
അന്നത്തെ ഓസ്ട്രേലിയൻ ടീമിനെ ഒരു ബൂഗിമാൻ സംഘമെന്ന് വിശേഷിപ്പിക്കാം. ഏത് ടീമും ഭയക്കുന്ന ഒരു സംഘം. ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡൻ, ആൻഡ്രു സൈമണ്ട്സ്, മൈക്കല്‍ ഹസി, ബ്രെറ്റ് ലീ, മിച്ചല്‍ ജോണ്‍സണ്‍... 2007 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ചെന്ന് വീഴുന്നത് ഇവരുടെ മുന്നിലേക്കാണ്. ജോണ്‍ വിക്കിന്റെ എഴുത്തുകാരൻ ഡെറക് കോൾസ്റ്റാഡ് തന്റെ ടൈറ്റില്‍ കഥാപാത്രത്തിന് നല്‍കുന്ന ഒരു വിശേഷണമുണ്ട്, ബാബയഗ. ബൂഗിമാനെപ്പോലും തീര്‍ക്കാൻ പോന്നൊരു ശക്തിയെന്നാണ് അര്‍ത്ഥം. അന്ന് ഓസ്ട്രേലിയൻ ടീമിന്റെ മുന്നിലേക്ക് എം എസ് ധോണി അയച്ച ബാബയഗയായിരുന്നു അവൻ. ഗാംഗുലിക്ക് ശേഷം കോലിക്ക് മുൻപ്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അഗ്രസീവ് മുഖം. ശാന്തകുമാരൻ ശ്രീശാന്ത്.
യുവരാജ് സിങ്ങിന്റേയും എം എസ് ധോണിയുടേയും കരുത്തില്‍ ഇന്ത്യ ഡർബനില്‍ ഓസ്ട്രേലിയ്ക്ക് മുന്നില്‍വെച്ച വിജയലക്ഷ്യം 189 റണ്‍സായിരുന്നു. ഓസീസിനായി ഓപ്പണ്‍ ചെയ്യുന്നത് സാക്ഷാല്‍ ആദം ഗില്‍ക്രിസ്റ്റും മാത്യു ഹെയ്‌ഡനും. ഇരുവരിലൊരാള്‍ നിന്നാല്‍ തീരാവുന്നതെയുള്ള ഏത് സ്കോറും, അത്രത്തോളം അപകടകാരികളായ ഒരു സഖ്യം അന്ന് ലോകക്രിക്കറ്റിലില്ല. ശ്രീശാന്ത് ആദ്യ പന്തെറിയുന്നത് ഹെയ്‌ഡനാണ്, അതൊരു യോർക്കര്‍ ശ്രമമായിരുന്നു, പക്ഷേ ഫുള്‍ ടോസായി പരിണമിച്ച ആ പന്ത് ഹെയ്‌ഡൻ അനായാസമാണ് കവറിലൂടെ ബൗണ്ടറി കടത്തിയത്.
ലൈനും ലെങ്തും കൃത്യമായി എറിയുന്ന ശ്രീശാന്ത്, അതൊരു ഡെഡ്‌ലി കോമ്പിനേഷനാണ്. പിന്നീട് ഔട്ട്സ്വിങ്ങറുകള്‍ക്കൊണ്ട് ഹെയ്‌ഡന്റെ ബാറ്റിനെ നിശബ്ദമാക്കുന്ന ശ്രീശാന്ത്. ആദ്യ ഓവറില്‍ വഴങ്ങിയത് അഞ്ച് റണ്‍സ് മാത്രം. പിന്നീട് നാലാം ഓവറിലാണ് വലം കയ്യൻ പേസറുടെ വരവ്. ഇത്തവണയും ഹെയ്‌ഡൻ തന്നെ. ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ ശ്രീശാന്തിന്റെ മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നതിനായിരുന്നു ഡര്‍ബനിലെ ഗ്യാലറികള്‍ കണ്ടത്. ക്രീസ് വിട്ടിറങ്ങിയും കൂറ്റനടികള്‍ക്കൊണ്ടും ശ്രീശാന്തിനെ അതിര്‍ത്തി കടത്താൻ ഹെയ്‌ഡന്റെ ശ്രമം. പക്ഷേ, ഒന്നുപോലും കണക്റ്റ് ചെയ്യാനായില്ല. മൂന്ന് തവണയായിരുന്നു ഹെയ്ഡൻ ബീറ്റ് ചെയ്യപ്പെട്ടത്.
അഗ്രസീവ് ക്രിക്കറ്റിന്റെ അപ്പോസ്തലന്മാരായ ഓസ്ട്രേലിയ മറുവശത്ത് നിന്ന് അത് രുചിക്കുകയായിരുന്നു. ഓരോ പന്തിന് ശേഷവും ഹെയ്‌ഡനെ നോക്കി വിറപ്പിക്കുന്ന ശ്രീശാന്ത്. മറുവശത്ത് ആര്‍ പി സിങ്ങിന്റെ സ്വിങ്ങറുകളെ നിലം തൊടീക്കാതെ അതിര്‍ത്തി കടത്തി ത്രസിപ്പിക്കുകയായിരുന്നു ഗില്‍ക്രിസ്റ്റ്. തന്റെ സ്പെല്ലിലേയും പവര്‍പ്ലേയിലേയും അവസാന ഓവര്‍ എറിയാൻ ശ്രീശാന്ത് എത്തുമ്പോള്‍ 12 പന്തില്‍ 22 റണ്‍സുമായാണ് ഗില്ലി നിലയുറപ്പിച്ചിരിക്കുന്നത്. വേരുറച്ച ഗില്ലിയുടെ ഇന്നിങ്സ് പടര്‍ന്ന് പന്തലിക്കുന്ന ദിവസമല്ല അതെന്ന് ശ്രീശാന്ത് ഉറപ്പിച്ചു. ആറാം ഓവറിലെ ആദ്യ പന്ത്. ഫുള്‍ ലെങ്ത് ഡെലിവെറി. ഗില്ലിയുടെ പ്രതിരോധം തകര്‍ത്ത് ആ പന്ത് മിഡില്‍ സ്റ്റമ്പിനെ മൈതാനത്ത് മുത്തിച്ചു. തലകുനിച്ച് തിരിഞ്ഞു നടക്കുക മാത്രമായിരുന്നു ഗില്ലി ചെയ്തത്.
മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ്. ഇതായിരുന്നു ശ്രീയുടെ ഓപ്പണിങ് സ്പെല്‍. ഡ്രീം സ്പെല്ലെന്ന് തന്നെ പറയാം. ശ്രീയുടെ സ്പെല്ലിന് ശേഷം കളം നിറയുകയായിരുന്നു ഹെയ്ഡൻ. ഇര്‍ഫാൻ പത്താനും ജോഗിന്ദര്‍ ശര്‍മയും വിരേന്ദര്‍ സേവാഗുമൊക്കെ ആ ബാറ്റിന്റെ ചൂടറിഞ്ഞു. ഒപ്പം സൈമണ്ട്‌സും ചേര്‍ന്നതോടെ കളി ഇന്ത്യയുടെ കൈകളില്‍ നിന്ന് വഴുതുകയാണ്. ജോഗിന്ദറും സേവാഗും മൂന്ന് ഓവറില്‍ 51 റണ്‍സാണ് വഴങ്ങിയത്. ആറ് ഓവറില്‍ ഓസ്ട്രേലിയക്ക് ജയിക്കാൻ 60 റണ്‍സ്. ഹെയ്ഡനും സൈമണ്ട്‌സും ഫിഫ്ത്ത് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു.
ഇവിടെയാണ് ധോണി ഒരിക്കല്‍ക്കൂടി ശ്രീയെ പന്തേല്‍പ്പിക്കുന്നത്. അതൊരു ഉചിതമായ തീരുമാനമായിരുന്നോയെന്ന് ആശങ്കയായിരുന്നു. കാരണം, അവസാനം ഇരുവര്‍ക്കും മുന്നിലെത്തിയ പേസര്‍ പത്താനായിരുന്നു, 16 റണ്‍സായിരുന്നു വഴങ്ങിയത്. 143 കിലോ മീറ്ററിലെത്തിയ ശ്രീയുടെ വേഗപ്പന്തിനെ ബൗണ്ടറിയില്‍ എത്തിച്ചായിരുന്നു സൈമണ്ട്സ് തുടങ്ങിയതും. സ്ട്രൈക്ക് മാറി ഹെയ്ഡനെത്തിയപ്പോള്‍ ശ്രീയും ചുവടുമാറ്റി. റൗണ്ട് ദ വിക്കറ്റ്. ക്വിക്ക് യോര്‍ക്കര്‍. ലോഫ്റ്റഡ് ഡ്രൈവിന് ശ്രമിച്ച ഹെയ്ഡന്റെ ബാറ്റിന് ഒരിക്കല്‍ക്കൂടി ശ്രീയുടെ പന്ത് ബീറ്റ് ചെയ്തു. കണ്ണിമചിമ്മിയപ്പോള്‍ ഓഫ് സ്റ്റമ്പ് നിലം പതിച്ചു. വിക്കറ്റിലടിച്ച് ഹെയ്ഡനൊരു ഒന്നൊന്നര സെന്റ് ഓഫ് നല്‍കി ശ്രീശാന്ത്.
ഓസ്ട്രേലിയയുടെ ഫൈനല്‍ മോഹങ്ങള്‍ക്ക് മുകളിലേക്കായിരുന്നു ശ്രീ യോര്‍ക്കര്‍ പായിച്ചത്. 47 പന്തില്‍ 62 റണ്‍സെടുത്ത ഹെയ്ഡന്റെ മടക്കം ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയുടെ അടിത്തറയിളക്കി. ഇന്ത്യക്ക് 15 റണ്‍സിന്റെ ജയം. അന്നത്തെ ശ്രീയുടെ സ്പെല്ലെടുക്കാം. നാല് ഓവര്‍, ഒരു മെയിഡൻ, 12 റണ്‍സ്, രണ്ട് വിക്കറ്റ്. വഴങ്ങിയത് രണ്ട് ഫോറുകള്‍. ബാക്കിയെറിഞ്ഞ 22 പന്തില്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് സ്കോര്‍ ചെയ്യാനായത് നാല് റണ്‍സ്. 18 ഡോട്ട് ബോളുകള്‍. അണ്‍റിയല്‍ എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും. അകന്നുപോയ ആ ജയം എറിഞ്ഞിട്ട സ്പെല്‍.