
ഫിഫ ലോകകപ്പ് പണക്കാര്‍ക്ക് മാത്രം നേരിട്ട് കാണാനുള്ളതാണോ! ടിക്കറ്റിന്റെ വിലയിലെ അക്കങ്ങള്‍ എണ്ണിയവര്‍ക്ക് ഇത്തരമൊരു ആശങ്ക തോന്നിയെങ്കില്‍ തെറ്റ് പറയാനാകില്ല. തങ്ങള്‍ ലോകത്തെ അമേരിക്കയിലേക്ക് എത്തിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനൊ പറഞ്ഞുവെക്കുമ്പോള്‍ ആ ലോകം ആരുടേതാണെന്നുള്ള ചോദ്യവും ഉയരുന്നു. അമേരിക്കൻ ഐക്യനാടുകള്‍ കാല്‍പന്തിനെ കൊണ്ടാടാൻ ഒരുങ്ങുമ്പോള്‍ ടിക്കറ്റ് വില മാത്രമല്ല മുന്നിലുള്ള പ്രശ്നം. മറ്റുചിലതുകൂടി ചൂണ്ടിക്കാണിക്കാനുണ്ട്.
ടിക്കറ്റ് വിലയില്‍ നിന്ന് തന്നെ തുടങ്ങാം. ഇതിനോടകം തന്നെ 45 ലക്ഷത്തിലധികം പേരാണ് ടിക്കറ്റിനായി അപേക്ഷിച്ചിരിക്കുന്നത്. സെയില്‍ ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ അപേക്ഷകരുടെ എണ്ണം 15 ലക്ഷം കടന്നിരുന്നു. പിന്നീട് ഈ വേഗതയുണ്ടായില്ല, കാരണം നിരക്ക് തന്നെ. ഔദ്യോഗികമായി ടിക്കറ്റ് നിരക്ക് ഫിഫ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഡ്രൊയില്‍ പങ്കെടുത്ത് വിജയിച്ചവരാണ് നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ആദ്യ മത്സരത്തിന്റെ ടിക്കറ്റ് വില 560 മുതല്‍ 2,235 യുഎസ് ഡോളര്‍ വരെയാണ്. അതായത് ഏകദേശം 50,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ. ഖത്തര്‍ ലോകകപ്പില്‍ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് വില 5,000 രൂപ മുതല്‍ 55,000 വരെയായിരുന്നു. മെറ്റ്‌ലൈഫില്‍ അരങ്ങേറുന്ന ഫൈനലിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റിന്റെ നിരക്ക് നിലവില്‍ 1.8 ലക്ഷം രൂപയാണ്. കൂടിയത് അഞ്ച് ലക്ഷത്തിന് മുകളിലും. ടിക്കറ്റ് നിരക്ക് പല ടയറുകളിലേയും ഓരോ ദിവസവും വര്‍ധിക്കുന്നതായും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലെത്തുന്ന ട്രാവലിങ് ഫാൻസിനെ സംബന്ധിച്ച് ഇത് എത്രത്തോളം സ്വീകാര്യമാണെന്നുകൂടി നോക്കേണ്ടതുണ്ട്. ടിക്കറ്റിന് പുറമെ യാത്രാച്ചിലവ്, താമസം, ഭക്ഷണം തുടങ്ങി നിരവധി മറ്റ് ചിലവുകളും ആരാധകര്‍ക്ക് മുന്നിലുണ്ട്. ഫിഫ വരുമാനം പരമാവധി ഉയര്‍ത്താനുള്ള ശ്രമം നടത്തുമ്പോള്‍ സാധാരണക്കാരായ ആരാധകരോട് ഇവിടെയുണ്ടാകുന്നത് നീതിനിഷേധമാണെന്ന വിമര്‍ശനവും ശക്തമായി ഉയരുന്നുണ്ട്.
മുന്നിലുള്ള മറ്റൊരു പ്രശ്നം വിസയിലുണ്ടാകുന്ന കാലതാമസമാണ്. 2026 ലോകകപ്പിന്റെ ആതിഥേയത്വം ഉറപ്പിച്ച സമയത്ത് യോഗ്യതയുള്ള കായിക താരങ്ങള്‍ക്കും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആരാധകര്‍ക്കും വിവേചനമില്ലാതെ രാജ്യത്തേക്ക് പ്രവേശനമുണ്ടാകുമെന്നായിരുന്നു ട്രമ്പിന്റെ വാഗ്ദാനം. യുകെയില്‍ നിന്നും യൂറോപ്യൻ യൂണിയനില്‍ നിന്നുമുള്ള ആരാധകര്‍ക്ക് വിസയില്ലാതെ തന്നെ അമേരിക്കയിലെത്താനാകും. അമേരിക്കയുടെ വിസ വെയ്‌വര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെട്ടതിനാലാണിത്. ഇവിട എലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഒതറൈസേഷനില്‍ അപേക്ഷിച്ചാല്‍ മാത്രം മതിയാകും.
എന്നാല്‍, ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യത്തെ ആരാധകര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതായി വരും. മുൻ ലോകകപ്പുകളില്‍ വിസ കാലതാമസം ഒഴിവാക്കുന്നതിനായി ഖത്തറും റഷ്യയുമൊക്കെ ഫാസ്റ്റ് ട്രാക്ക് സംവിധാനം ആരംഭിച്ചിരുന്നു. എന്നാല്‍, അമേരിക്ക ഇതുവരെ അത്തരമൊന്ന് തുടങ്ങിയിട്ടില്ല. ലോകകപ്പിനായി ആരാധകര്‍ക്ക് പ്രത്യേക വിസ ക്യു ഇല്ല. അമേരിക്കൻ വിസയ്ക്കായി എംബസിയിലെത്തേണ്ടതായുമുണ്ട്. അതുകൊണ്ട്, വിസ പ്രക്രിയക്ക് കാലതാമസവുമുണ്ട്. ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍ എത്താൻ കഴിയുമോയെന്നതാണ് ആരാധകരുടെ ആശങ്ക.
മറ്റൊന്ന് അമേരിക്കയില്‍ നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്നങ്ങളാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമേരിക്കയില്‍ സംഭവിക്കുന്ന കൊലപാതക പരമ്പരകള്‍ക്ക് ഇന്നും അറുതിയില്ല. രാഷ്ട്രീയ കൊലപാതകങ്ങളുള്‍പ്പെടെ സംഭവിക്കുന്നു. 2024ല്‍ മാത്രം അഞ്ഞൂറോളം തോക്ക് ആക്രമണങ്ങളാണുണ്ടായത്. ഇതിന് പിന്നാലെ നിര്‍ബന്ധിത നാടുകടത്തലും സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടപെടലുകളും രാജ്യത്ത് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എട്ട് മത്സരങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ലോസ് എയ്ഞ്ചല്‍സിലുള്‍പ്പടെ നാഷണല്‍ ഗ്വാര്‍ഡിനെ ട്രംമ്പ് വിന്യസിച്ചിട്ടുണ്ട്. ഇതില്‍ ജനങ്ങളില്‍ നിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്. സുരക്ഷാ പ്രശ്നം മൂലം മത്സരങ്ങള്‍ പലവേദികളില്‍ നിന്നും മാറ്റണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നു.. 247 ദിവസം മാത്രമാണ് ഇനി ലോകകപ്പില്‍ ട്രിയോണ്ട ഉരുളാൻ അവശേഷിക്കുന്നത്, എന്നാല്‍ ആരാധകരുടെ ആശങ്കകള്‍ പരിഹരിക്കാൻ ട്രമ്പ് ഭരണകൂടത്തിന് കഴിയുമോയെന്നതാണ് ചോദ്യം.