വീണപ്പോഴൊക്കെയും എഴുന്നേല്‍ക്കാൻ ഒരു അവസരം പോലും നല്‍കാത്തവരോട് പോരാടി പടുത്തുയര്‍ത്ത കരിയറാണ്, ഒരിക്കല്‍ക്കൂടി അയാള്‍ ഉയര്‍പ്പിനൊരുങ്ങുകയാണ്. സഞ്ജു വിശ്വനാഥ് സാംസണ്‍

എട്ട് പന്തുകള്‍ നേരിട്ടിരിക്കുന്നു, ആ പേരിന് നേര്‍ക്ക് നാല് റണ്‍സ് മാത്രം. മറുവശത്ത് അഭിഷേക് ശര്‍മയുടെ ബാറ്റ് ബീസ്റ്റ് മോഡില്‍ തുടരുകയാണ്. സമ്മർദത്തിന്റെ പിരിമുറക്കം അന്തരീക്ഷത്തില്‍ ആവോളമുണ്ട്, വൈഭവിന് വേണ്ടി വഴിമാറിക്കൊടുക്കാൻ നിർദേശിക്കുന്നുവരുണ്ട്, വിരമിക്കൂവെന്ന് പറഞ്ഞ് പരിഹസിക്കുന്നവര്‍ വേറെയും. എല്ലാം നിശബ്ദമാക്കാൻ, മറികടക്കാൻ ഒരു ഇന്നിങ്സ് മതിയാകും. ഒരു ജനതയുടെ പ്രതീക്ഷകളുടെ മുഴുവൻ ഭാരവും ചുമന്ന ബാറ്റാണ്, കരിയറിനെ നിർണയിക്കാൻ പോകുന്ന ഒരു രാത്രിയുടെ വെല്ലുവിളി അത്രത്തോളമുണ്ടാകുമോ...അത് സംഭവിച്ചെ മതിയാകു...

ഒരു പകലിന് മുൻപ് തന്റെ കരിയർ തുലാസിലേക്ക് തള്ളിവിട്ട അസ്‌മത്തുള്ള ഒമര്‍സായി. ലെഗ് സ്റ്റമ്പ് ലൈനില്‍ ഒരു ഷോര്‍ട്ട് ബോള്‍, മറുപടി ഫൈൻ ലെഗിലേക്കൊരു പുള്‍ ഷോട്ട്, ബൗണ്ടറി. വീണപ്പോഴൊക്കെയും എഴുന്നേല്‍ക്കാൻ ഒരു അവസരം പോലും നല്‍കാത്തവരോട് പോരാടി പടുത്തുയര്‍ത്ത കരിയറാണ്, ഒരിക്കല്‍ക്കൂടി അയാള്‍ ഉയര്‍പ്പിനൊരുങ്ങുകയാണ്. സഞ്ജു വിശ്വനാഥ് സാംസണ്‍.

ഒരു ഓവറിന്റെ ഇടവേളയ്ക്ക് ശേഷം ഒമ‍ര്‍സായി വീണ്ടും. മിഡില്‍ സ്റ്റമ്പിനെ ലക്ഷ്യമാക്കിയൊരു ഫുള്‍ ലെങ്ത് ഡെലിവെറി. ഫ്രണ്ട് ഫൂട്ട് ക്ലിയര്‍ ചെയ്ത് സ്ട്രെയിറ്റ് ഡൗണ്‍ ദ ഗ്രൗണ്ട് ബൗണ്ടറി. ശേഷം ഫൈൻ ലെഗിലേക്ക് ഒരു ഫ്ലിക്ക്, സിക്സ്. പിന്നാലെ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ഫുള്‍ ലെങ്ത് പന്തില്‍ കവറിന് മുകളിലൂടെയൊരു ക്ലാസിക്ക് ലോഫ്റ്റഡ് ഡ്രൈവ്. ഓവറിലെ അവസാന പന്തും ബൗണ്ടറി കടത്തി 19 റണ്‍സാണ് ഒമര്‍സായിയുടെ ഓവറില്‍ സഞ്ജു സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.

ഓവര്‍ ആരംഭിക്കും മുൻപ് അഭിഷേകിന്റെ സ്കോര്‍ 14 പന്തില്‍ 25 റണ്‍സും സഞ്ജുവിന്റെത് 10 പന്തില്‍ എട്ട് റണ്‍സുമായിരുന്നു. എന്നാല്‍, അഞ്ചാം ഓവര്‍ അവസാനിക്കുമ്പോള്‍ സഞ്ജു 15 പന്തില്‍ 27ലേക്കുയര്‍ന്നു, അഭിഷേക്ക് 26ലും. എ ക്ലാസിക്ക് സഞ്ജു ഗിയര്‍ ഷിഫ്റ്റ്. പവര്‍പ്ലേയുടെ അവസാന ഓവര്‍ ഇബ്രാഹി സദ്രാൻ ഏല്‍പ്പിച്ചത് മുഹമ്മദ് നബിയെയായിരുന്നു. സിക്സറോടെ അഭിഷേക് വരവേറ്റു, ശേഷം സഞ്ജുവിന് സ്ട്രൈക്ക് കൈമാറി.

സഞ്ജു എത്രത്തോളം ഫീല്‍ഡിനെ മനസിലാക്കിയാണ് കളിക്കുന്നതെന്നതിന്റെ ഉദാഹരണമായിരുന്നു നബിയുടെ ഓവര്‍. യോര്‍ക്കറായിരുന്നു സഞ്ജുവിന് ആദ്യം നബി കാത്തുവെച്ചത്, എന്നാല്‍ അല്‍പ്പം പിഴച്ചു. വിക്കറ്റില്‍ മുട്ടുറപ്പിച്ചൊരു സ്ലോഗ് സ്വീപ്പ്, ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെയൊരു സിക്സ്. പിന്നാലെ നേരിട്ട ലെങ്ത് ബോള്‍ മിഡ് ഓഫിലൂടെ ബൗണ്ടറിയിലേക്ക്, പ്യുവര്‍ ടൈമിങ്. വിഡ്ത് ലഭിച്ച പന്ത് കവറിലൂടെ അതിവേഗം സഞ്ചരിച്ചു.

ഒടുവില്‍ ലോങ് ഓഫിലേക്ക് ബാക്ക് ഫൂട്ടില്‍ ഒരു സിക്സര്‍ കൂടി നേടി പവര്‍പ്ലേ അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 82, സഞ്ജു 19 പന്തില്‍ 47. കമന്ററി ബോക്സിലിരുന്ന് സഞ്ജയ് മഞ്ജരേക്കറിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു, സഞ്ജു സാംസണ്‍ ഈസ് ബാക്ക്.

റാഷിദ് ഖാന്റെയായിരുന്നു അടുത്ത ഊഴം. അഭിഷേക് ശര്‍മയെ പുറത്താക്കിയ ആത്മവിശ്വാസത്തിലെത്തിയ റാഷിദിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയിലേക്ക് പറഞ്ഞയച്ച് അര്‍ദ്ധ ശതകം തികച്ചു. അതും കേവലം 20 പന്തുകളില്‍. അന്താരാഷ്ട്ര കരിയറിലെ സഞ്ജു ഏറ്റവും വേഗമേറിയ ഫിഫ്റ്റി. ബാറ്റുയര്‍ത്തിയൊരു ചെറു ചിരിയും. കം ബാക്ക് ഡണ്‍.

അന്താരാഷ്ട്ര ടി20യിൽ ഓപ്പണറായി 1,000 റൺസ് എന്ന നാഴികക്കല്ലിലേക്ക് എത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമാകാനും സഞ്ജുവിനായി. അതും 181 എന്ന ഭീമമായ സ്ട്രൈക്ക് റേറ്റില്‍. രോഹിത് ശർമ്മ, കെ. എൽ. രാഹുൽ, ശിഖർ ധവാൻ, അഭിഷേക് ശർമ്മ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ.

റാഷിദിന്റെ ഷോര്‍ട്ട് ബോളില്‍ ഒരു സിക്സുകൂടി, ഇക്കുറി മിഡ് വിക്കറ്റിലേക്ക്. ഒരു വലിയ ഇന്നിങ്സിലേക്ക് നയിക്കാമായിരുന്നു, 13 ഓവര്‍ അപ്പോഴും ബാക്കിയുണ്ട്. എന്നാല്‍, റാഷിദിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. 22 പന്തില്‍ 57 റണ്‍സ്. ഏഴ് ഫോറും നാല് സിക്സും. എട്ട് പന്തില്‍ നാല് റണ്‍സിന് ശേഷം നേരിട്ട 14 പന്തില്‍ 53 റണ്‍സ്. ഇന്നിങ്സ് സ്ട്രൈക്ക് റേറ്റ് 259. ഫോം ഈസ് ടമ്പററി, ക്ലാസ് ഈസ് പെര്‍മെനന്റ്.

വൈഭവിന് അവസരം നിഷേധിച്ച് സഞ്ജുവിനെ ഓപ്പണറാക്കിയപ്പോള്‍ ടെലിവിഷൻ ചാനല്‍ മാറ്റി സിനിമ കാണാൻ തയാറായ ഒരു മുൻ ഇന്ത്യൻ താരമുണ്ടായിരുന്നു, കൃഷ്ണമചാരി ശ്രീകാന്ത്. സഞ്ജു പറഞ്ഞത് ആവര്‍ത്തിക്കുകയാണ്, വിമര്‍ശനങ്ങളെ നിശ്ബ്ദമാക്കി ആത്മവിശ്വാസത്തോടെ തുടരനാണ് ശ്രമിക്കുന്നത്. ഞാൻ വരും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റില്‍ തന്നെ സ്കോര്‍ ചെയ്യും. ഞാൻ പരാജയപ്പെടുമായിരിക്കും, കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുമായിരിക്കും. എല്ലാത്തിനേയും മറികടക്കാനുള്ള അനുഭവസമ്പത്തും പക്വതയുമുണ്ട്, that’s the way we are built in Indian cricket. സഞ്ജു തുടരും...15 വയസുകാരനോടുള്ള പോരാട്ടവും...