വിനീഷ്യസിനെ കൂവി തോല്‍പ്പിക്കുന്ന റയല്‍ മാഡ്രിഡ് ആരാധകര്‍, എന്താണിത്ര ദേഷ്യം?

Published : Sep 17, 2026, 01:40 PM IST
Vinicius Junior

Synopsis

സാബിയുടെ പടിയിറക്കത്തിന് പിന്നാലെയുള്ള റയലിന്റെ ആദ്യ മത്സരത്തില്‍ വിനിയുടെ കാലുകളിലേക്ക് പന്തെത്തിയപ്പൊഴെല്ലാം ബെര്‍ണബ്യു കൂകിയാര്‍ക്കുകയായിരുന്നു

വിനീഷ്യസ് റയല്‍ മാഡ്രിഡിന്റെ അഭിവാജ്യ ഘടകമാണ്, അത് തുടരും. ബെര്‍ണബ്യു അയാള്‍ക്കായി വൈകാതെ കയ്യടിക്കും, കഴിഞ്ഞ ജനുവരിയില്‍ റയലിന്റെ മാനേജറായിരിക്കെ സാബി അലോൻസോ നടത്തിയ പ്രതികരണമാണ്. കാരണം, ലാലിഗയില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിനിടെ വിനീഷ്യസിനെതിരെ ഒരുകൂട്ടം റയല്‍ ആരാധകര്‍ കൂവിയാർത്തതായിരുന്നു.

അലോൻസൊ പറഞ്ഞതുപോലെ ബെര്‍ണബ്യൂ വിനിക്കായി കയ്യടിച്ചോ? ഇല്ല. സാബി അലോൻസൊ പടിയിറങ്ങി, ശേഷം ആല്‍വാരോ ആര്‍ബലോവ വന്നു, മടങ്ങി. ഒടുവില്‍ ദ സ്പെഷ്യല്‍ വണ്‍, ഹോസെ മൗറിഞ്ഞ്യോ. എല്‍ചീക്കെതിരായ ലീഗ് മത്സരത്തിലും വിനിക്ക് നേരെ വിസിലുകള്‍ മുഴങ്ങി, സീസണ്‍ ആരംഭിച്ചതുമുതല്‍ ലോസ് ബ്ലാങ്കോസ് ആരാധകർ ബ്രസീലിയൻ താരത്തെ വെറുതെവിട്ടിട്ടില്ല...

സാബി അന്ന് സ്വീകരിച്ച നിലപാട് ഇന്ന് മൗറിഞ്ഞ്യോയ്ക്ക് ആവര്‍ത്തിക്കേണ്ടി വന്നു. കായ്ക്കുന്ന മരത്തിലെ ആളുകള്‍ കല്ലെറിയുവെന്ന പഴഞ്ചൊല്ലുമായാണ് മൗറിഞ്ഞ്യോ വിനിയെ പ്രതിരോധിക്കാൻ ഇറങ്ങിയത്. വിനി റയലിനായ ചെയ്തതൊക്കെയും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. എന്താണ് റയല്‍ ആരാധകര്‍ക്ക് വിനിയോട് ഇത്ര വിരോധം.

ക്ലബ്ബ് ഇതിഹാസമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് എതിരെ പോലും വിസിലുകള്‍ മുഴങ്ങിയിട്ടുണ്ട് ബെര്‍ണബ്യൂവിന്റെ കോണുകളില്‍ നിന്ന്. ഇന്ന് ക്ലബ്ബിന്റെ ടോപ് പ്ലയറായ കിലിയൻ എംബാപെയും ആവോളം അനുഭവിച്ചിട്ടുണ്ട് അത്. പക്ഷേ, വിനിയോട് മാത്രം അവസാനിക്കാതെ തുടരുകയാണ്. 382 മത്സരങ്ങളില്‍ നിന്ന് 129 ഗോളും 102 അസിസ്റ്റും. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കര്‍മാരുടെ പട്ടികയിലേക്ക് എത്തിക്കുന്ന സ്റ്റാറ്റ്സ്.

ഗലാക്റ്റിക്കോകളാല്‍ സമ്പന്നമായ ഒരു ക്ലബ്ബിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുക എന്നത് എളുപ്പമുള്ള ഒന്നല്ല. ക്രിസ്റ്റ്യാനൊയുടെ പടിയിറക്കത്തിന് ശേഷം ഒരു സൂപ്പര്‍ സ്റ്റാറിനായുള്ള ദാഹത്തിലായിരുന്നു ബെര്‍ണബ്യു. അവിടെ ബ്രസീലിയൻ ഫുട്ബോളിന്റെ എല്ലാ ചേരുവകകളുമായാണ് വിനീഷ്യസ് എത്തുന്നത്. പേസ്, ഡ്രിബ്ലിങ്, ക്രിയേറ്റിവിറ്റി - എല്ലാം കൊണ്ടും ക്രിസ്റ്റ്യാനൊയുടെ പകരക്കാരനെ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് അവര്‍ പൂര്‍ണമായും വിശ്വസിച്ചു.

എന്നാല്‍, വിനി സൃഷ്ടിക്കുന്ന മൊമന്റുകള്‍ ഗോളില്‍ മാത്രം കലാശിക്കാതെപോയ കാലമുണ്ടായിരുന്നു. പ്രത്യേകിച്ചും 2020-21 സീസണില്‍. ഇരുപതോളം മത്സരങ്ങള്‍ സ്കോര്‍ഷീറ്റില്‍ ഇടം പിടിക്കാതെ വിനി തുടര്‍ന്നു. റയലിന്റെ വിഖ്യാത ജഴ്സിയില്‍ ഒരു മുന്നേറ്റ നിര താരത്തിന്റെ കരിയര്‍ ഇത്രത്തോളം ഗോള്‍ ദാരിദ്യത്തിലേക്ക് എത്തുക എന്നത് അപൂര്‍വമാണ്. പരിശീലകരുമായുള്ള ഭിന്നതകളാണ് കാരണമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയെങ്കിലും വിനിയെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടത് മറ്റൊന്നായിരുന്നു. പരിഹാസം, മാഡ്രിഡ് ആരാധകരില്‍ നിന്നുണ്ടായ പരിഹാസം.

മാഡ്രിഡില്‍ തുടരാനുള്ള വിനിയുടെ അര്‍ഹതയെപ്പോലും ചോദ്യം ചെയ്തവരുണ്ടായി. എന്നാല്‍, കാര്‍ലൊ ആഞ്ചലോട്ടിയുടെ വരവോടെയാണ് എല്ലാം മാറിമറിയുന്നത്. ഡ്രിബിളുകള്‍ ഗോളുകളായി പരിണമിച്ചുതുടങ്ങി, 2022 ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ ഗോള്‍.

ഈ ഘട്ടത്തില്‍ തന്നെയാണ് സ്പാനിഷ് മൈതാനങ്ങളില്‍ നിന്ന് വംശീയ അധിക്ഷേപങ്ങള്‍ നേരിട്ടുകൊണ്ടേയിരുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പൊട്ടിക്കരഞ്ഞ വിനിയുടെ ദൃശ്യങ്ങള്‍ ഫുട്ബോളിലെ തന്നെ ഓര്‍ക്കാനാഗ്രഹിക്കാത്ത അധ്യായങ്ങളിലൊന്നാണ്. ക്ലബ്ബിന്റേയും ആരാധകരുടേയും പൂര്‍ണമായുള്ള പിന്തുണ വിനിയെ ആത്മവിശ്വാസം വീണ്ടെടുക്കാൻ പ്രാപ്തമാക്കുകയും ചെയ്തു.

2023-24 സീസണില്‍ 24 ഗോളുകളും 11 അസിസ്റ്റും നേടി. ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെയും ഗോള്‍. വിനിയും റയല്‍ ആരാധകരും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്ന കാലം. എന്നാല്‍ ആ വര്‍ഷം ബലോണ്‍ ഡി ഓര്‍ നഷ്ടമായത് താരത്തെ ബാധിച്ചതുപോലെയായിരുന്നു പിന്നീടുള്ള മത്സരങ്ങള്‍. വീണ്ടും ഗോള്‍ വരള്‍ച്ചയിലേക്ക്.

സീസണില്‍ 58 മത്സരങ്ങളില്‍ നിന്ന് 22 ഗോള്‍ മാത്രം, 19 അസിസ്റ്റുമുണ്ടായി. 41 ഗോള്‍ കോണ്‍ട്രിബ്യൂഷൻ ചെറിയ സ്റ്റാറ്റസല്ല, പക്ഷേ റയല്‍ ആരാധകരെ സംബന്ധിച്ച് അങ്ങനെയല്ല. ചാമ്പ്യൻസ് ലീഗ് നോക്കൗട്ടില്‍ ഒരു ഗോളുമായിരുന്നു സൂപ്പര്‍ താരത്തിന്റെ പേരിലുണ്ടായിരുന്നത്. ബലോണ്‍ ഡി ഓര്‍ നേടാനായിരുന്നെങ്കില്‍ വിനിയുടെ ക്ലബ്ബ് സ്റ്റാറ്റസ് തന്നെ മറ്റൊരു തലത്തിലേക്ക് എത്തുമായിരുന്നു. സാബി അലോൻസോയുമായുള്ള ഭിന്നതകളാണ് ആരാധകരെ വിനിയില്‍ നിന്ന് ഏറെക്കുറെ പൂര്‍ണമായും തന്നെ അകറ്റിയത്.

റയല്‍ മാഡ്രിഡിന്റെ ഇതിഹാസങ്ങളില്‍ ഒരാളാണ് സാബി, അയാള്‍ക്ക് ക്ലബ്ബിനോടുള്ള പാഷൻ എടുത്ത് പറയേണ്ടതില്ല, ഒപ്പം സ്പെയിനിനൊപ്പം ലോകകിരീടം നേടിയ സംഘത്തിലെ അംഗം. അതുകൊണ്ട് വിനിക്ക് മുകളില്‍ തന്നെയായിരുന്നു റയല്‍ ആരാധകര്‍ക്ക് സാബി. എല്‍ ക്ലാസിക്കോയില്‍ സബ്ബ് ചെയ്തതിന് സാബിയോട് വിനി കയര്‍ത്ത സംഭവമൊന്നും അവര്‍ മറക്കാനുമിടയില്ല. സാബിയുടെ സിസ്റ്റം എംബാപെ കേന്ദ്രീകൃതമായിരുന്നുവെന്നതും വിനിയെ അസ്വസ്ഥനാക്കിയ ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. സാബിക്ക് കീഴില്‍ ഏഴ് ഗോളുകള്‍ മാത്രമാണ് വിനി സ്കോര്‍ ചെയ്തത്.

സാബിയുടെ പടിയിറക്കത്തിന് പിന്നാലെയുള്ള റയലിന്റെ ആദ്യ മത്സരത്തില്‍ വിനിയുടെ കാലുകളിലേക്ക് പന്തെത്തിയപ്പൊഴെല്ലാം ബെര്‍ണബ്യു കൂകിയാര്‍ക്കുകയായിരുന്നു. കാരണം മാഡ്രിഡ് ആരാധകര്‍ക്ക് സാബിയില്‍ അത്രത്തോളം വിശ്വാസമുണ്ടായിരുന്നുവെന്നത് തന്നെ. സാബി ക്ലബ്ബ് വിടാനുള്ള കാരണമായി ഒരുവിഭാഗം ഇന്നും വിനിയെയാണ് കാണുന്നത്പോലും. ശേഷം ഇതുവരെയുള്ള ബെര്‍ണബ്യൂവിലെ മത്സരങ്ങളിലെല്ലാം വിനിക്കെതിരെ ശബ്ദമുയര്‍ന്നിട്ടുണ്ട്.

ആഴ്സണലുമായുള്ള കരാര്‍ ചര്‍ച്ചകളും റയലുമായി സമവായത്തിലെത്താൻ വൈകിയതുമൊക്കെ ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് വിനിക്ക് നേടാനായിട്ടുള്ളത്. ആരാധകരെ തിരികെപ്പിടിക്കണമെങ്കില്‍ വിനിയുടെ ബൂട്ടുകള്‍ 2024ലേക്കാള്‍ മികവിലേക്ക് ഉയരേണ്ടി വരും.

PREV
Read more Articles on
click me!

Recommended Stories

നേരിട്ടത് അനീതി മാത്രം! സഞ്ജുവിന്റെ സ്ഥിരതയെ സംശയിക്കുന്നവർ അറിയേണ്ട ചില വസ്തുതകള്‍
അടിച്ച അടിയില്‍ വിമർശകർക്ക് ബട്ടർഫ്ലൈ ഇഫക്റ്റ്! ഡല്‍ഹിയില്‍ സഞ്ജുവിന്റെ ക്വന്റലടി