സാബി അലോൻസൊയ്ക്കും ആല്‍വാരോ ആര്‍ബലോവയ്ക്കും സാധിക്കാത്തത് സാക്ഷാത്കരിക്കാനാണ് ഫ്ലോറന്റീനോ പെരേസ് മൗറീഞ്ഞ്യോയെ എത്തിച്ചത്, പക്ഷെ റയലിന്റെ പ്രശ്നങ്ങള്‍ക്കൊന്നും ഇതുവരെ പരിഹാരമായിട്ടില്ല
മാഡ്രിഡ് ഡര്‍ബിക്ക് ശേഷം റയലിനോട് ഒന്നേ പറയാനുള്ളു, ഈ കളികൊണ്ട് ബാഴ്സലോണയുടെ മുന്നിലേക്കൊന്നും ചെല്ലരുത്, ഹൻസി ഫ്ലിക്കിന്റെ പിള്ളേര്‍ തലമുറകളെ വേട്ടയാടാൻ കെല്‍പ്പുള്ള 90 മിനുറ്റുകളായിരിക്കും സമ്മാനിക്കുക. റോഡ്രിയെ ലഭിച്ചിരുന്നെങ്കിലെന്ന് മാഡ്രിഡ് ആരാധകര്‍ കൊതിക്കുന്നുണ്ടാകുമിപ്പോള്‍.
ഡെര്‍ബിക്ക് പിന്നാലെയുള്ള ഹോസെ മൗറിഞ്ഞ്യോയുടേയും ഡിയേഗൊ സിമിയോണിയുടേയും പ്രതികരണങ്ങള്‍ നോക്കൂ. നമുക്ക് ഈ പത്രസമ്മേളനം ഒഴിവാക്കാം, കാരണം, കളിയുടെ സാംരാംശം ഇവിടെ തന്നെയുണ്ട്. അത്ലറ്റിക്കൊ മാഡ്രിഡ് താരങ്ങള്‍ക്ക് ചുവപ്പുകാര്‍ഡ് ലഭിക്കേണ്ട ഫൗളുകളുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് മൗറിഞ്ഞ്യോ പറഞ്ഞു. റയല്‍ മാഡ്രിഡിന്റെ പരിശീലക കുപ്പായം വീണ്ടും അണിഞ്ഞതില്‍ പിന്നെ ശാന്തനായി മാത്രം കണ്ടിരുന്ന മൗറിഞ്ഞ്യോ ആ മുഖംമൂടി എടുത്ത് മാറ്റിയിരിക്കുന്നു, അയാള്‍ തന്റെ ക്ലാസിക്ക് ശൈലിയിലേക്ക് മടങ്ങിയിട്ടുണ്ട്.
സിമിയോണിയുടെ വാക്കുകളിലായിരുന്നു യഥാര്‍ത്ഥത്തില്‍ കളിയുടെ സാംരാംശം ഉണ്ടായിരുന്നത്. കൂട്ടായ പ്രയത്നത്തിലൂടെ കളി പൂര്‍ണമായും ഞങ്ങള്‍ നിയന്ത്രിച്ചു. റയലിന്റെ പ്രതിരോധത്തിലേയും മധ്യനിരയിലേയും ദൗര്‍ബല്യങ്ങള്‍ പൂര്‍ണമായും ഉപയോഗിച്ചായിരുന്നു അത്ലറ്റിക്കൊ പെനാലിറ്റി നേടിയെടുത്തതും രണ്ടാം ഗോള്‍ കണ്ടെത്തിയതും. സാബി അലോൻസൊയ്ക്കും ആല്‍വാരോ ആര്‍ബലോവയ്ക്കും സാധിക്കാത്തത് സാക്ഷാത്കരിക്കാനാണ് ഫ്ലോറന്റീനോ പെരേസ് മൗറീഞ്ഞ്യോയെ എത്തിച്ചത്, പക്ഷെ റയലിന്റെ പ്രശ്നങ്ങള്‍ക്കൊന്നും ഇതുവരെ പരിഹാരമായിട്ടില്ല.
2025 സെപ്റ്റംബര്‍ 27, അന്ന് മെട്രൊപൊളിറ്റാനോയില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു റയല്‍ അത്ലറ്റിക്കോയോട് പരാജയപ്പെട്ടത്. മാഡ്രിഡ് ഡര്‍ബിയില്‍ സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ തോല്‍വി. സാബിയുടെ സിസ്റ്റത്തിലെ അതേ പോരായ്മകള്‍ തന്നെയാണ് മൗറിഞ്ഞ്യോ വരച്ച കളത്തിലും പ്രതിഫലിച്ചത്. മിഡ് ഫീല്‍ഡിലെ നിയന്ത്രണമില്ലായ്മ. ടോണി ക്രൂസ് - ലൂക്ക് മോഡ്രിച്ച് ദ്വയത്തിന്റെ അഭാവത്തിന്റെ ഇംപാക്റ്റും റോഡ്രി എന്തുകൊണ്ട് റയലിന് അനിവാര്യമായിരുന്നുവെന്നതിന്റെ ഉത്തരവും മാഡ്രിഡ് ഡര്‍ബിയിലുണ്ടായിരുന്നു.
കിലിയൻ എംബാപെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം, ആര്‍ദ ഗൂളര്‍, വാല്‍വെര്‍ദെ...അറ്റാക്കിങ് എബിലിറ്റിയുള്ള അഞ്ച് താരങ്ങളാണ് റയലിന്റെ ഇലവനില്‍ അത്ലറ്റിക്കോയ്ക്ക് എതിരെ ഉണ്ടായിരുന്നത്. മിഡ് ഫീല്‍ഡില്‍ കളിയുടെ ടെംപൊ നിശ്ചിയിക്കുന്നതാര് എന്ന് ചോദിച്ചാല്‍ കൃത്യമായൊരു പേര് ചൂണ്ടിക്കാണിക്കാൻ ഇന്ന് റയലിനില്ല എന്ന് പറയേണ്ടി വരും. ചുവാമേനി തന്റെ പീക്ക് ഫോമിലേക്ക് ഉയരാത്തതും ഒരു കാരണമായി ചൂണ്ടിക്കാണിക്കാം.
റയലിന് സമാനമായി ഗലാക്റ്റിക്കൊ പേരുകളാല്‍ നിറഞ്ഞതായിരുന്നില്ല അത്ലറ്റിക്കോയുടെ നിര. അവിടെയൊരു എംബാപെയും ബെല്ലിങ്ഹാമോ അല്ലെങ്കില്‍ വിനീഷ്യസൊ ഉണ്ടായിരുന്നില്ല. 65 ശതമാനം പന്തടക്കവും 12 ഷോട്ടുകളുമാണ് റയലിനെതിരെ അത്ലറ്റിക്കോയ്ക്ക് ഉണ്ടായിരുന്നത്. കുക്കുറേയയും ചുവാമേനിയും അണിനിരന്ന റയലിന്റെ ഇടതുവശത്തുകൂടിയായിരുന്നു അത്ലറ്റിക്കോയുടെ രണ്ട് ഗോളുകള്‍ക്കും കാരണമായ നീക്കങ്ങള്‍ സംഭവിച്ചത്. ജോനാഥൻ ഡേവിഡിന്റെ ഗോള്‍ മാത്രമെടുത്ത് പരിശോധിക്കാം.
സിമിയോണി ബോക്സിനുള്ളിലേക്ക് ക്രോസ് നല്‍കുമ്പോള്‍ ആ ലൈനില്‍ നാല് മാഡ്രിഡ് താരങ്ങളെ കാണാം. ബോക്സിനുള്ളില്‍ മൂന്ന് പേരും പുറത്ത് സിമിയോണിയെ പ്രതിരോധിക്കാൻ കുക്കുറേയയും. പെനാലിറ്റി ബോക്സിനുള്ളില്‍ മൂന്ന് താരങ്ങളുണ്ടായിട്ടും ജോനാഥൻ ഡേവിഡ് സ്വതന്ത്രനായിരുന്നു. അയാളെ മാര്‍ക്ക് ചെയ്യാൻ ഒരു റയല്‍ താരം പോലും തയാറായിരുന്നില്ല. ലാ ലിഗ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് റയലെങ്കില്‍ അത് അര്‍ഹിക്കുന്നത് തന്നെയാണ്. കാരണം, മാഡ്രിഡ് ഡര്‍ബിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സീസണിലെ വീഴ്ചകള്‍.
എല്‍ചീയെ പരാജയപ്പെടുത്തന്നത് സ്റ്റോപ്പേജ് ടൈമില്‍ കാര്‍ലോസ് എസ്പി നേടിയ ഗോളിലാണ്, റയോ വയക്കാനോയെ 4-1ന് കീഴടക്കിയിട്ടുണ്ടാകാം, പക്ഷേ 18 ഷോട്ടുകള്‍ ഉതിര്‍ക്കാൻ അവരെ അനുവദിച്ചു. ഇന്റര്‍ മിലാനെതിരെ തിബൊ കോര്‍ട്ടുവായുടെ കരങ്ങളില്ലായിരുന്നെങ്കില്‍ തോല്‍വിയോടെ ചാമ്പ്യൻസ് ലീഗിന് തുടക്കമിടേണ്ടി വരുമായിരുന്നു. ഇന്ററിനെതിരെ നേടിയ രണ്ട് ഗോളുകളും അവരുടെ പിഴവില്‍ നിന്നുമായിരുന്നു. റയല്‍ ബെറ്റിസിനോട് പരാജയം, എസ്പാനിയോളിനെ മറികടക്കുന്നതും എസ്പിയുടെ അവസാന നിമിഷത്തിലെ ഗോളില്‍.
ശരിയാണ് കഴിഞ്ഞ സീസണില്‍ നിന്ന് ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വിനിയും എംബാപെയും പ്രേസ് ചെയ്യാൻ ആരംഭിച്ചു, ബെല്ലിങ്ഹാമിന് കൂടുതല്‍ സ്വതന്ത്ര്യം ലഭിച്ചു...പക്ഷേ അപ്പോഴും മിഡ് ഫീല്‍ഡില്‍ കളി നിയന്ത്രിക്കുക എന്ന ഉത്തരവാദിത്തം പേറാൻ ആരുമില്ല. ട്രാൻസ്ഫര്‍ വിൻഡോയില്‍ മുന്നേറ്റത്തിലും പ്രതിരോധത്തിലും റയല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മധ്യനിരയിലേക്ക് എത്തിച്ചത് ബെര്‍ണാദൊ സില്‍വയെയാണ്. 90 മിനുറ്റുകള്‍ പൂര്‍ണമായും ബെര്‍ണാദോയെ ഉപയോഗിക്കാനാകില്ല എന്ന വസ്തുത മുന്നില്‍ നില്‍ക്കെയായിരുന്നു ഈ നീക്കം. വേള്‍ഡ് ക്ലാസ് മിഡ് ഫീല്‍ഡുമായി ലീഗ് ഭരിച്ചിരുന്ന റയല്‍, ഇന്ന് ഏഴ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ രണ്ട് തോല്‍വിയുമായി തങ്ങള്‍ ദുര്‍ബലരാണെന്ന് തെളിയിക്കുകയാണ്. ജയിച്ച മത്സരങ്ങളുടെ കാര്യം നേരത്തെ പറഞ്ഞല്ലോ...
മൗറിഞ്ഞ്യോയ്ക്ക് എല്ലാം ചിട്ടപ്പെടുത്തിയെടുക്കാൻ സമയമുണ്ട്. ഇന്റര്‍നാഷണല്‍ ബ്രേക്കാണ് നിലവില്‍. റയലിന്റെ അടുത്ത മത്സരം ഒക്ടോബര്‍ 11നാണ്. വിയ്യാറയലിനെതിരെ. പോരായ്മകള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ലാ ലിഗ കിരീടത്തിലേക്ക് എത്തുക പ്രയാസകരമായിരിക്കും.


