
അടുത്ത പതിറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമായി അവതരിപ്പിക്കപ്പെടുന്ന ഒരാൾ. വിരാട് കോലിയെന്ന പ്രതിഭയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന ബാറ്റർ. മാസങ്ങൾക്ക് മുൻപ് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇടമില്ലാതെ പുറത്തിരിക്കേണ്ടി വന്ന താരം. ഇനി ആ പേരിന് ചുറ്റുമായിരിക്കും കാലം ഇന്ത്യൻ ക്രിക്കറ്റിനെ അടയാളപ്പെടുത്തുന്നത്. ഔദ്യോഗികമായി ശുഭ്‌മാൻ ഗിൽ യുഗത്തിന് തുടക്കമായിരിക്കുന്നു. വൈറ്റ്‌സിലെ പ്രതാപം തിരിച്ചുപിടിക്കേണ്ടതുണ്ട്, വെല്ലുവിളികൾ ഏറെയുണ്ട്, ചെറുതല്ലാത്തത്.
അതിലേക്ക് എത്തും മുൻപ് ചില കാര്യങ്ങൾ പറഞ്ഞുവെക്കാനുണ്ട്. ശുഭ്മാൻ ഗിൽ എന്ന പേര് ഇന്ത്യയുടെ നായകപദവിയിലേക്ക് എത്തുന്നുവെന്ന് ഉയർന്ന കേൾക്കുന്നത് ഈ അടുത്താണ്. ജസ്പ്രിത് ബുംറയും കെ എൽ രാഹുലും റിഷഭ് പന്തുമെല്ലാം പരിചയസമ്പത്തിന്റെ പേരിൽ ബഹുദൂരം മുന്നിലുള്ളപ്പോൾ ഈ പയ്യനെന്തിന് എന്നതായിരുന്നു ഉറക്കെ കേട്ട പരിഹാസം. പക്ഷേ, ഗില്ലിനെ നയിക്കാനുള്ള ചുമതല ഏൽപ്പിച്ചതിന് പിന്നിൽ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്.
2024 - ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. പൂജാരയ്ക്കും രഹാനെയ്ക്കുമപ്പുറം ഇന്ത്യൻ ടീമിന്റെ ചിന്തകളെത്തിയ സമയം. അന്ന് ടെസ്റ്റ് ടീമിലെ അഭിവാജ്യ ഘടകമായിരുന്നില്ല ഗിൽ. പരമ്പരയിൽ ഗിൽ അവസരത്തിനൊത്ത് ഉയർന്നു. രണ്ട് സെഞ്ച്വറി ഉൾപ്പെടെ 452 റൺസായിരുന്നു സമ്പാദ്യം. എന്നാൽ, ഇതിനൊക്കെ മുകളിലായിരുന്നു പരമ്പരയ്ക്ക് ശേഷം ഗില്ലിനേക്കുറിച്ച് രാഹുൽ ദ്രാവിഡിന്റെ നിരീക്ഷണം. ദ്രാവിഡ് അത് സെലക്ടർമാരുമായി പങ്കുവെച്ചു.
ഗില്ലിന് നായകമികവുണ്ട് എന്നതായിരുന്നു അത്. അന്ന് പക്ഷേ, രോഹിത് ശർമയ്ക്കപ്പുറം ചിന്തിക്കേണ്ട സമയമായിരുന്നില്ല. ഇംഗ്ലണ്ട് പരമ്പരയിൽ രോഹിത് മികവ് പുലർത്തുകയും ചെയ്തിരുന്നു. അന്ന് തൊട്ട് ക്യാപ്റ്റൻസി റഡാറിൽ ഗില്ലിന്റെ പേരുണ്ട്, മുന്നിൽ തന്നെ. അവിടെ നിന്ന് ഗില്ലെന്ന നായകന്റെ യാത്രയും തുടങ്ങിയിരുന്നു. അധികം വൈകാതെ ഏകദിന ക്രിക്കറ്റിൽ ഗില്ലിനെ തേടി ഉപനായക പദവിയും എത്തിയിരുന്നു.
അന്ന് രോഹിത് കൃത്യമായി പറഞ്ഞിരുന്നു, ഗിൽ നായകനിരയിലേക്ക് എത്താൻ കെൽപ്പുള്ള താരമാണ്, അതുകൊണ്ട് പരുവപ്പെടാനുള്ള സമയം ആവശ്യമാണ്. രോഹിതിന്റെ ടെസ്റ്റിലെ പടിയിറക്കം ഗില്ലിലേക്ക് ഉത്തരവാദിത്തം നേരത്തെ എത്തിച്ചെന്ന് മാത്രം. ബുംറയുടെ നിരന്തരമുള്ള പരുക്കുകൾ, ദീർഘകാലം രാഹുലിനില്ലാത്തത്, പന്തിന്റെ മോശം ഫോമുമെല്ലാം ഗില്ലെന്ന പേരിന് ചുറ്റും വട്ടം വരയ്ക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചു.
ഇതിനെല്ലാം പുറമെ ഗില്ലിലെ സ്കില്ലുകളുമുണ്ട്. ഗുജറാത്ത് ടൈറ്റൻസിലെ ആശിഷ് നെഹ്റയുടെ ശിക്ഷണം വളമായെന്ന് പറയാം. ഗിൽ എല്ലായ്പ്പോഴും ബൗളർമാരുടെ ക്യാപ്റ്റനാണ്. അവരുടെ അന്തിമതീരുമാനത്തിന് പൂർണ പിന്തുണ നൽകുന്നയാൾ. ഒരു നല്ല നായകന് വേണ്ടതും അതുതന്നെയാണെന്ന് പണ്ഡിതന്മാർ പറയുന്നു. അവിടെ ഒരു പാളിച്ചയുണ്ടായാൽ അത് പരിഹരിക്കാനുള്ള പ്ലാൻ ബി ഗില്ലിന്റെ കൈവശമുണ്ടാകും. ഗുജറാത്ത് നിരയിലുള്ളവർ തന്നെ പറഞ്ഞതാണിവ.
ഗുജറാത്തിന്റെ ഐപിഎൽ സീസൺ എടുക്കുക, ബൗളർമാരുടെ പിഴവുകളിൽ ഗില്ലിനെ ക്ഷുഭിതനായി കണ്ടിട്ടില്ല. അമ്പയറുടെ മോശം തീരുമാനങ്ങളിൽ വ്യക്തത വരുത്താനുള്ള ഇടപെടലുകൾ ഗില്ലിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. മത്സരത്തിൽ ബാക്ക്ഫൂട്ടിലാണെങ്കിലും ശാന്തതയോടെ ഇന്നിങ്സിനെ പാകപ്പെടുത്തുന്നതിലും ഗില്ലിന്റെ വൈഭവം കണ്ടു. ഇനി വെല്ലുവിളികളിലേക്ക് വരാം.
ഇന്ത്യയെ സംബന്ധിച്ച് അടുത്തകാലത്തെ ഏറ്റവും നിർണായകമായ ഒന്നാണ് ഇംഗ്ലണ്ട് പര്യടനം. ന്യൂസിലൻഡ് പരമ്പരയും ബോർഡർ - ഗവാസ്കർ ട്രോഫിയും നഷ്ടമായതിന്റെ ക്ഷീണം തീർക്കേണ്ടതുണ്ട്. ഒപ്പം രോഹിത്, കോലി, രവി അശ്വിൻ തുടങ്ങിയ ഇതിഹാസങ്ങളുമില്ല തിരിഞ്ഞുനോക്കാൻ. 2007ലാണ് അവസാനമായി ഒരു ടെസ്റ്റ് പരമ്പര ഇന്ത്യ ഇംഗ്ലണ്ടിൽ ജയിച്ചതും. അതുകൊണ്ട് എളുപ്പമല്ലാത്ത ഒരു കയത്തിലേക്കാണ് താരതമ്യേന പരിയസമ്പന്നത കുറഞ്ഞ സംഘവുമായി ഗിൽ എത്തുന്നത്.
ജസ്പ്രിത് ബുംറ പരമ്പരയിൽ എല്ലാ മത്സരങ്ങളും കളിക്കില്ല എന്നതിൽ സെലക്ടർമാർ വ്യക്തത വരുത്തിയിട്ടുണ്ട്. അർഷദീപിന് വെള്ളക്കുപ്പായം കിട്ടിയതിന് പിന്നിലെ കാരണവും ഇതുതന്നെയാണ്. അതുകൊണ്ട് കൃത്യമായ കണക്കുകൂട്ടലുകളും ആവശ്യമാണ്. ഗില്ലെന്ന ബാറ്ററും പരീക്ഷണം നേരിടണം. ഇംഗ്ലണ്ടിൽ ഗില്ലിന് മോശം റെക്കോർഡാണുള്ളത്. ആറ് ഇന്നിങ്സുകളിൽ ശരാശരി 14 മാത്രമാണ്. വിദേശ വിക്കറ്റുകളിലൊന്നും പേരിന്റെ പകിട്ട് ഗില്ലിന് കാക്കാനായിട്ടില്ല.
വേഗത്തിനൊപ്പം സ്വിങ്ങും ലഭിക്കുന്ന ഇംഗ്ലണ്ടിലെ വിക്കറ്റുകൾ എളുപ്പമല്ല താരത്തിനെന്ന് കണക്കുകൾ തെളിയിക്കുന്നു. കോലിയുടെ പകരക്കാരനായി ഗിൽ നാലാം നമ്പറിൽ തന്നെ എത്തുമോയെന്നതും ആകാംഷയുള്ള ഒന്നാണ്. ബാറ്റിങ് നിര നിർണയിക്കുന്നതിന്റെ ഉത്തരവാദിത്തം പൂർണമായും നൽകിയിരിക്കുന്നത് ഗില്ലിന് തന്നെയാണ്. ഇംഗ്ലണ്ടിലെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.
പക്ഷേ, നായകനെന്ന നിലയിൽ ഗില്ലിനൊരു ബ്രീത്തിങ് സ്പേസ് കൊടുക്കണം എന്നതാണ് പ്രധാനപ്പെട്ട ഒന്ന്. ഇംഗ്ലണ്ടിൽ വിജയം അത്ര എളുപ്പമല്ല എന്നത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. പക്ഷേ, വലിയൊരു തിരിച്ചടിയുണ്ടായാൽ താരതമ്യ വാദങ്ങൾ ഉണ്ടാകും. അത് പ്രത്യേകിച്ചും കോലിയുമായിട്ട് തന്നെയാകും. ഇവിടെയാണ് മറ്റൊരു വസ്തുത ചൂണ്ടിക്കാണിക്കാനുള്ളത്. ടെസ്റ്റിൽ കോലിയുടെ അത്രയും ഗ്രേറ്റല്ല ഗില്ലെന്നും ക്യാപ്റ്റൻസിയിലും പിന്നിലാണെന്നാണ് ഒരുകൂട്ടർ പറയാറുള്ളത്.
ക്യാപ്റ്റൻസി ഗിൽ തെളിയിക്കേണ്ട ഒന്നുതന്നെ. എം എസ് ധോണിയിൽ നിന്ന് നിനച്ചിരിക്കാത്ത നേരത്തിലാണ് കോലിയിലേക്ക് നായകസ്ഥാനം എത്തിയത്. കോലിയുടെ ടെസ്റ്റിലെ ശരാശരി അപ്പോൾ 39.46 ആയിരുന്നു. അന്ന് കോലിയുടെ പ്രായം 26. കോലിയെന്ന ടെസ്റ്റ് ബാറ്ററെ പ്രൈമിലേക്ക് എത്തിച്ചത് നായക കാലമായിരുന്നു. വെള്ളയിൽ ശരാശരിയിൽ നിന്ന് ഗ്രേറ്റ്നസിലേക്ക് കോലി ചുവടുവെച്ചതും ഇക്കാലത്തുതന്നെ. കോലിയെന്ന ബാറ്ററെ പൂർണമായും പുറത്തെത്തിച്ച സമയം.
ഗില്ലിന് പ്രായം 25 ആണ്, ടെസ്റ്റിലെ ശരാശരി 35. ഒരുപക്ഷേ കോലിക്ക് സമാനമായി ഗില്ലെന്ന ടെസ്റ്റ് ബാറ്ററുടെ ഉദയത്തിനും ഈ വെല്ലുവിളി കാരണമായേക്കാം. ഗുജറാത്തിന്റെ നായകനായാതിൽ പിന്നെ കൂടുതൽ ഉത്തരവാദിത്തത്തോടെ ഗിൽ കളിക്കുന്നത് കാണുന്നതാണ്. ടെസ്റ്റിലും ഗില്ലിന് അത് ആവർത്തിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലുണ്ട്.