
കരുണ്‍ നായര്‍ ഇനിയൊരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ ജഴ്സി അണിയുമോ. ത്രില്ലര്‍ സിനിമയെ വെല്ലുന്ന ഇംഗ്ലണ്ട് പര്യടനം. ആൻഡേഴ്സണ്‍ - ടെൻഡുല്‍ക്കര്‍ ട്രോഫിക്ക് ശേഷം ടെസ്റ്റില്‍ ശുഭ്മാൻ ഗില്ലിന്റെ യുവ ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയെത്തുന്ന എതിരാളികള്‍ വെസ്റ്റ് ഇൻഡീസാണ്. ഓസ്ട്രേലിയയെ വിറപ്പിച്ച് കീഴടങ്ങിയ വിൻഡീസ്. കോര്‍ ടീമിനെ നിലനിര്‍ത്തുമെന്നത് തീര്‍ച്ചയാണ്, എന്നാല്‍ ചിലരുടെ സ്ഥാനങ്ങളില്‍ ചോദ്യമുണ്ടാകും. അതില്‍ ഏറ്റവും മുൻപന്തിയില്‍ നില്‍ക്കുന്ന പേര് മലയാളി താരം കരുണ്‍ നായരിന്റേതാണ്. വലം കയ്യൻ മധ്യനിര ബാറ്റര്‍ക്ക് വെള്ളക്കുപ്പായത്തില്‍ ഇനിയൊരു അധ്യായം കൂടിയുണ്ടാകുമോ?
ആഭ്യന്തര ക്രിക്കറ്റിലെ അസാധാരണ സ്ഥിരത, അതായിരുന്നു രണ്ടാമതൊരു അവസരം കരുണ്‍ നായർക്ക് നല്‍കാൻ ബിസിസിഐയെ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ നാല് എണ്ണത്തിലും അവസരം ഒരുങ്ങി. എന്നാല്‍, സ്ഥിരതയാർന്ന ഒരു സ്ഥാനമെന്നത് കരുണിനെ തേടിയെത്തിയിരുന്നില്ല. ലീഡ്‌സിലും ഓവലിലും അഞ്ചാം നമ്പറില്‍, ബിർമിങ്ഹാമിലും ലോർഡ്‌സിലും മൂന്നാം സ്ഥാനത്തും. നാല് കളികളില്‍ നിന്ന് ഒരു അർദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 205 റണ്‍സായിരുന്നു കരുണ്‍ ഇംഗ്ലണ്ടില്‍ നേടിയത്.
ലീഡ്‌സ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ പൂജ്യത്തിന് മടങ്ങിയത് മാറ്റി നിർത്തിയാല്‍ പിന്നീട് ക്രീസിലെത്തിയ ഏഴ് ഇന്നിങ്സുകളിലും മികച്ച തുടക്കം നേടാൻ കരുണിനായിരുന്നു. അത് അർദ്ധ ശതകത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താൻ കഴിഞ്ഞത് ഒരു തവണ മാത്രമാണ്. അഞ്ചാം നമ്പറിലെ കരുണിന്റെ സ്കോറുകള്‍ പൂജ്യം, 20, 57, 17 എന്നിങ്ങനെയായിരുന്നു. മൂന്നാം സ്ഥാനത്ത് 31, 26, 40, 14 എന്നിങ്ങനെയും.
ഇംഗ്ലണ്ടിലെ വിക്കറ്റുകളിലെ എക്സ്ട്രാ ബൗണ്‍സായിരുന്നു കരുണിന്റെ ഇന്നിങ്സുകള്‍ക്ക് പലപ്പോഴും കര്‍ട്ടനിട്ടിരുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പരിചിതമായിരുന്നിട്ടും അത് ഉപയോഗിക്കാൻ കരുണിന് കഴിയാതെ പോയി. ഒരുപക്ഷേ, വലിയ സ്കോറുകളിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാനായിരുന്നെങ്കില്‍ കരുണിന്റെ സ്ഥാനത്തില്‍ ഒരു ചോദ്യമുയരുകയില്ലായിരുന്നു. എന്നിരുന്നാലും ഇന്ത്യയിലെ സ്പിന്നിന് അനുകൂലമായ വിക്കറ്റുകളില്‍ കരുണിന്റെ സാന്നിധ്യം ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരുന്നതാണ്. ഒരു പരമ്പരകൊണ്ട് മാത്രം അളക്കേണ്ടതാണോ കരുണിന്റെ മികവെന്ന ചോദ്യവും സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ടാകും.
കരുണിനൊപ്പം മൂന്നാം നമ്പറില്‍ പരീക്ഷിക്കപ്പെട്ട യുവതാരം സായ് സുദര്‍ശനും തന്റെ നിലവാരത്തിനൊത്ത് ഉയരാൻ കഴിഞ്ഞിരുന്നില്ല. ആറ് ഇന്നിങ്സുകളില്‍ നിന്ന് 140 റണ്‍സായിരുന്നു ഇടം കയ്യൻ ബാറ്ററുടെ നേട്ടം. എന്നാല്‍, ഭാവി മുൻനിര്‍ത്തി സായിക്ക് മൂന്നാം നമ്പര്‍ സ്ഥിരമായി നല്‍കിയേക്കും. ഇവിടെയാണ് കരുണിന്റെ സാധ്യതകള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയരുക. കരുണിന് മുകളിലേക്ക് ചിന്തിക്കാൻ ഇന്ത്യ ഒരുങ്ങുകയാണെങ്കില്‍ നിരവധി ഓപ്ഷനുകളാണുള്ളത്. ശ്രേയസ് അയ്യര്‍, ദേവദത്ത് പടിക്കല്‍, എൻ ജഗദീശൻ എന്നിവരാണ് മുൻപന്തിയിലുള്ളത്.
ഇവിടെ പടിക്കലിനാണ് സാധ്യത കൂടുതല്‍. കാരണം, അടുത്തിടെ നടന്ന ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എയ്ക്കായി തിളങ്ങാൻ പടിക്കലിന് സാധിച്ചിരുന്നു. 150 റണ്‍സെടുത്താണ് പടിക്കല്‍ ഇന്ത്യയുടെ ടോപ് സ്കോററായത്. 64 റണ്‍സെടുത്ത് ജഗദീശനും മികവ് തെളിയിച്ചപ്പോള്‍ നായകനായി ഇറങ്ങിയ ശ്രേയസിന്റെ ഇന്നിങ്സ് കേവലം എട്ട് റണ്‍സിനാണ് അവസാനിച്ചത്. 73 റണ്‍സുമായി സായിയും മൂന്നാം സ്ഥാനത്ത് കരുത്തുകാണിച്ചു. ഇതോടെ ശ്രേയസ് അയ്യരിന്റെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവും തുലാസിലായിരിക്കുകയാണ്. പരുക്കേറ്റ റിഷഭ് പന്ത് വെസ്റ്റ് ഇൻഡീസ് പര്യടനത്തിലുണ്ടാകില്ല, പകരം ദ്രുവ് ജൂറലായിരിക്കും വിക്കറ്റിന് പിന്നില്‍ ഇന്ത്യയുടെ കാവലാളാകുക.