
പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 37-ാം ഓവറിലെ ആദ്യ പന്തൊരു ഓഫ് കട്ടറായിരുന്നു. ഡിവാള്‍ഡ് ബ്രെവിസ് കാത്തിരുന്ന് ആ പന്തില്‍ ലോങ് ഓഫിന് മുകളിലൂടെ ഒരു സിക്‌സര്‍ നേടുന്നു. ദക്ഷിണാഫ്രിക്ക അനായാസം വിജയലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. റായ്‌പൂര്‍ ഗ്യാലറി നിശബ്ദമാണ്, രോഹിത് ശര്‍മയും വിരാട് കോഹ്ലിയും നിരാശയോടെ തലകുലുക്കുന്നു. ജസ്പ്രിത് ബുമ്രയേയൊ മുഹമ്മദ് ഷമിയേയൊ അല്ലെങ്കില്‍ മുഹമ്മദ് സിറാജിനെയോ ആ നിമിഷം ഓര്‍ക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. എന്തുകൊണ്ട് അവര്‍ ഈ ടീമില്‍ ഇല്ല, ഫിറ്റ്നസ്, വിശ്രമം - എന്നീ വാക്കുകള്‍ നിരത്തി ഉത്തരം നല്‍കാൻ കഴിയില്ല, കാരണമുണ്ട്.
റായ്‌പൂരിലെ മഞ്ഞ് പൊടിയുന്ന രാത്രിയില്‍ ഒന്നും എളുപ്പമായിരുന്നില്ല. പക്ഷേ, അവിടെ പത്ത് ഓവറില്‍ 54 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടാൻ അര്‍ഷദീപ് സിങ്ങെന്ന ഇടം കയ്യൻ പേസര്‍ക്ക് സാധിച്ചു. എന്തുകൊണ്ട്, പന്തിലെ നിയന്ത്രണം. ക്രിക്കറ്റില്‍ പ്രതികൂല സാഹചര്യങ്ങളിലാണ് താരങ്ങളുടെ ക്വാളിറ്റി പുറത്തുവരുന്നത് എന്ന് പറയാറുണ്ട്. ഹര്‍ഷിത് റാണ പത്ത് ഓവറില്‍ വഴങ്ങിയത് 70 റണ്‍സാണ്. നാല് വൈഡ്, ആറ് ഫോറും രണ്ട് സിക്സും. പ്രസിദ്ധ് 8.2 ഓവറില്‍ 85 റണ്‍സ് വിട്ടുകൊടുത്തു. ആകെ 10 ബൗണ്ടറികളാണ് പ്രസിദ്ധിനെതിരെ പ്രോട്ടിയാസ് ബാറ്റര്‍മാര്‍ നേടിയത്.
ഇംഗ്ലണ്ട് പര്യടനത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ബൗളര്‍മാരെ മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ ന്യായീകരിച്ചത്, യുവതാരങ്ങളാണ് സമയം നല്‍കണമെന്നാണ്. വിദേശപര്യടനമായതുകൊണ്ട് അത് ശരിവെക്കാൻ തയാറായി, പക്ഷേ സ്വന്തം നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. കരിയറില്‍ 234 മത്സരങ്ങളുടെ പരിചയമുണ്ട് പ്രസിദ്ധിന്. 2023 മുതല്‍ 25 വരെ ആറ് ഏകദിനങ്ങളാണ് കളിച്ചത്, നേടിയത് എട്ട് വിക്കറ്റ് മാത്രം. വിട്ടുകൊടുത്ത റണ്‍സും എക്കണോമിയും കണ്ടാല്‍ നെറ്റി ചുളിക്കേണ്ടി വരും. 42.4 ഓവറില്‍ 329 റണ്‍സ്, എക്കണോമി 7.75. ട്വന്റി 20യല്ല, ഏകദിനമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.
ഒരു വിക്കറ്റ് ടേക്കര്‍ എന്നതാണ് ഹര്‍ഷിതിനെ തുണയ്ക്കുന്ന ഘടകം. പത്ത് ഏകദിനങ്ങളില്‍ നിന്ന് 20 വിക്കറ്റുകള്‍ നേടി. 2027 ഏകദിന ലോകകപ്പ് നടക്കുന്ന ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സി വിക്കറ്റുകള്‍ക്കായാണ് ഹര്‍ഷിതിനേയും പ്രസിദ്ധിനേയും നിരന്തരം ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് പൊതുവില്‍ ഉയരുന്ന വാദം. പക്ഷേ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ പുലര്‍ത്തുന്ന, തെളിയിച്ചിട്ടുള്ള മികവ് ആവര്‍ത്തിക്കാൻ ഇരുവര്‍ക്കും സാധിക്കുന്നുണ്ടോയെന്നതാണ് ആശങ്കയായി നിലനില്‍ക്കുന്നത്.
മുഹമ്മദ് ഷമി എന്തുകൊണ്ട് ഇന്ത്യൻ നിരയിലേക്ക് മടങ്ങിയെത്തുന്നില്ല. ഷമിയുടെ ക്വാളിറ്റിയില്‍ തര്‍ക്കമില്ലെന്നും ശാരീരികക്ഷമതയാണ് പ്രശ്നമെന്നുമായിരുന്നു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ വിശദീകരണം. അഗാര്‍ക്കര്‍ ഈ പ്രതികരണം നടത്തുമ്പോള്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിനായി പന്തുകൊണ്ട് തിളങ്ങുകയാണ് ഷമി. ഇതെ തുടര്‍ന്ന് ഇരുവരും തമ്മിലൊരു തുറന്ന് പോരുവരെ സംഭവിച്ചു.
രഞ്ജിയില്‍ നാല് മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകള്‍ ഷമി നേടി. നിലവില്‍ സെയ്‌ദ് മുഷ്താഖ് അലി ട്രോഫിയിലും ബംഗാളിനായി താരം പന്തെറിയുന്നുണ്ട്. ഷമിയുടെ അവസാന ഒൻപത് ആഭ്യന്തര മത്സരങ്ങളെടുത്താല്‍ വിക്കറ്റ് വീഴ്ത്താതിരുന്നത് ഒരു മത്സരത്തില്‍ മാത്രമാണ്. ശാരീരിക ക്ഷമതയുടെ അഭാവമുള്ള ഒരു താരം എങ്ങനെ ആഭ്യന്തര ക്രിക്കറ്റില്‍ വിശ്രമമില്ലാതെ കളിക്കുമെന്ന് ചോദിച്ചാല്‍ എന്ത് വിശദീകരണമായിരിക്കും മാനേജ്മെന്റിന് നല്‍കാനാകുക.
ഇനി മുഹമ്മദ് സിറാജിലേക്ക് വരാം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയായിരുന്നു ഏകദിനത്തില്‍ സിറാജിന് വിശ്രമം നല്‍കാനുള്ള കാരണം. വിശ്രമ ലഭിച്ച സിറാജ്, സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഹൈദരാബാദിനായി കഴിഞ്ഞ ദിവസം പന്തെറിഞ്ഞു. നാല് ഓവറില്‍ കേവലം 15 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും നേടി. ദീര്‍ഘകാലമായി ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്ന സിറാജ് തന്റെ മികവ് തെളിയിക്കുകയായിരുന്നു യുപിക്കെതിരെ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിലും സിറാജിന് മുകളില്‍ ഹര്‍ഷിതിനെയായിരുന്നു പരിഗണിച്ചത്.
ട്വന്റി 20 ലോകകപ്പ് മുന്നില്‍ക്കണ്ട് ബുമ്രയ്ക്ക് ഫോര്‍മാറ്റില്‍ കൂടുതല്‍ സമയം അനുവദിക്കുന്ന ശൈലിയും സെലക്ടര്‍മാര്‍ പിന്തുടരുന്നുണ്ട്. അത്ര പ്രധാന്യമില്ലാതിരുന്ന വിൻഡിസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുമ്രയെ കളിപ്പിച്ച് ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി. പരമ്പര ഇന്ത്യക്ക് നഷ്ടവുമായി. ബുമ്രയുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, മറിച്ചാകുമായിരുന്നു കാര്യങ്ങള്‍. ഇതുതന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സംഭവിച്ചത്. ബുമ്രയുടെ അഭാവത്തില്‍ ഷമിക്കൊ സിറാജിനോ അവസരം ഒരുങ്ങിയിരുന്നെങ്കിലും മത്സരഫലം വ്യത്യസ്തമായേനെ.
2026 ട്വന്റി 20 ലോകകപ്പിന് ശേഷം ബുമ്ര ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമായേക്കും. എന്നാല്‍, സിറാജിന്റേയും ഷമിയുടേയും കാര്യത്തില്‍ ഒരു വ്യക്തത നല്‍കാൻ സെലക്ടര്‍മാരുടെ ഒരു തീരുമാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.