സച്ചിനെ മാസ്റ്റര്‍ബ്ലാസ്റ്ററാക്കിയ ബ്രാന്‍ഡ്‌ ഗുരു, ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയെഴുതിയ ചാണക്യന്‍

Published : Aug 14, 2026, 08:16 PM IST
sachin with marc mascernhas

Synopsis

സ്‌പോര്‍ട്‌സ്‌ മാര്‍ക്കറ്റിംഗ്‌ രംഗത്തെ വിദഗ്‌ധനും വേള്‍ഡ്‌ ടെല്‍ എന്ന കമ്പനിയുടെ ഉടമയുമായ മാര്‍ക്‌ മസ്‌കരാനസ്‌ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി 100 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടു. 25 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണെന്നോര്‍ക്കണം. ഇന്ത്യന്‍ കായികരംഗത്തേയും പരസ്യമേഖലയേയും പൂര്‍ണമായി മാറ്റിമറിച്ച ചരിത്രപ്രസിദ്ധമായ ആ കരാര്‍ വലിയൊരു സംഭവം തന്നെയായിരുന്നു.

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചിട്ട്‌ ഒരു പതിറ്റാണ്ട്‌ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ബ്രാന്‍ഡ്‌ വാല്യു ഓരോദിവസവും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. അമ്പത്തിമൂന്ന്‌ വയസുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ദൈവത്തിന്റെ ബ്രാന്‍ഡ്‌ വാല്യു ഏകദേശം 1200 കോടിയോളം വരും. ഇങ്ങനെ നോക്കുകയാണെങ്കില്‍ കായിക രംഗത്ത്‌ നിന്ന്‌ വിരമിച്ച ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ താരങ്ങളില്‍ സച്ചിനാണ്‌ ഏറ്റവും ബ്രാന്‍ഡ്‌ വ്യാലുവുള്ള വ്യക്തി.

ക്രോള്‍ ഇന്ത്യ സെലിബ്രിറ്റി ബ്രാന്‍ഡ്‌ വാല്യുവേഷന്‍ റിപ്പോര്‍ട്ടിലെ ഈ കണക്കുകള്‍ കാണുമ്പോള്‍ ഓര്‍മകള്‍ ഒന്ന്‌ പിറകോട്ട്‌ സഞ്ചരിക്കും. കൃത്യമായി പറഞ്ഞാല്‍ 2001 ലേക്ക്‌. സ്‌പോര്‍ട്‌സ്‌ മാര്‍ക്കറ്റിംഗ്‌ രംഗത്തെ വിദഗ്‌ധനും വേള്‍ഡ്‌ ടെല്‍ എന്ന കമ്പനിയുടെ ഉടമയുമായ മാര്‍ക്‌ മസ്‌കരാനസ്‌ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി 100 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടു. 25 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണെന്നോര്‍ക്കണം. ഇന്ത്യന്‍ കായികരംഗത്തേയും പരസ്യമേഖലയേയും പൂര്‍ണമായി മാറ്റിമറിച്ച ചരിത്രപ്രസിദ്ധമായ ആ കരാര്‍ വലിയൊരു സംഭവം തന്നെയായിരുന്നു. ഒരു ക്രിക്കറ്റ്‌ താരത്തിന്‌ വേണ്ടി ഇത്രയേറെ പണം ഒഴുക്കേണ്ടതുണ്ടോ എന്ന ചോദ്യം മസ്‌കരാനസിന്‌ മുന്നിലേക്ക്‌ വന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇന്നും പ്രസക്തമാണ്‌. മറ്റ്‌ മേഖലയിലുള്ള സെലിബ്രിറ്റികളെ പോലെയല്ല സച്ചിന്‍, അദ്ദേഹം വിരമിച്ചാലും ഇന്ത്യക്കാരുടെ അഭിമാനസ്‌തംഭമായി തുടരും. സച്ചിന്റെ ബ്രാന്‍ഡ്‌ വാല്യു ഉയരുക എന്നല്ലാതെ താഴേക്ക്‌ പോകില്ലെന്ന്‌ 25 വര്‍ഷം മുമ്പേ മസ്‌കരാനസ്‌ നിരീക്ഷിച്ചത്‌ അതിശയിപ്പിക്കുന്ന കാര്യമാണ്‌.

1990 കള്‍ക്ക്‌ മുന്‍പ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കളിക്കാര്‍ക്ക്‌ ഇന്നത്തെ പോലെ കോടികളുടെ വരുമാനമോ പ്രൊഫഷണല്‍ മാനേജര്‍മാരോ ഉണ്ടായിരുന്നില്ല. ക്രിക്കറ്റ്‌ താരങ്ങള്‍ മൈതാനത്ത്‌ റണ്‍സടിച്ച്‌ കൂട്ടുന്നവരും വിക്കറ്റുകള്‍ പിഴുതെടുക്കുന്നവരും മാത്രമല്ല, വലിയ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശേഷിയുള്ള ആഗോള ബ്രാന്‍ഡുകളാണെന്ന്‌ ആദ്യമായി ഇന്ത്യന്‍ കോര്‍പറേറ്റ്‌ ലോകത്തിന്‌ കാണിച്ചു കൊടുത്തത്‌ മസ്‌കരാനസായിരുന്നു.

1995ല്‍ സച്ചിനുമായി ഒപ്പുവെച്ച മുപ്പത്‌ കോടി രൂപയുടെ കരാറിലായിരുന്നു ക്രിക്കറ്റ്‌ സെലിബ്രിറ്റി മാനേജ്‌മെന്റ്‌ മേഖലയിലെ വിപ്ലവകരമായ മാറ്റത്തിന്‌ തുടക്കം. സച്ചിന്റെ പരിശീലന സമയങ്ങളെയോ മത്സരങ്ങളെയോ ബാധിക്കാതെയായിരുന്നു പരസ്യചിത്രീകരണങ്ങള്‍ക്കായി സച്ചിനെ മസ്‌കരാനസ്‌ ഉപയോഗപ്പെടുത്തിയത്‌. കേവലം പരസ്യങ്ങളില്‍ മാത്രം ഒതുങ്ങാതെ, സച്ചിന്റെ പേരില്‍ റസ്റ്റോറന്റുകളുടെ ശൃംഖലകള്‍ ആരംഭിക്കാനും വിദേശ വിപണികളിലേക്ക്‌ സച്ചിന്‍ എന്ന ബ്രാന്‍ഡിനെ എത്തിക്കാനുമുള്ള വലിയ ബിസിനസ്‌ സാധ്യതകള്‍ മസ്‌കരാനസ്‌ ഫലപ്രദമായി വിനിയോഗിച്ചു. പെപ്‌സി, അഡിഡാസ്‌, വിസ തുടങ്ങിയ മുന്‍നിര ആഗോള ബ്രാന്‍ഡുകളുമായി കോടികളുടെ പരസ്യക്കരാറുകള്‍ വേള്‍ഡ്‌ടെല്‍ വഴി സച്ചിന്‌ ലഭിച്ചു.

സച്ചിന്റെ ബാറ്റിലെ പ്രശസ്‌തമായ എംആര്‍എഫ്‌ ലോഗോയ്‌ക്ക്‌ പിന്നിലെ ബുദ്ധികേന്ദ്രം മക്‌സരാനസ്‌ ആയിരുന്നു. സച്ചിനെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും വിപണിയുടെ വലിയ ലോകത്തേക്ക്‌ കൈപിടിച്ചുയര്‍ത്തിയ മാര്‍ക്‌ മസ്‌കരാനസ്‌ 2002 ജനുവരി 27ന്‌ മഹാരാഷ്ട്രയിലെ നാഗ്‌പൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. തന്റെ ജീവിതത്തിലെ തീരാനഷ്ടമെന്നായിരുന്നു സച്ചിന്‍ ഈ വിയോഗവാര്‍ത്തയോട്‌ പ്രതികരിച്ചത്‌. ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരു വലിയ ബിസിനസ്‌ സാമ്രാജ്യമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മസ്‌കരാനസിന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ആദരമര്‍പ്പിച്ചത്‌ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കറുത്ത ബാഡ്‌ജ്‌ ധരിച്ചിട്ടായിരുന്നു. ആ മത്സരത്തില്‍ സച്ചിന്‍ അര്‍ധസെഞ്ചുറി നേടിയ ശേഷം ബാറ്റ്‌ ആകാശത്തേക്ക്‌ ഉയര്‍ത്തി തന്റെ പ്രിയ സുഹൃത്തിന്‌ പ്രണാമം അര്‍പ്പിച്ചു. 2013 ല്‍ സച്ചിന്‍ തന്റെ വിടവാങ്ങള്‍ പ്രസംഗത്തില്‍ പ്രത്യേകം നന്ദി പറഞ്ഞ വ്യക്തികളില്‍ ഒരാളായിരുന്നു മാര്‍ക്ക്‌ മസ്‌കരാനസ്‌.

വിവാദങ്ങളില്‍ പെടാതെ പൊതുജീവിതവും കുടുംബജീവിതവും നയിക്കുന്നതാണ്‌ സച്ചിന്റെ ബ്രാന്‍ഡ്‌ വാല്യു ഉയര്‍ത്തുന്നത്‌. പുകയില, മദ്യം, വാതുവെപ്പ്‌ പരസ്യങ്ങളില്‍ നിന്ന്‌ പൂര്‍ണമായും അകലം പാലിക്കുന്ന സച്ചിന്റെ മാര്‍ക്കറ്റ്‌ വാല്യു സ്‌ട്രാറ്റജി ഇന്നും മക്‌സരാനസ്‌ സെറ്റ്‌ ചെയ്‌തു വെച്ചത്‌ തന്നെയാണ്‌. അതുകൊണ്ടു തന്നെ, തന്റെ ബ്രാന്‍ഡ്‌ വാല്യു ഓരോ വര്‍ഷവും ഉയരുമ്പോള്‍ സച്ചിന്‍ നന്ദിയോടെ, സ്‌നേഹത്തോടെ ഓര്‍ക്കുന്ന മുഖം മസ്‌കരാനസിന്റേതാകും....

PREV
Read more Articles on
click me!

Recommended Stories

ലങ്കയില്‍ തോറ്റാല്‍ കസേരയിളകും! അഗാർക്കറിനൊപ്പം തെറിക്കുമോ പരിശീലകൻ ഗംഭീർ?
നായകനാക്കണം! ഹാർദിക്കിനോട് നോ പറഞ്ഞ് ഗുജറാത്ത്; ആർക്കും വേണ്ടെ സൂപ്പർ സ്റ്റാറിനെ?