ഇന്ത്യയിലേയും വിദേശത്തെയും വിക്കറ്റുകളില്‍ സമീപകാലത്തെ ഇന്ത്യൻ പേസര്‍മാരുടെ പ്രകടനമെടുത്താല്‍ ടോപ് ലെവലില്‍ പരിഗണിക്കാൻ പറ്റുന്ന രണ്ട് പേരെ ഉണ്ടാകു. ഒന്ന് ജസ്പ്രിത് ബുമ്രയും മറ്റൊരാള്‍ സിറാജും
ആദ്യ വിക്കറ്റിനായി കാര്യവട്ടം എകദിനത്തില്‍ ഇന്ത്യ എറിയേണ്ടി വന്നത് 116 പന്തുകളാണ്. ജോണ്‍ കാംപ്ബല്‍ - ജസ്റ്റിൻ ഗ്രീവ്സ് സഖ്യത്തിന് മുന്നിലേക്ക് ഒരു സ്പെല്ലിന് ബാല്യമുള്ള എല്ലാവരേയും ഗില്‍ പറഞ്ഞയച്ചു, പ്രസിദ്ധ് കൃഷ്ണ മുതല്‍ നമൻ ധീര്‍ വരെ. എന്നാല്‍, വെസ്റ്റ് ഇൻഡീസിന്റെ റണ്‍ റേറ്റ് എഴും എട്ടുമൊക്കെ താണ്ടിക്കൊണ്ടേയിരുന്നു. അപ്പോഴെല്ലാം ഒരാള്‍ നിരന്തരം വെള്ളവും ടവലുമൊക്കെയായി ഗ്രൗണ്ടിലേക്ക് ഓടിയെത്തുന്നുണ്ട്, ചുറ്റും വലം വെക്കുന്നുണ്ട്. ഇന്ത്യയുടെ ന്യൂബോള്‍ വിക്കറ്റ് വരള്‍ച്ച അവസാനിപ്പിക്കാൻ കെല്‍പ്പുണ്ടെന്ന് പലകുറി തെളിയിച്ചവൻ. മുഹമ്മദ് സിറാജ്. പുറത്തിരിക്കേണ്ടവനാണോ സിറാജ്?
38 ഏകദിന മത്സരങ്ങളുടെ പരിചയസമ്പത്തായിരുന്നു ആകെ കാംപ്‌ബലിനും ഗ്രീവ്സിനും ചേർന്നുണ്ടായിരുന്നത്. ലോക ക്രിക്കറ്റിലെ ടോപ് 20 ഒഡിഐ ബാറ്റർമാരുടെ പട്ടികയില്‍പ്പോലും ഇരുവരും ഉണ്ടാകില്ല. വിക്കറ്റിന്റെ ആനുകൂല്യവും ഇന്ത്യൻ ബൗളര്‍മാരുടെ ഇൻകണ്‍സിസ്റ്റൻസിയും ഉപയോഗിച്ച് ആദ്യ പത്ത് ഓവറില്‍ 85 റണ്‍സാണ് സഖ്യം സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഒരു ഘട്ടത്തില്‍ വിൻഡീസിന്റെ പ്രൊജക്റ്റഡ് സ്കോര്‍ പോലും 375നും 400നും ഇടയിലായിരുന്നു. കുല്‍ദീപ് യാദവിന്റെ ബ്രില്യൻസിന് പ്രസിദ്ധ് കൃഷ്ണയ്ക്കും സംഘത്തിനും നന്ദി പറയാം.
2027 ഏകദിന ലോകകപ്പ് ലക്ഷ്യമാക്കി ബൗളിങ് യൂണിറ്റ് പടുത്തുയര്‍ത്തുകയാണ് ഗൗതം ഗംഭീര്‍. ബാറ്റ് ചെയ്യാൻ കഴിയുന്ന എട്ട് താരങ്ങളുണ്ടാകണമെന്നാണ് കരുതുന്നതെന്ന് ശുഭ്മാൻ ഗില്ലും പറയുന്നു. ഇന്നലെ ഇന്ത്യയുടെ ലൈനപ്പില്‍ മൂന്ന് പേസര്‍മാരായിരുന്നു, പ്രസിദ്ധ്, നിതീഷ് കുമാര്‍ റെഡ്ഡി, ഗുര്‍ണൂര്‍ ബ്രാര്‍. 25 ഓവറാണ് സഖ്യം എറിഞ്ഞത്. 6.6 റണ്‍റേറ്റില്‍ വഴങ്ങിയത് 165 റണ്‍സ്. എടുത്ത മൂന്ന് വിക്കറ്റില്‍ രണ്ടും വിൻഡീസിന്റെ ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരും. കാര്യവട്ടത്തെ ഇന്ത്യയുടെ പേസ് നിരയിലേക്ക് നോക്കിയാല്‍ പരിചയസമ്പത്തിന്റെ കോളം ശൂന്യമായി കിടക്കും.
എന്തുകൊണ്ട് സിറാജിനെ പുറത്തിരുത്തുന്നു എന്ന ചോദ്യത്തിന് പ്രാധാന്യമേറുന്നതും ഇവിടെയാണ്. ഇന്ത്യയിലേയും വിദേശത്തെയും വിക്കറ്റുകളില്‍ സമീപകാലത്തെ ഇന്ത്യൻ പേസര്‍മാരുടെ പ്രകടനമെടുത്താല്‍ ടോപ് ലെവലില്‍ പരിഗണിക്കാൻ പറ്റുന്ന രണ്ട് പേരെ ഉണ്ടാകു. ഒന്ന് ജസ്പ്രിത് ബുമ്രയും മറ്റൊരാള്‍ സിറാജും. ബുമ്രയുടെ എലൈറ്റ് ലെവലില്‍ നിന്ന് ഒരുപാട് അകലത്തിലല്ല സിറാജ്. എന്നിട്ടും താരത്തെ കൃത്യമായി ഉപയോഗിക്കാൻ തയാറാകുന്നില്ല.
2023 ലോകകപ്പ് ഫൈനലിന് ശേഷം സിറാജ് ആകെ ഒൻപത് ഏകദിനങ്ങളാണ് കളിച്ചിട്ടുള്ളത്. ടി20 ക്രിക്കറ്റിന്റെ സ്വാധീനം മൂലം ഏകദിന ഫോർമാറ്റിലെ റണ്ണൊഴുക്ക് വർധിക്കുമ്പോഴും ഹൈലി എക്കണോമിക്കലാണ് സിറാജ്, പ്രത്യേകിച്ചും പവർപ്ലേകളില്‍. കളിച്ച ഒൻപത് ഏകദിനത്തില്‍ ഒന്നില്‍ മാത്രമാണ് എക്കോണമി 5.2 പോലും കടന്നിട്ടുള്ളത്. ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്ന് ഏകദിനത്തിലും സിറാജ് തന്റെ മികവ് തെളിയിച്ചിരുന്നു. ട്രാവിസ് ഹെഡിന്റെ ഉള്‍പ്പെടെ വിക്കറ്റും താരത്തിന് നേടാൻ കഴിഞ്ഞിരുന്നു.
സമാനകാലയളവില്‍ പന്തെടുത്തവരുടെ എക്കോണമിയും പരിശോധിക്കേണ്ടതാണ്, വിക്കറ്റ് ടേക്കിങ് എബിലിറ്റിയും. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ബൗണ്‍സി വിക്കറ്റില്‍ ഹാർഡായി ഹിറ്റ് ചെയ്യാൻ കഴിയുന്ന ബൗളര്‍മാര്‍ക്കാണ് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, ആവേശ് ഖാൻ, ബ്രാര്‍ തുടങ്ങിയവക്ക് മുൻതൂക്കം ലഭിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്.
സമാനമായി പന്തെറിയാൻ കഴിയുമെന്ന് തെളിയിച്ചിട്ടുള്ള പേസറാണ് സിറാജ്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയും ആൻഡേഴ്‌സണ്‍ ടെൻഡുല്‍ക്കര്‍ ട്രോഫിയുമൊക്കെ ഉദാഹരണമായി കരുതാം.2023 ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്ക് എതിരായ പ്രകടനം മാത്രം മതിയാകും സിറാജ് ന്യൂബോളില്‍ എത്രത്തോളം അപകടകാരിയാണെന്ന് മനസിലാക്കാൻ. അന്ന് പവര്‍പ്ലേയില്‍ മാത്രം അഞ്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുക്കാൻ സിറാജിന് കഴിഞ്ഞിരുന്നു.
ന്യൂബോളില്‍ ഇത്രത്തോളം കാപ്പബിളായുള്ള സിറാജിന്റെ സാന്നിധ്യമുള്ളപ്പോഴാണ് ഇന്ത്യ പ്രസിദ്ധിനേയും നിതീഷ് കുമാറിനേയും ബ്രാറിനെയുമൊക്കെ പരീക്ഷിക്കുന്നതും റണ്‍സ് ആവോളം വഴങ്ങുന്നതും. അസാധാരണമായ വര്‍ക്ക് റേറ്റുള്ള സിറാജ് പുറത്തിരിക്കേണ്ടവനല്ല എന്ന് പറയാൻ ഇതില്‍ക്കൂടുതല്‍ എന്ത് വേണം. ലോകകപ്പ് മുന്നില്‍ക്കണ്ട് പരീക്ഷണങ്ങളോട് പരീക്ഷണമാണ് ഗംഭീര്‍, പ്രത്യേകിച്ചും പേസ് നിരയില്‍. യുവതാരങ്ങള്‍ക്ക് ആവശ്യത്തിന് ഗെയിം ടൈം കൊടുക്കുക എന്നതായിരിക്കാം ലക്ഷ്യം. പക്ഷേ, അതൊന്നും ആവശ്യമില്ലാത്തൊരാള്‍ ഒപ്പമുള്ളപ്പോഴാണ് ഈ സമീപനം.


