ഗംഭീറിനെക്കൊണ്ട് പറ്റില്ലെ ടെസ്റ്റ് ഫോർമാറ്റ്? ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകള്‍

Published : Aug 21, 2026, 04:31 PM IST
Shubman Gill

Synopsis

ഗാലെ ടെസ്റ്റിലെ ഇന്ത്യയുടെ വിജയം പോയിന്റ് ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ്. ന്യൂസിലൻഡിനെതിരെ എവെ പരമ്പര, രണ്ട് ടെസ്റ്റുകള്‍

ഗൗതം ഗംഭീറിന്റെ അവസാനിക്കാത്ത പരീക്ഷണങ്ങളും സമീപനങ്ങളും, പ്രോപ്പര്‍ നമ്പര്‍ ത്രീ ബാറ്റര്‍ ഇല്ലാത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ മതിയായ പാഠവമില്ലാതെ ടീമിലേക്ക് ഡയറക്റ്റ് എൻട്രി ലഭിച്ചവര്‍, യുവതാരങ്ങളാല്‍ മാത്രം സമ്പന്നമായ പേസ് നിര. ചില താരങ്ങള്‍ക്ക് മാത്രം ലോങ് റണ്‍ ലഭിക്കുകയും മറ്റുള്ളവ‍ര്‍ക്ക് അത് നിഷേധിക്കപ്പെടുകയും ചെയ്യുന്നത്..ജനറേഷണല്‍ ടാലന്റായ ജസ്പ്രിത് ബുമ്രയുടെ പരിക്കുമൂലമുള്ള പരിമിധികള്‍...രോഹിത് ശര്‍മ, വിരാട് കോഹ്ലി, ചേതേശ്വ‍ര്‍ പൂജാര, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ പൊടുന്നനെയുള്ള പടിയിറക്കം...പരിവര്‍ത്തന ഘട്ടം...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് പിന്നിലാണ് ഇന്ത്യ. അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ന്യായീകരിക്കാൻ മേല്‍പ്പറഞ്ഞതൊന്നും മതിയാകില്ല. കാരണമുണ്ട്. 10 ടെസ്റ്റുകള്‍, അഞ്ച് ജയം, നാല് തോല്‍വി, ഒരു സമനില. 64 പോയിന്റ്. ശതമാനം 53.3. നാല് തോല്‍വികളില്‍ രണ്ടെണ്ണം ഇംഗ്ലണ്ട് പര്യടനത്തില്‍. മറ്റ് രണ്ടണ്ണം സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ. ഏത് സ്ക്വാഡിനെക്കൊണ്ടും സ്വന്തം മൈതാനങ്ങളില്‍ ഇന്ത്യക്ക് ജയിക്കാൻ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു...

എന്നാല്‍ സ്ഥിതി ഇന്ന് വ്യത്യസ്തമാണ്. ന്യായീകരണങ്ങള്‍ മതിയാകില്ലെന്നതിന്റെ കാരണവും ഇതാണ്. ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റുകൂടി കഴിഞ്ഞാല്‍ ഇനി രണ്ട് സീരീസുകള്‍ മാത്രമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്ക് ബാക്കിയുള്ളത്. ഫൈനലിലേക്ക് എത്താൻ ശുഭ്മാൻ ഗില്ലിന്റെ സംഘത്തിന് സാധ്യതകളുണ്ടോ.

ഗാലെ ടെസ്റ്റിലെ ഇന്ത്യയുടെ വിജയം പോയിന്റ് ശതമാനം 48.15ല്‍ നിന്ന് 53.33ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ്. ന്യൂസിലൻഡിനെതിരെ എവെ പരമ്പര, രണ്ട് ടെസ്റ്റുകള്‍. ശേഷം ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം, അഞ്ച് മത്സരം. ആകെ എട്ട് ടെസ്റ്റുകളാണ് ചാമ്പ്യൻഷിപ്പ് സൈക്കിളില്‍ ഇന്ത്യക്ക് അവശേഷിക്കുന്നത്.

കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളില്‍ ഫൈനലില്‍ എത്തിയത് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ പോയിന്റ് ശതമാനം 69.4ഉം ഓസ്ട്രേലിയയുടേത് 67.54ഉം ആയിരുന്നു. നിലവില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 53.3 ആണ്. കുറഞ്ഞത് 60 ശതമാനത്തിലേക്ക് എങ്കിലും എത്തണമെങ്കില്‍ 66 പോയിന്റ് ഇന്ത്യക്ക് ആവശ്യമാണ്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയിന്റ് ഡിസ്ട്രിബ്യൂഷൻ നോക്കാം. ജയത്തിന് 12 പോയിന്റ്, ടൈ ആയാല്‍ ആറ് പോയിന്റ്, സമനിലയെങ്കില്‍ നാല് പോയിന്റ്, പരാജയപ്പെട്ടാല്‍ പൂജ്യം. പോയിന്റ് ശതമാനം കണക്കാക്കുന്നത്, പോയിന്റ്സ് വണ്‍ ഡിവൈഡെഡ് ബൈ പോയിന്റ്സ് കോണ്ടസ്റ്റഡ് ഇന്റു 100 എന്ന ഇക്വേഷനിലാണ്. അതായത് ഇന്ത്യ 10 ടെസ്റ്റുകളാണ് കളിച്ചത്, ആകെ 120 പോയിന്റ്. ഇന്ത്യക്ക് ഇവിടെ നേടാനായത് 64 പോയിന്റാണ്. 64നെ 120കൊണ്ട് ഹരിച്ച ശേഷം 100 കൊണ്ട് ഗുണിച്ചാല്‍ ഇന്ത്യയുടെ ശതമാനം ലഭ്യമാകും.

മേല്‍പ്പറഞ്ഞ 66 പോയിന്റ് എന്ന കടമ്പ കടക്കാൻ ഇന്ത്യക്ക് അവശേഷിക്കുന്ന എട്ട് മത്സരങ്ങളില്‍ അഞ്ച് എണ്ണം ജയിക്കുകയും രണ്ട് സമനിലയും നേടിയാല്‍ മതിയാകും, അപ്പോള്‍ 68 പോയിന്റ് ലഭിക്കും. ആറ് ജയമാണെങ്കില്‍ 72 പോയിന്റ്. 68 പോയിന്റാണ് ഇന്ത്യക്ക് ലഭിക്കുന്നതെങ്കില്‍ പോയിന്റ് ശതമാനം 61ലേക്ക് എത്തിക്കാം. മറിച്ച് 72 ആണെങ്കില്‍ ഒരു ശതമാനം കൂടിയെ ഉയര്‍ത്താൻ കഴിയു. പക്ഷേ, ഇതൊരു സുരിക്ഷിതമായ സംഖ്യയല്ല. അവശേഷിക്കുന്ന എട്ടില്‍ ഏഴില്‍ ജയിച്ചാലാണ് 68 ശതമാനത്തിലേക്ക് ഇന്ത്യക്ക് ഉയരാനാകുക.

പക്ഷേ, ഇവിടെ ഏറ്റവും വലിയ വെല്ലുവിളികള്‍ എതിരാളികള്‍ തന്നെയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടം നേടിയ ഓസ്ട്രേലിയയും ന്യൂസിലൻഡും. കിവീസിനെതിരായ പരമ്പര അവരുടെ മണ്ണിലാണ്, ഇന്ത്യക്ക് എളുപ്പമാകില്ല. ഓസ്ട്രേലിയയെ സംബന്ധിച്ച് ഇന്ത്യയിലെ മൈതാനങ്ങള്‍ സുപരിചതമല്ലാത്തതുമല്ല. ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനും ഇന്ത്യയെ ക്ലീൻ സ്വീപ്പ് ചെയ്യാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഓസ്ട്രേലിയയെ അനായാസം കീഴടക്കാൻ കഴിയുമെന്ന് ഉറപ്പിച്ച് പറയാനാകില്ല.

അതിനാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ വിരളമാണ്. ഒരു വീഴ്ചപോലും വഴി തടയും. ഓരോ പന്തും നിര്‍ണായകമാണെന്ന് ചുരുക്കം.

PREV
Read more Articles on
click me!

Recommended Stories

യുണൈറ്റഡ് ആവര്‍ത്തിക്കുമോ? ഗ്വാര്‍ഡിയോളയുടെ പരിഹരിക്കാൻ മാഞ്ചസ്റ്റർ സിറ്റി
അക്സറും കുല്‍ദീപും ഔട്ട്; രവീന്ദ്ര ജഡേജയുടെ പിൻഗാമിയാകാൻ മാനവ് സുതാർ