വിദേശത്ത് വെല്ലുവിളി, സ്വദേശത്ത് പരുക്ക്; ആർസിബിക്ക് മുന്നിലുള്ളത് വലിയ ചലഞ്ച്; പടിക്കല്‍ ഉടയുമോ സ്വപ്നകിരീടം?

Published : May 17, 2025, 12:11 PM IST
വിദേശത്ത് വെല്ലുവിളി, സ്വദേശത്ത് പരുക്ക്; ആർസിബിക്ക് മുന്നിലുള്ളത് വലിയ ചലഞ്ച്; പടിക്കല്‍ ഉടയുമോ സ്വപ്നകിരീടം?

Synopsis

ഇന്ത്യ-പാകിസ്ഥാൻ അതിര്‍ത്തി സംഘര്‍ഷവും തുട‍ര്‍ന്നുണ്ടായ ഇടവേളയുമെല്ലാം ബെംഗളൂരുവിന്റെ വിജയക്കുതിപ്പിന് തടയിടുമോയെന്നതാണ് ആരാധകരുടെ നെഞ്ചിലെ തീ

മൂന്ന് മത്സരം ബാക്കി നില്‍ക്കെ പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ച സംഘം. 16 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്ത്യ-പാകിസ്ഥാൻ അതിര്‍ത്തി സംഘര്‍ഷവും തുട‍ര്‍ന്നുണ്ടായ ഇടവേളയുമെല്ലാം ബെംഗളൂരുവിന്റെ വിജയക്കുതിപ്പിന് തടയിടുമോയെന്നതാണ് ആരാധകരുടെ നെഞ്ചിലെ തീ. 

ടൂര്‍ണമെന്റിന്റെ പുതുക്കിയ മത്സരക്രമവും അതിനോടൊപ്പം എത്തിയ അന്താരാഷ്ട്ര കലണ്ടറും താരങ്ങളുടെ കാര്യത്തില്‍ ബെംഗളൂരുവിന് മുന്നില്‍ വലിയൊരു പ്രതിസന്ധിയാണ് ഒരുക്കിയിരിക്കുന്നത്. ഇതുമാത്രമല്ല, സുപ്രധാന താരങ്ങളുടെ പരുക്കും വില്ലനായുണ്ട്. വിജയസംഘത്തില്‍ വലിയൊരു മാറ്റം തന്നെയുണ്ടായേക്കും. ഈ വെല്ലുവിളികള്‍ വരും മത്സരങ്ങളില്‍ ബെംഗളൂരു എങ്ങനെ അതിജീവിക്കും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളുമായാണ് ബെംഗളൂരുവിന്റെ അവസാന ലീഗ് മത്സരങ്ങള്‍. 11 പോയിന്റുള്ള കൊല്‍ക്കത്തയ്ക്കും 10 പോയിന്റുള്ള ലക്നൗവിനും അവശേഷിക്കുന്ന കളികള്‍ ജീവന്മരണ പോരാട്ടങ്ങളാണ്. എല്ലാം ജയിക്കാനായാല്‍ ഇരുവര്‍ക്കും പ്ലേ ഓഫ് സാധ്യതയുമുണ്ട്. പുറത്തായെങ്കിലും സീസണ്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹൈദരാബാദും.അതുകൊണ്ട് ബെംഗളൂരുവിന് മൂന്ന് ടീമില്‍ നിന്നും നല്ലൊരു ഫൈറ്റ് തന്നെ പ്രതീക്ഷിക്കാം. 

ബെംഗളൂരുവിന് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് പേസ് ബൗളറും ഓസീസ് താരവുമായ ജോഷ് ഹേസല്‍വുഡിന്റെ അഭാവമായിരിക്കും. പോയ സീസണിലെ ബൗളിംഗ് പോരായ്മകള്‍ക്ക് ഹേസല്‍വുഡിലൂടെയാണ് രജത് പാട്ടിദാര്‍ പരിഹാരം കണ്ടത്. 10 കളികളില്‍ നിന്ന് 18 വിക്കറ്റുമായി സീസണില്‍ പര്‍പ്പിള്‍ ക്യാപ് പോരില്‍ മൂന്നാമതുണ്ട് താരം. 

ഷോള്‍ഡര്‍ ഇഞ്ചുറി മൂലം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ വലം കയ്യൻ പേസര്‍ കളിച്ചിരുന്നില്ല. പകരം ലുംഗി എൻഗിഡിയായിരുന്നു കളത്തിലെത്തിയത്. പരുക്കുണ്ടായിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസീസ് ടീമില്‍ ഹേസല്‍വുഡിനെ ഉള്‍പ്പെടുത്തി. പൂര്‍ണമായും കായികക്ഷമത വീണ്ടെടുക്കാനുള്ള അവസരമാണ് ഹേസല്‍വുഡിന് മുന്നിലുള്ളത്. 

അതുകൊണ്ട് ബെംഗളൂരുവിന്റെ അവശേഷിക്കുന്ന മത്സരങ്ങളില്‍ താരം മൈതാനത്ത് എത്തിയേക്കില്ലെന്നാണ് സൂചന. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാഗമാണ് എൻഗിഡി. ലീഗ് ഘട്ടത്തിനപ്പുറം എൻഗിഡിയേയും പ്രതീക്ഷിക്കേണ്ടതില്ല.

നായകൻ പാട്ടിദാറിന്റെ കാര്യത്തിലും വ്യക്തയില്ല. ചെന്നൈക്കെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പാട്ടിദാറിന് പരുക്കേറ്റിരുന്നു. ലക്നൗവിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല. താരത്തിന്റെ കായികക്ഷമതയില്‍ ക്യത്യമായൊരു ചിത്രം ഇതുവരെ ലഭിച്ചില്ല.

പാട്ടിദാറിനൊപ്പം ബാറ്റിങ്ങില്‍ മറ്റൊരു ശൂന്യത സൃഷ്ടിക്കുന്നത് ദേവദത്ത് പടിക്കലിന്റെ അസാന്നിധ്യമാണ്. പരുക്കുമൂലെ പടിക്കലിന് സീസണ്‍ തന്നെ നഷ്ടമായിരിക്കുകയാണ്. സീസണിലുടനീളം മൂന്നാം നമ്പറിലെത്തിയ പടിക്കല്‍ 150 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയിരുന്നത്. ഓപ്പണിങ് സഖ്യത്തിന്റെ ടെമ്പോ തുടരാനുള്ള നിയോഗം താരത്തിനായിരുന്നു. പാട്ടിദാറും പടിക്കലും ഇല്ലാത്തത് ബെംഗളൂരുവിന്റെ മധ്യനിരയെ ദുര്‍ബലമാക്കും.

ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബെഥല്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മാത്രമായിരിക്കും ടീമിന്റെ ഭാഗമാകുക. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയില്‍ ബെഥല്‍ ഉള്‍പ്പെട്ടതാണ് കാരണം. എന്നാല്‍ സാള്‍ട്ട് ടൂര്‍ണമെന്റിലുടനീളം ടീമിനൊപ്പമുണ്ടാകും. വിൻഡീസിനെതിരായ ട്വന്റി 20 ടീമില്‍ മാത്രമാണ് സാള്‍ട്ട് ഭാഗമായിട്ടുള്ളത്. സാള്‍ട്ടിന് പകരക്കാരനായാണ് ബെഥല്‍ ഇലവിനിലെത്തിയിരുന്നത്, ഇവിടെ വലിയ തിരിച്ചടി ബെംഗളൂരുവിനില്ലെന്ന് പറയാം.

വിൻഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രത്യേക അനുമതിയുള്ളതിനാല്‍ റൊമാരിയോ ഷെപ്പേ‍ഡിന്റെ സേവനം ബെംഗളൂരുവിനുണ്ടാകും. ഓസീസ് താരം ടിം ‍ഡേവിഡും ഫിനിഷര്‍ റോളില്‍ തുടരും. മധ്യനിരയുടെ പോരായ്മകള്‍ നികത്തേണ്ട ഉത്തരവാദിത്തം ഇരുവര്‍ക്കുമുണ്ടാകും.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?