എന്താണ് ബ്രോങ്കൊ ടെസ്റ്റ്; പുതിയ നീക്കം രോഹിതിനെ ലക്ഷ്യമിട്ടോ?

Published : Aug 27, 2025, 04:29 PM IST
Rohit Sharma

Synopsis

കഴിഞ്ഞ ജൂണില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ട്രെങ്ത് ആൻഡ് ഫിറ്റ്നസ് പരിശീലകനായി ചുമതലയേറ്റ അഡ്രിയാൻ ലെ റൂക്‌സാണ് ബ്രോങ്കൊ ടെസ്റ്റിലേക്ക് ചുവടുമാറ്റാനുള്ള നി‍ര്‍ദേശത്തിന് പിന്നില്‍

താരങ്ങളുടെ കായികക്ഷമത‍യുടെ നിലവാരം ഉയര്‍ത്തുക, ഇന്ത്യൻ ക്രിക്കറ്റിന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ട് പരിശോധിച്ചാല്‍, ഏറ്റവും പ്രാധാന്യം നല്‍കുന്ന ഘടകങ്ങളിലൊന്നാണിത്. 2017-ല്‍ വിരാട് കോലി നായകനായിരിക്കെ നി‍‍ര്‍ബന്ധമാക്കിയ യൊ-യൊ ടെസ്റ്റായിരുന്നു ആദ്യ ചുവട്. അന്നത്തെ സ്ട്രെങ്തനിങ് കോച്ചായിരുന്ന ശങ്ക‍ര്‍ ബസുവാണ് ആ വലിയമാറ്റത്തിന് കാരണമായതും. വര്‍ഷങ്ങള്‍ക്കിപ്പുറം താരങ്ങളുടെ കായികക്ഷമത അടുത്ത തലത്തിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ. ബ്രോങ്കൊ ടെസ്റ്റുകൂടി ഫിറ്റ്നസ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് നീക്കം. നിലവിലുള്ള യൊ-യൊ ടെസ്റ്റിനും രണ്ട് കിലോ മീറ്റ‍ര്‍ ടൈം ട്രയലിനും പുറമയാണിത്.

എന്താണ് ബ്രോങ്കൊ ടെസ്റ്റ്, ഇത് യോ-യോ ടെസ്റ്റില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാണ്, രോഹിത് ശര്‍മയും ചേര്‍ത്ത് പുറത്ത് വരുന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോ, പരിശോധിക്കാം.

കഴിഞ്ഞ ജൂണില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ട്രെങ്ത് ആൻഡ് ഫിറ്റ്നസ് പരിശീലകനായി ചുമതലയേറ്റ അഡ്രിയാൻ ലെ റൂക്‌സാണ് ബ്രോങ്കൊ ടെസ്റ്റിലേക്ക് ചുവടുമാറ്റാനുള്ള നി‍ര്‍ദേശത്തിന് പിന്നില്‍. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലും ഇംഗ്ലണ്ട് പരമ്പരയ്ക്കിടയിലുമെല്ലാം ഇന്ത്യൻ താരങ്ങളുടെ, പ്രത്യേകിച്ചും പേസര്‍മാരുടെ കായികക്ഷമത ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. ഇതിനുപിന്നാലെയാണ് ബിസിസിഐയുടെ നീക്കം.

ഏറ്റവും കഠിനമായ ഫിറ്റ്നസ് ടെസ്റ്റുകളിലൊന്നായാണ് ബ്രോങ്കൊ ടെസ്റ്റിനെ വിലയിരുത്തപ്പെടുന്നത്. ക്രിക്കറ്റിനേക്കാള്‍ കായിക അധ്വാനം ആവശ്യമായുള്ള റഗ്ബി താരങ്ങള്‍ക്കായി വികസിപ്പിച്ചെടുത്തിട്ടുള്ള രീതിയാണിത്. ശ്വാസകോശത്തിനും ഹൃദയത്തിനും സമ്മര്‍ദം നല്‍കുകയും അതിനെ എങ്ങനെ അതിജീവിക്കുന്നുവെന്നത് അടിസ്ഥാനമാക്കിയാണ് താരങ്ങളുടെ കായികക്ഷമത അളക്കുന്നത്.

ബ്രോങ്കൊ ടെസ്റ്റ് പൂര്‍ത്തിയാക്കണമെങ്കില്‍ അത്യധികം കായികക്ഷമത ആവശ്യമാണെന്നാണ് വിദഗ്ധ‍ര്‍ പറയുന്നത്. 20 മീറ്റര്‍, 40 മീറ്റര്‍, 60 മീറ്റര്‍ എന്നിങ്ങനെ ഒറ്റ സ്ട്രെച്ചില്‍ മൂന്ന് പോയിന്റുകളാണ് ബ്രോങ്കൊ ടെസ്റ്റിനുള്ളത്. ആദ്യം 20 മീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി പൂര്‍ത്തിയാക്കണം, ശേഷം 40 മീറ്ററും ഇതേ രീതിയില്‍ പിന്നീട് 60 മീറ്ററിലും ഇത് ആവ‍ര്‍ത്തിക്കണം. ഇതാണ് ബ്രോങ്കൊ ടെസ്റ്റിലെ ഒരു സെറ്റ്, ഇങ്ങനെ അഞ്ച് സെറ്റുകള്‍ ഇടവേളകളെടുക്കാതെ ഓടി പൂര്‍ത്തിയാക്കണം. 1200 മീറ്ററാണ് മുഴുവൻ ദൂരം, ഒരു സെറ്റ് 240 മീറ്ററും. ആറ് മിനുറ്റാണ് അനുവദിച്ചിട്ടുള്ള സമയം.

ഇനി യൊ-യൊ ടെസ്റ്റില്‍ നിന്ന് എത്രത്തോളം ഇത് വ്യത്യസ്തമാകുന്നുവെന്ന് നോക്കാം. യൊ-യൊ ടെസ്റ്റില്‍ 20 മീറ്ററിന്റെ ഒരു പോയിന്റ് മാത്രമാണുള്ളത്. അങ്ങോട്ടും ഇങ്ങോട്ടം ഓടി പൂര്‍ത്തിയാക്കണം, അങ്ങനെ 40 മീറ്റര്‍, ഇതാണ് ഒരു ഷട്ടില്‍. ഇതിന് ശേഷം പത്ത് സെക്കൻഡ് ഇടവേളയെടുക്കാം. ആദ്യ ഷട്ടിലിന്റെ സ്പീഡ് ലെവല്‍ അഞ്ചാണ്. രണ്ടാം സ്പീഡ് ലെവല്‍ ഒൻപതാണ്, ഇവിടെയും ഒരു തവണ ഓട്ടം പൂര്‍ത്തിയാക്കിയാല്‍ മതിയാകും. സ്പീഡ് ലെവല്‍ 12ന് മൂന്നും 13ന് നാലും ഷട്ടിലുകളുണ്ടാകും. 14 മുതല്‍ എട്ട് ഷട്ടിലുകളാണ്. 23 ആണ് പരമാവധി സ്പീഡ് ലെവല്‍.

ഓരോ സ്പീഡ് ലെവലും നിശ്ചയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കും, മൂന്ന് മുന്നറിയിപ്പുകളാണ് ഒരു താരത്തിനുള്ളത്. ഒരു താരം ഓടി തളരുകയോ തന്റെ വേഗത സ്ഥിരതയോടെ നിലനിര്‍ത്താൻ ആകാത്ത സാഹചര്യത്തിലുമെത്തുമ്പോഴാണ് ടെസ്റ്റ് അവസാനിക്കുന്നത്. യൊ-യൊ ടെസ്റ്റ് പാസാകണമെങ്കില്‍ നിലവില്‍ ഇന്ത്യയില്‍ നേടേണ്ട സ്കോര്‍ 17.1 ആണ്. ഓരോ രാജ്യങ്ങള്‍ക്കും ഇത് വ്യത്യസ്തമാണ്.

ബ്രോങ്കൊ ടെസ്റ്റിനും യൊ-യൊ ടെസ്റ്റിനും പുറമെയുള്ള രണ്ട് കിലോമീറ്റര്‍ ടൈം ട്രയല്‍. ഇവിടെ സമയപരിധി പേസ് ബൗളര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും വ്യത്യസ്തമാണ്. പേസ് ബൗളര്‍മാര്‍ രണ്ട് കിലോ മീറ്റര്‍ എട്ട് മിനുറ്റിലും 15 സെക്കൻഡിലും ഓടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബാറ്റര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍, സ്പിന്നര്‍മാര്‍ എന്നിവര്‍ക്ക് എട്ട് മിനുറ്റും 30 സെക്കൻഡുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.

വിവാദത്തിലേക്ക് വരാം, ബ്രോങ്കൊ ടെസ്റ്റ് അവതരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പലകോണില്‍ നിന്നും ഉയര്‍ന്ന ആശങ്കയായിരുന്നു രോഹിത് ശര്‍മയെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന്. മനോജ് തീവാരിയെപ്പോലുള്ള മുൻ താരങ്ങള്‍ ഇത് തുറന്നുപറയാനും മടിച്ചിട്ടില്ല. ശാരീരിക ക്ഷമതയുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും കളിയാക്കപ്പെടുകയും ചെയ്യുന്ന താരമാണ് ഇന്ത്യയുടെ ഏകദിന നായകൻ കൂടിയായ രോഹിത്.

രോഹിതിന്റെ കരിയര്‍ അവസാനിപ്പിക്കാനാണ് നീക്കമെന്ന് പറയുന്നതിന് പിന്നില്‍ ചില ഉദാഹരണങ്ങളുമുണ്ട്. 2017ല്‍ യൊ-യൊ ടെസ്റ്റ് അവതരിപ്പിച്ചപ്പോള്‍ 35-ാം വയസിലായിരുന്നു യുവരാജ് സിങ്, സുരേഷ് റെയ്ന മുപ്പതിലും. ഇരുവരും ടെസ്റ്റ് പരാജയപ്പെടുകയും കരിയര്‍ തുലാസിലാകുകയും ചെയ്തിരുന്നു. പല മുതിര്‍ന്ന താരങ്ങളുടേയും പടിയിറക്കത്തിനും കാരണമായി കായികക്ഷമത മാറുകയും ചെയ്തു.

ഇത് രോഹിതിന്റെ കാര്യത്തിലും ആവര്‍ത്തിക്കുമോയെന്നതാണ് പ്രധാന ആശങ്ക. എന്നാല്‍ രോഹിത് കോലിയെപ്പോലെ തന്നെ കായികക്ഷമതയുള്ള താരമാണെന്നായിരുന്നു മുൻ ഫിറ്റ്നസ് പരിശീലകൻ അങ്കിത് കാളിയാര്‍ പറഞ്ഞത്. കാഴ്ചയില്‍ പൊതുവെ നിലനില്‍ക്കുന്ന മുൻധാരണകള്‍ക്ക് അപ്പുറമാണ് രോഹിതിന്റെ ക്ഷമതയെന്നാണ് സഹതാരങ്ങള്‍ പലരും പ്രതികരിച്ചിട്ടുള്ളതും. ഇതിന് പുറമെ 2027 ലോകകപ്പ് ലക്ഷ്യമിട്ട് തീവ്രപരിശീലനത്തിലുമാണ് രോഹിത്.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?