
2018, ആഗസ്റ്റ് 15. പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുൻപ് ലയണല്‍ മെസി ക്യാമ്പ് നൗവിനെ സാക്ഷി നിര്‍ത്തി ബാഴ്സലോണ ആരാധകര്‍ക്ക് ഒരു വാക്കുകൊടുത്തു. ചാമ്പ്യൻസ് ലീഗ് ആ മണ്ണിലേക്ക് തിരികെയെത്തിക്കുമെന്ന്. അനിവാര്യമായിരുന്നു ആ ഉറപ്പ്, കാരണം മറുവശത്ത് തുടര്‍ച്ചയായ മൂന്ന് കിരീടങ്ങളുമായി യൂറോപ്പ്യൻ ഫുട്ബോളിനെ സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക് ചുരുക്കിയിരുന്നു റയല്‍ മാഡ്രിഡ്. എട്ട് സീസണുകളുടെ ദൂരം പിന്നിട്ടു, മെസിക്കൊ അയാള്‍ക്ക് ശേഷം വന്നവര്‍ക്കൊ പറഞ്ഞ വാക്കുകളോട് നീതി പുലര്‍ത്താൻ സാധിച്ചിട്ടില്ല...
ഒരിക്കല്‍ക്കൂടി ബാഴ്സ ആരാധകരെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയാണ് മറ്റൊരാള്‍. റോഡ്രിഗൊ ഹെര്‍ണാണ്ടസ് കസാന്റെ എന്ന റോഡ്രി. തന്റെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ആണെന്ന് അയാള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. സ്പെയിന് ലോകകിരീടം നേടിക്കൊടുത്ത നായകന് ബാഴ്സലോണയുടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയുമോ.
ബാഴ്സലോണയുടെ മധ്യനിര പെഡ്രിയും ഡാനി ഓല്‍മോയും ഗവിയും ചേര്‍ന്നതാണ്. പക്ഷേ മൂവര്‍ക്കും നല്‍കാൻ കഴിയാത്ത ഒന്ന് റോഡ്രിക്ക് സാധിക്കും, കണ്‍ട്രോള്‍ ആൻഡ് സ്റ്റബിലിറ്റി. ബുസ്ക്വറ്റ്സിന്റെ പിൻഗാമിയായി റോഡ്രിയെ വാഴ്ത്തുമ്പോള്‍, ബുസ്ക്വറ്റ്സിനെപ്പോലൊരു ഹോള്‍ഡിങ് മിഡ് ഫീല്‍ഡര്‍ മാത്രമല്ല റോഡ്രി, ഫൈനല്‍ തേഡിലും കൃത്യമായ ഇൻഫ്ലുവൻസ് ചെലുത്താൻ കഴിയുന്ന ബൂട്ടുകളാണത്.
ചാമ്പ്യൻസ് ലീഗില്‍ എലൈറ്റ് ടീമുകള്‍ ബാഴ്സയുടെ റിഥത്തെ തകര്‍ക്കുന്നത് അഗ്രസീവായുള്ള പ്രെസിങ്ങിലൂടെയാണ്. ഇവിടെയാണ് റോഡ്രിയുടെ സാന്നിധ്യം വ്യത്യാസം സൃഷ്ടിക്കാൻ പോകുന്നത്. പ്രതിരോധനിരയെ സഹായിക്കാനായി പെഡ്രിക്ക് ഡീപായി ഇറങ്ങേണ്ടി വരില്ല, പകരം റോഡ്രിയുടെ സാന്നിധ്യം പ്രതിരോധനിരയ്ക്ക് സുരക്ഷയൊരുക്കും. ഇത് പെഡ്രിയെ കൂടുതല്‍ സ്വാതന്ത്യത്തോടെ കളിക്കാനും പ്രാപ്തമാക്കുന്ന ഘടകമാണ്.
2026 ലോകകപ്പില്‍ സ്പെയിന്റെ ബില്‍ഡപ്പുകളുടെ ആദ്യ പോയിന്റെ റോഡ്രിയായിരുന്നു. ഇത് ബാഴ്സയിലും ആവര്‍ത്തിച്ചാല്‍ ക്രിയേറ്റീവ് ഹെഡായി മാത്രം തുടരാൻ പെഡ്രിക്ക് കഴിയും. തന്റെ പിന്നിലെന്താണ് സംഭവിക്കുന്നതെന്ന സമ്മര്‍ദമില്ലാതെ പെഡ്രിക്ക് ഫ്രണ്ട് ലൈനുമായി കണക്റ്റ് ചെയ്ത് കളിമെനയാനും സാധിക്കും. ദിസ് മേക്ക്‌സ് പെഡ്രി മോര്‍ ഡെയ്‌ഞ്ചറസ്.
ബാഴ്‌സലോണ നിരയില്‍ ചാമ്പ്യൻസ് ലീഗ് കീരീടത്തിന്റെ മധുരം നുണഞ്ഞിട്ടുള്ള രണ്ട് താരങ്ങളെ ഇന്നുള്ളു, റോഡ്രിയും ജാവൊ കാൻസലോയും. ഇവിടെയാണ് റോഡ്രിയുടെ എക്‌സ്‌പീരിയൻസ് കൗണ്ട് ചെയ്യപ്പെടുന്നത്. കളി എപ്പോള്‍ സ്ലൊ ഡൗണ്‍ ചെയ്യണം, വേഗത്തിലാക്കണം, എപ്പോള്‍ പന്ത് കൈവശം വെക്കണം, എങ്ങനെ സമ്മര്‍ദത്തെ മറികടക്കണം, ഏത് പോയിന്റിലാണ് കൗണ്ടര്‍ അറ്റാക്ക് ആരംഭിക്കേണ്ടത്, തടയേണ്ടത് - തുടങ്ങിയവയില്‍ കൃത്യമായ ധാരണയുള്ള ഒരു താരത്തിന്റെ സാന്നിധ്യം നോക്കൗട്ട് ഘട്ടത്തില്‍ അനിവാര്യമാണ്, പ്രത്യേകിച്ചും എവെ മത്സരങ്ങളില്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രോഫി ക്യാബിനറ്റ് നിറഞ്ഞതില്‍ റോഡ്രിയുടെ കാലുകള്‍ വഹിച്ച പങ്ക് ചെറുതല്ലെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
ബാഴ്‌സലോണയുടെ ഏറ്റവും വലിയ ദൗര്‍ബല്യങ്ങളിലൊന്നാണ് ട്രാൻസിഷനുകളിലെ പിഴവുകള്‍. ഇത്തരം സാഹചര്യങ്ങളില്‍ ഫൈനല്‍ തേഡിലേക്കെത്തുന്ന ബാഴ്‌സ താരങ്ങളുടെ എണ്ണം പലപ്പോഴും കൂടുതലായി കാണാറുണ്ട്. പ്രത്യേകിച്ചും ഫുള്‍ ബാക്കുകളിലൂടെയുള്ള അറ്റാക്കുകളില്‍. നിര്‍ണായക നിമിഷത്തില്‍ പന്ത് നഷ്ടപ്പെട്ടാല്‍ ഇത് എതിരാളികള്‍ക്ക് കൗണ്ടര്‍ അറ്റാക്കിങ്ങിനായി ആവോളം സ്പെസ് വെച്ചുനീട്ടിക്കൊടുക്കുന്ന ഒന്നാണ്.
എന്നാല്‍, റോഡ്രി ഡിഫൻസീവ് മിഡ്‌ഫീല്‍ഡറായി നിലയുറപ്പിക്കുന്നിടത്തോളം എതിരാളികളുടെ അത്തരം നീക്കങ്ങള്‍ക്ക് വെല്ലുവിളിയുണ്ടാകും. കളി മുൻകൂട്ടി കണ്ട് പൊസിഷൻ ചെയ്യാനുള്ള റോഡ്രിയുടെ മികവ് തന്നെയാണ് ഇതിന്റെ ആധാരം. അതിനാല്‍ ഒരു സെന്റര്‍ ബാക്കില്ലാതെ തന്നെ ബാഴ്സയുടെ ഡിഫൻസ് മെച്ചപ്പെടും. സ്പെയിൻ എന്തുകൊണ്ടാണ് ലോകകപ്പില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയതെന്ന ചോദ്യത്തിന്റെ ഉത്തരവും റോഡ്രിയുടെ പൊസിഷനിങ് തന്നെയാണ്.
റോഡ്രിയുടെ വരവോടെ ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങള്‍ വീണ്ടും സജീവമാകുമ്പോള്‍ വലിയൊരു വെല്ലുവിളി അപ്പോഴും ബാക്കിയുണ്ട്. അത് റോഡ്രിയുടെ ഫിറ്റ്നസാണ്. പിന്നിട്ട സീസണുകളില്‍ ഗുരുതരമായ പരുക്കുകളും ശസ്ത്രക്രിയകളും കഴിഞ്ഞാണ് റോഡ്രി ലോകകപ്പിനെത്തിയത്. ലോകകപ്പ് പോലെ ദൈര്‍ഘ്യം കുറഞ്ഞ ടൂര്‍ണമെന്റില്‍ റോഡ്രിക്ക് തന്റെ എ ഗെയിം പുറത്തെടുക്കാനായി. പക്ഷേ, അതൊരു മുഴുനീള സീസണില്‍ ആവര്‍ത്തിക്കാൻ കഴിയുമൊയെന്നതാണ് ആശങ്ക.
ബാഴ്സ എങ്ങനെ റോഡ്രിയെ മാനേജ് ചെയ്യുമെന്നതാണ് ഇവിടെ നിര്‍ണായകമാകുക. എല്ലാ ലാ ലിഗ മത്സരങ്ങളും റോഡ്രി കളിക്കേണ്ടതില്ല, കാരണം റോഡ്രിയില്ലാതെ തന്നെ കിരീടം നേടാൻ അവര്‍ക്കായിട്ടുണ്ട്. എന്നാല്‍ ചാമ്പ്യൻസ് ലീഗില്‍ സ്ഥിതി വ്യത്യസ്തമാണ്, അതിനാല്‍ റോഡ്രിയെ ചാമ്പ്യൻസ് ലീഗിനായി പൂര്‍ണമായും ഉപയോഗിക്കുക പ്രധാനമാണ്.