് ലോകകപ്പിലുള്ളതും ഇന്ത്യയക്കാണ്. കേവലം 6.2 റണ്‍റേറ്റിലാണ് ഇന്ത്യ ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യുന്നതും.
ഇവിടെയാണ് സഞ്ജുവെന്ന വലം കയ്യൻ ബാറ്ററുടെ പ്രധാന്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്കെതിരെ സഞ്ജുവിന്റെ കണക്കുകള്‍ ചെറുതല്ല. 30 ഇന്നിങ്സുകളില്‍ 150 സ്ട്രൈക്ക് റേറ്റില്‍ 429 റണ്‍സ്. ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ മാത്രമാണെങ്കില്‍ 140 സ്ട്രൈക്ക് റേറ്റില്‍ 117 റണ്‍സ്. ലെഗ് സ്പിന്നിനെതിരെ 166 സ്ട്രൈക്ക് റേറ്റില്‍ 239 റണ്‍സ്. 12 തവണയാണ് കരിയറില്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നല്‍കി സഞ്ജു മടങ്ങിയിട്ടുള്ളത്. സഞ്ജുവിന്റെ ബാറ്റ് സ്പിന്നിനെതിരായ ദുര്‍ബലതകള്‍ക്ക് പരിഹാരമാകുമെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
സഞ്ജു ടീമിലേക്ക് എത്തിയാല്‍ ആര് പുറത്തിരിക്കേണ്ടി വരുമെന്നതാണ് മറ്റൊരു ചോദ്യം. ലോകകപ്പിലെ മൂന്ന് മത്സരങ്ങളില്‍ ഉള്‍പ്പെടെ കഴിഞ്ഞ ഏഴ് ഇന്നിങ്സുകളില്‍ അഞ്ചിലും ഡക്കായ അഭിഷേക് ശര്‍മയാണ് ഒരു ഓപ്ഷൻ. എന്നാല്‍, അഭിഷേകിന്റെ തിരിച്ചുവരവിനായി ഇന്ത്യ അവസരം നല്‍കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. കാരണം, താരം ക്രിക്കറ്റ് ഭൂപടത്തിലുണ്ടാക്കിയിരിക്കുന്ന മേല്‍വിലാസം അങ്ങനെയാണല്ലോ. റണ്‍ വരള്‍ച്ചക്ക് മുകളില്‍ സഞ്ജുവിന് അവസരം നല്‍കാൻ ടീം മാനേജ്മെന്റ് തയാറാകുമോയെന്ന് ഞായറാഴ്ച അറിയാം.
മറ്റൊരാള്‍ തിലക് വര്‍മയാണ്. ടൂര്‍ണമെന്റില്‍ തിലകിനോളെ സ്പിന്നിനോട് സ്ട്രഗിള്‍ ചെയ്ത മറ്റൊരു ഇന്ത്യൻ താരമില്ലെന്ന് തന്നെ പറയാം. തിലകിന്റെ സ്പിന്നിനെതിരായ സ്ട്രൈക്ക് റേറ്റ് നൂറിലും താഴെയാണ്. പക്ഷേ, പ്രോട്ടിയാസിനെതിരെ സഞ്ജുവിന് സമാനമായി മികച്ച റെക്കോര്‍ഡ് തിലകിനുമുണ്ട്. അതുകൊണ്ട് ചെറുതല്ലാത്ത സെലക്ഷൻ തലവേദനയാണ് മാനേജ്മെന്റിന് മുന്നിലുള്ളത്.