300 എന്ന മാന്ത്രിക സംഖ്യ പിറക്കുമോ ടി20 ലോകകപ്പില്‍; സാധ്യതകള്‍ ഏറെ, ആരടിക്കും?

Published : Feb 07, 2026, 04:04 PM IST
Abhishek Sharma

Synopsis

ഒൻപത് ടി20 ലോകകപ്പുകള്‍ പിന്നിടുമ്പോഴും ആ മാന്ത്രിക സംഖ്യയിലേക്ക് എത്താൻ ഒരു ടീമിന് പോലും സാധിച്ചിട്ടില്ല. ഏറ്റവും അടുത്തെത്തിയത് ശ്രീലങ്കയാണ്, അതും പ്രഥമ ടൂര്‍ണമെന്റില്‍

അന്താരാഷ്ട്ര ട്വന്റി 20യുടെ ചരിത്രത്തില്‍ മൂന്നേ മൂന്ന് തവണ മാത്രം സംഭവിച്ച നിമിഷം. ഒരു ഇന്നിങ്സില്‍ 300 റണ്‍സ്. ഫോര്‍മാറ്റില്‍ ഒൻപത് ലോകകപ്പുകള്‍ പിന്നിടുമ്പോഴും ആ മാന്ത്രിക സംഖ്യയിലേക്ക് എത്താൻ ഒരു ടീമിന് പോലും സാധിച്ചിട്ടില്ല. ഏറ്റവും അടുത്തെത്തിയത് ശ്രീലങ്കയാണ്, അതും പ്രഥമ ടൂര്‍ണമെന്റില്‍. കെനിയക്കെതിരെ 260 റണ്‍സ്. വിശ്വകിരീടപ്പോരിനായി അഗ്രസീവ് ക്രിക്കറ്റിന്റെ ചുവടുപിടിച്ച് നിരവധി സംഘങ്ങളെത്തിയിട്ടുണ്ട് ഇന്ത്യയിലേക്കും ലങ്കയിലേക്കും. ഈ ലോകകപ്പില്‍ 300 റണ്‍സ് പിറക്കുമോ, സാധ്യതകള്‍ എന്തെല്ലാമാണ്.

ഇന്ത്യയും ലങ്കയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ 300 റണ്‍സ് പിറക്കാനുള്ള സാധ്യത കല്‍പ്പിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ഒന്ന് ബാറ്റിങ്ങിന് അനുകൂലമായുള്ള വിക്കറ്റുകള്‍ തന്നെയാണ്. അടുത്തിടെ അവസാനിച്ച ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളിലെ പത്ത് ഇന്നിങ്സുകളില്‍ ആറെണ്ണവും 200 കടന്നിരുന്നു, കാര്യവട്ടത്ത് ഇന്ത്യയുടെ സ്കോര്‍ 271ലും എത്തി. മൂന്നാം ട്വന്റി 20യില്‍ പത്ത് ഓവറില്‍ ഇന്ത്യ 155 റണ്‍സ് അടിച്ചെടുക്കുന്നതും കണ്ടതാണ്. ലോകകപ്പിനൊരുങ്ങുന്നതും സമാന വിക്കറ്റുകളാകാനാണ് സാധ്യത.

മറ്റൊന്ന് ഇന്ത്യയിലെ വേഗതയേറിയ ഔട്ട്ഫീല്‍ഡും ബൗണ്ടറിയുടെ നീളക്കുറവുമാണ്. ഓസ്ട്രേലിയയിലെ പോലെ ശരാശരി 70 മുതല്‍ 80 മീറ്റര്‍ വരെയല്ല ഇന്ത്യൻ മൈതാനങ്ങളിലെ ബൗണ്ടറികള്‍. 60 മുതല്‍ 70 മീറ്റര്‍ വരെയാണ്. ഇത് സ്കോറിങ്ങ് കൂടുതല്‍ എളുപ്പമാക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് 300 റണ്‍സ് സ്കോര്‍ ചെയ്യുക എന്നതൊരു വലിയ വെല്ലുവിളിയാകുമെന്ന് കരുതേണ്ടതില്ല. ട്വന്റി 20യില്‍ താരങ്ങളുടെ സമീപനം കൂടുതല്‍ ഫിയര്‍ലെസ് ആകുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതും. പവര്‍പ്ലേയില്‍ തന്നെ 100 റണ്‍സെത്തുക എന്നത് സ്വഭാവികമായി മാറിക്കഴിഞ്ഞിരിക്കുന്നു.

2024 ട്വന്റി 20 ലോകകപ്പിന് ശേഷം ഫുള്‍ മെമ്പര്‍ ടീമുകളുടെ കണക്കുകളെടുത്താല്‍ ഒരു ഓവര്‍ ഒരു ബൗണ്ടറി എന്നതാണ് കണക്ക്, അത് ഓരോ വര്‍ഷം കഴിയും പന്തുകളും ബൗണ്ടറിയും തമ്മിലുള്ള ഇടവേള കുറഞ്ഞും വരുന്നു. പവര്‍പ്ലേയിലെ ശരാശരി റണ്‍റേറ്റ് ഒൻപതിനടത്തുമാണ്. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ മാത്രമെടുത്താല്‍ ഇതിന് മുകളിലായിരിക്കും ശരാശരി. 2023 ഒക്ടോബറിന് ശേഷം 34 തവണയാണ് മേല്‍പ്പറഞ്ഞ ടീമുകള്‍ സ്കോ‍ര്‍ 200 കടന്നത്. ഇന്ത്യ മാത്രം 20 തവണയും. ട്വന്റി 20ക്ക് എത്രത്തോളം വേഗതകൈവരിച്ചിട്ടുണ്ടെന്ന് ഇത് തെളിയിക്കുന്നു.

ഇതുവരെ നോക്കിയാല്‍ സിംബാബ്‌വെ, നേപ്പാള്‍, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അന്താരാഷ്ട്ര തലത്തില്‍‍ 300 റണ്‍സ് സ്കോര്‍ ചെയ്തിരിക്കുന്നത്. സിംബാബ്‌വെ ഗാംബിയക്കും നേപ്പാള്‍ മംഗോളിയക്കുമെതിരെ. താരതമ്യേനെ മിനൊ രാജ്യങ്ങളെന്ന് കണക്കാക്കാം. പക്ഷേ, ഇംഗ്ലണ്ടിന്റെ നേട്ടം കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു. കഴിഞ്ഞ വ‍ര്‍ഷം സെപ്തംബറില്‍ മാഞ്ചസ്റ്റര്‍ ടി20യില്‍. അന്ന് ഫില്‍ സാള്‍ട്ടിന്റേയും ജോസ് ബട്ട്ലറിന്റേയും ബാറ്റിങ്ങായിരുന്നു പ്രോട്ടിയാസ് ബൗളര്‍മാരെ റണ്‍മല കയറ്റിയത്.

ഇനി ലോകകപ്പില്‍ ഏതൊക്കെ ടീമുകള്‍ക്കാണ് ചരിത്ര സ്കോറിലേക്ക് എത്താനാകുന്നതെന്ന് പരിശോധിക്കാം. 300 റണ്‍സെന്ന കടമ്പയിലേക്ക് എത്താൻ ബാറ്റിങ് ഡെപ്ത് അനിവാര്യമാണ്. മുൻപന്തിയിലുള്ളത് ഇന്ത്യ തന്നെയാണ്. ഏഴാം നമ്പര്‍ വരെ നീളുന്ന ബാറ്റിങ് ലൈനപ്പ്. അഭിഷേക് ശര്‍മ മുതല്‍ റിങ്കു സിങ് വരെയാണ് ബാറ്റര്‍മാര്‍. ചുരുങ്ങിയ അവസരങ്ങള്‍ ലഭിച്ച റിങ്കുവിനേയും ഹാര്‍ദിക്കിനേയും മാറ്റി നിര്‍ത്തിയാല്‍ എല്ലാ ബാറ്റര്‍മാരുടേയും ഈ വര്‍ഷത്തെ സട്രൈക്ക് റേറ്റ് 200ന് മുകളിലാണ്. ട്വന്റി 20യിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്കോര്‍ 297 ആണ്, ബംഗ്ലാദേശിനെതിരെ നേടിയത്.

സൂര്യകുമാര്‍ യാദവിന്റെ സംഘം സമീപകാലത്ത് ക്രിക്കറ്റ് ലോകത്തെയാകെ ആശ്ചര്യപ്പെടുത്തുന്ന തരത്തിലാണ് ട്വന്റി 20യെ സമീപിക്കുന്നത്. 300 സ്കോര്‍ ചെയ്യാൻ ദുര്‍ബലര്‍ക്കെതിരെയല്ല കരുത്തരായ ടീമുകള്‍ക്കെതിരെയും കഴിയുമെന്ന് ഉറപ്പാണ്. ഇന്ത്യക്ക് ശേഷം ഇംഗ്ലണ്ട്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പവര്‍ ഹിറ്റര്‍മാരിലൊരാളായ ഹാരി ബ്രൂക്ക് നയിക്കുന്ന ടീം. ജോസ് ബട്ട്ലറും ഫില്‍ സാള്‍ട്ടും വില്‍ ജാക്സും ബെൻ ഡക്കറ്റുമൊക്കെയടങ്ങുന്ന നീണ്ട നിര. സാം കറണും ജേക്കബ് ബെഥലും ശക്തി വര്‍ധിപ്പിക്കുന്നു. ഇന്ത്യക്ക് സമാനമായി ബാറ്റിങ് ഡെപ്തുമുണ്ട്. ടോപ് ഓര്‍ഡര്‍ മാത്രം മതി 300 കടക്കാനെന്ന് തെളിയിച്ചവരാണ് ഇംഗ്ലണ്ട്.

ഇനി ഓസ്ട്രേലിയയാണ്. ഏകദേശം ഒരു പതിറ്റാണ്ടായിരിക്കുന്നു ഓസ്ട്രേലിയ ട്വന്റി 20യില്‍ 250ന് മുകളില്‍ സ്കോര്‍ ചെയ്തിട്ട്. 2024 ഫെബ്രുവരിയില്‍ വെസ്റ്റ് ഇൻഡീസിനെതിരെ അഡ്‌ലെയ്‌ഡില്‍ കുറിച്ച 241 റണ്‍സാണ് സമീപകാലത്തെ മികച്ച സ്കോര്‍. പക്ഷേ, ഇന്ത്യയേയും ഇംഗ്ലണ്ടിനേയും പോലെ തന്നെ ബാറ്റിങ് ഡെപ്തുള്ള ടീമാണ് മിച്ചല്‍ മാര്‍ഷിന്റെ ഓസ്ട്രേലിയയും. സാധ്യതകള്‍ തള്ളിക്കളയാനുമാകില്ല.

PREV
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: ഹൈപ്പിനപ്പുറമാണ് സൂര്യയുടെ ഇന്ത്യ; കിരീടം നേടിയില്ലെങ്കില്‍ അത്ഭുതം!
ഡബ്ല്യുപിഎല്‍ 2026: ത്രില്ലറിലെ കില്ലര്‍, ബെംഗളൂരുവിന്റെ മജസ്റ്റിക്ക് മന്ദാന