
മിഡ് വിക്കറ്റിലേക്കൊരു ഫ്ലിക്കും മിഡ് ഓഫിലൂടെ ഒരു ഡ്രൈവും, സബ്ലം ടച്ചിലെന്നൊക്കെ പറയാൻ കഴിയുന്ന രണ്ട് ഷോട്ടുകള്‍. ശേഷം അസ്‌മത്തുള്ള ഒമർസായി വരുന്നു, മിഡില്‍ സ്റ്റമ്പ് ലൈനില്‍ ഒരു ഷോർട്ട് ബോള്‍ ഡെലിവർ ചെയ്യുന്നു. പ്രതീക്ഷിച്ചതിലും അധികം വിക്കറ്റില്‍ ഹോള്‍ഡ് ചെയ്ത പന്തില്‍ പുള്‍ ഷോട്ടിനുള്ള ശ്രമമായിരുന്നു. പക്ഷേ, ഡീപ് സ്ക്വയർ ലെഗില്‍ ഡാർവിഷ് റസൂലി ആ പന്തിന്റെ തന്റെ കൈകളിലൊതുക്കി. തലകുനിച്ച് നിരാശയോടെയൊരു മടക്കം. എട്ട് പന്തില്‍ 10 റണ്‍സ്.
സഞ്ജു സാംസണിന്റെ കരിയറില്‍ പലകുറി കണ്ട കാഴ്ചയായിരുന്നു അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആവർത്തിച്ചത്. ജോഫ്ര ആർച്ചര്‍ കാണിച്ചു തന്ന വഴി ഒമര്‍സായി പിന്തുടർന്നുവെന്ന് മാത്രം. എന്നാല്‍ എട്ട് പന്തില്‍ പത്ത് റണ്‍സില്‍ അവസാനിച്ച തിരിച്ചുവരവ് കരിയറിനെ തുലാസിലാക്കുന്ന ഒന്നായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20ക്ക് ഡല്‍ഹിയില്‍ കളമൊരുങ്ങുമ്പോള്‍, ആ മത്സരം സഞ്ജുവിന് എത്രത്തോളം നിർണായകമാണ്?
സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് തഴയപ്പെടുന്നു, പകരം വൈഭവ് സൂര്യവംശിക്ക് അവസരം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 196 സ്ട്രൈക്ക് റേറ്റില്‍ 151 റണ്‍സുമായി വൈഭവ് പരമ്പരയുടെ താരമാകുകയും ചെയ്തു. ഇതേ വൈഭവിനെ പുറത്തിരുത്തിയാണ് അഫ്ഗാനിസ്ഥാനെതിരെ സഞ്ജുവിന് ബിസിസിഐ പരിഗണന നല്‍കിയത്. എന്നാല്‍, ലഭിച്ച ആദ്യ അവസരം പൂർണമായും ഉപയോഗിക്കുന്നതില്‍ മലയാളി താരം പരാജയപ്പെടുകയും ചെയ്തു.
മറുവശത്ത് സമാന സാഹചര്യത്തിലായിരുന്നു അഭിഷേകും. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് വേണ്ടി കളിച്ച അഞ്ച് ടി20യില്‍ നാലിലും ഒറ്റയക്കത്തിലാണ് ഇടം കയ്യൻ ബാറ്റര്‍ പുറത്തായത്. പക്ഷേ, 32 പന്തില്‍ ഏഴ് വീതം ഫോറും സിക്‌സും അടക്കം 82 റണ്‍സാണ് അഭിഷേക് നേടിയത്. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ സ്ട്രൈക്ക് റേറ്റ് 256 ആയിരുന്നു. താരം ഫോം കണ്ടെത്തിയിരിക്കുന്നുവെന്ന് ഉറപ്പിക്കാൻ കഴിയുന്ന പ്രകടനമായിരുന്നു ഡല്‍ഹിയില്‍ സംഭവിച്ചത്.
ഇവിടെ പ്രസക്തമായൊരു ചോദ്യം അപ്പോഴും ബാക്കിയുണ്ട്. സഞ്ജു നേരിടുന്ന അത്ര സമ്മർദം അഭിഷേകിനുണ്ടോയെന്നത്. ലോകകപ്പ് മുതല്‍ മോശം ഫോമില്‍ തുടര്‍ന്ന അഭിഷേകിനെ ഒരു ഘട്ടത്തിലും ഡ്രോപ്പ് ചെയ്യാൻ ബിസിസിഐ തയാറായിരുന്നില്ല. ശേഷം നടന്ന അയര്‍ലൻഡ്, ഇംഗ്ലണ്ട്, സിംബാബ്‌വെ പര്യടനങ്ങളിലും അഭിഷേകിന്റെ പ്രകടനം ശരാശരിക്കും താഴെ നില്‍ക്കുന്നതായിരുന്നു, പ്രത്യേകിച്ചും താരം സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന ബെഞ്ച് മാര്‍ക്ക് പരിഗണിക്കുമ്പോള്‍.
പോയ രണ്ട് വർഷത്തെ പ്രകടനമാണ് അഭിഷേകിനെ തുണച്ചത്. സമാനമായി ലോകകപ്പില്‍ സഞ്ജു പുറത്തെടുത്ത അസാധാരണ ഇന്നിങ്സുകളായിരുന്നു ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതും. അതിന്റെ പരിഗണന സഞ്ജുവിന് ലഭിച്ചില്ല എന്നതിന്റെ ഉദാഹരണമായിരുന്നു സിംബാബ്‌വെ പര്യടനത്തില്‍ നിന്ന് തഴയപ്പെട്ടത്. കരിയറിലൂട നീളം നേരിട്ട അതേ സമ്മർദം ലോകകിരീടം നേടിത്തന്നിട്ടും സഞ്ജു അനുഭവിക്കേണ്ടി വരുന്നുവെന്ന അനീതി ഒരു വശത്തുണ്ട്. തിളങ്ങിയില്ലെങ്കില്‍ പുറത്തിരിക്കേണ്ടി വരുമെന്ന സ്ഥിതി.
എന്നാല്‍, അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ മികച്ചൊരു ഇന്നിങ്സ് കാഴ്ചവെക്കാൻ സാധിക്കാതെ പോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കഠിനമായേക്കും. അതിന്റെ കാരണം പുറത്ത് കാത്തിരിക്കുന്നവരുടെ എണ്ണമാണ്. പ്രത്യേകിച്ചും വൈഭവ് സൂര്യവംശി. പ്രഭ്‌സിമ്രാൻ സിങ്, പ്രിയാൻഷ് ആര്യ തുടങ്ങിയ പേരുകള്‍ വെറയുമുണ്ട്. വൈഭവിനെ ആദ്യ ടി20യില്‍ നിന്ന് ഒഴിവാക്കിയതിന്റെ പേരില്‍ വലിയ വിമർശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. മുൻ താരങ്ങള്‍ ഉള്‍പ്പെടെ നിരാശ പ്രകടപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്ത് ടി20കളില്‍ ഒരു അർദ്ധ സെഞ്ചുറിയാണ് സഞ്ജുവിന്റെ നേട്ടം, ബാക്കിയൊക്കെയും 30ല്‍ താഴെയുള്ള സ്കോറുകളുമാണ്. അഭിഷേകിനൊപ്പമൊ അതിന് മുകളിലൊ നില്‍ക്കുന്ന ടി20 പ്രൊഡക്റ്റാണ് വൈഭവ്. താരത്തെ ഏറെ നാള്‍ ഡഗൗട്ടിലിരുത്താൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നുണ്ടാകില്ല. രണ്ടാം ടി20യില്‍ സഞ്ജു തിളങ്ങിയെ മതിയാകു. എന്നും വിമര്‍ശനങ്ങളുടെ കുത്തൊഴുക്കിനെതിരെ നീന്തിക്കയറിയ ചരിത്രമാണ് സഞ്ജുവിനുള്ളത്, അത് ആവര്‍ത്തിക്കാൻ അയാള്‍ക്ക് കഴിയും.