ധോണി റാഞ്ചിയിലെത്തിയാല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലുണ്ടാകും. വനിതാ ടീമിനും പുരുഷ ടീമിനുമെല്ലാം നിര്‍ദേശങ്ങള്‍ നല്‍കി പ്രോത്സാഹനം നല്‍കി ധോണി ധാരാളം സമയം ചെലവഴിക്കുന്നു. ഇത്രയും മതിയാകും ജാര്‍ഖണ്ഡ് പോലൊരു സംസ്ഥാനത്ത് നിന്ന് ക്രിക്കറ്റ് പ്രതിഭകളെ ഇടവേളകളില്ലാതെ ഇന്ത്യന്‍ ടീമിലെത്തിക്കാനെന്ന് ഇഷാങ്ക് ജാഗി വിശ്വസിക്കുന്നു.
മഹേന്ദ്ര സിംഗ് ധോണിയെ ഇന്ത്യന്‍ ജനത കാണുന്നത് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിട്ടാണ്. മുന്നില്‍ നിന്ന് നയിക്കാനും, തൊട്ടതെല്ലാം പൊന്നാക്കാനും കഴിയുന്ന അസാധാരണ ക്രിക്കറ്റ് പേഴ്‌സണാലിറ്റി. ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണി യുഗം ചരിത്രത്തിന്റെ ഭാഗമാണ്. ധോണി നയിച്ചപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും ആ നേതൃമികവില്‍ ഇന്ത്യയെ തേടിയെത്തി.ഒട്ടേറെ പുതിയ താരങ്ങളെ കണ്ടെത്താനും തന്റെ പിന്‍ഗാമികളായി ടീമിന്റെ ഭാഗമാക്കി മാറ്റുവാനും ധോണി ശ്രദ്ധാലുവായിരുന്നു. ടീമിലെ ഓരോ താരത്തെയും കുറിച്ച് വ്യക്തമായി ബോധ്യമുള്ള ക്യാപ്‌റ്റനായിരുന്നു ധോണി. പിന്തുണ ആവശ്യമുള്ളപ്പോള്‍ അത് നല്‍കിയും, തിരുത്തലുകള്‍ വേണ്ടപ്പോള്‍ അത് ചെയ്‌തും ധോണി അവരുടെ നാഥനായി മാറി.
2020 ഓഗസ്‌റ്റ് പതിനഞ്ചിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോള്‍ ഐ പി എല്ലില്‍ പോലും സജീവമല്ല. പക്ഷേ, ക്രിക്കറ്റില്‍ രാജ്യത്തിന്റെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കാന്‍ ധോണി നല്‍കുന്ന പ്രചോദനം ഏറെ വലുതാണ്. ജാര്‍ഖണ്ഡ് സംസ്ഥാനത്തെ പ്രതിനിധാനം ചെയ്‌ത് ആദ്യമായി ഇന്ത്യയുടെ ദേശീയ സീനിയര്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച താരം മഹേന്ദ്ര സിംഗ് ധോണിയാണ്. അതൊരു തുടക്കമായിരുന്നു.ജാര്‍ഖണ്ഡില്‍ നിന്നുള്ളവര്‍ക്കും സച്ചിനും ഗാംഗുലിയും ദ്രാവിഡുമൊക്കെ തിളങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകാന്‍ കഴിയുമെന്ന ബോധ്യം തന്റെ പിന്‍ഗാമികള്‍ക്ക് നല്‍കിയത് ധോണിയാണ്. അതെത്രമാത്രം ഫലം ചെയ്‌തു എന്നറിയാന്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ദുലീപ് ട്രോഫി ജേതാക്കളായ ഈസ്റ്റ് സോണ്‍ ടീമിനെയൊന്ന് വിലയിരുത്തിയാല്‍ മതി.ജാര്‍ഖണ്ഡ് കളിക്കാരുടെ ഒരു നിര തന്നെ കാണാം. ക്യാപ്‌റ്റന്‍ ഇഷാന്‍ കിഷന്‍, ശിഖര്‍ മോഹന്‍, കുമാര്‍ കുശാഗ്ര, മുഹമ്മദ് കൗനെയിന്‍ ഖുറൈഷി, അനുകുല്‍ റോയ് എന്നിവര്‍ ധോണിക്ക് ശേഷം ജാര്‍ഖണ്ഡ് ക്രിക്കറ്റിന്റെ പതാകവാഹകരാകുന്ന കാഴ്‌ചയാണ് ദുലീപ് ട്രോഫി സമ്മാനിച്ചത്.
ഈസ്റ്റ് സോണിന്റെ കിരീട വിജയത്തില്‍ മുഹമ്മദ് ഷമി ഉള്‍പ്പടെ ബംഗാളില്‍ നിന്നുള്ള താരനിരയുടെയും ബീഹാറിന്റെ ടീനേജ് വിസ്‌മയം വൈഭവ് സൂര്യവംശിയുടെ സംഭാവനയും കാണാതെ പോകുന്നില്ല. അതേസമയം, ഈസ്‌റ്റ് സോണിന്റെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത് ജാര്‍ഖണ്ഡിന്റെ മധ്യനിര ബാറ്റര്‍മാരുടെ പങ്കാണെന്നത് യാഥാര്‍ഥ്യമാണ്.നായകനായ ഇഷാന്‍ കിഷന്‍ ഫൈനലില്‍ മുന്നില്‍ നിന്ന് നയിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ 270 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ വേഗതയേറിയ 80 റണ്‍സും ഉള്‍പ്പടെ 350 റണ്‍സാണ് ഇഷാന്‍ ്‌നേടിയത്. ചെപ്പോക്കില്‍ ധോണി നേടിയ ഇരട്ട സെഞ്ച്വറിയെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ഇഷാന്റെ പ്രകടനം. യുവ വിക്കറ്റ് കീപ്പര്‍ കുമാര്‍ കുശാഗ്ര ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടി ഈസ്റ്റ് സോണിന് 708 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ ഒരുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ദുലീപ് ട്രോഫി അരങ്ങേറ്റമത്സരത്തില്‍ സമ്മര്‍ദമില്ലാതെ കളിച്ച ശിഖര്‍ മോഹന്‍ 85 റണ്‍സ് സ്‌കോര്‍ ചെയ്‌തു. വിരലിനേറ്റ പരിക്ക് വകവെക്കാതെ കളിച്ച യുവ ഓള്‍റൗണ്ടര്‍ അനുകൂല്‍ റോയ് രണ്ടാം ഇന്നിംഗ്‌സില്‍ 64 രണ്‍സ് നേടുകയും ഏഴാം വിക്കറ്റില്‍ ഖുറൈശിയോടൊപ്പം 150 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്‌തു.ഇന്ത്യന്‍ ക്രിക്കറ്റിന് ജാര്‍ഖണ്ഡിന്റെ സംഭാവന ഒരു ധോണിയില്‍ ഒതുങ്ങിപ്പോകില്ലെന്ന് ഉറപ്പ്. കൂടുതല്‍ പ്രതിഭകള്‍ വളര്‍ന്നുവരണമെന്നാഗ്രഹിച്ച് തന്റെ സംസ്ഥാനത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്ന വ്യക്തിയാണ് ധോണി. റാഞ്ചിയില്‍ എത്തിയാല്‍ ധോണി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ സ്‌റ്റേഡിയത്തിലെത്തും. അവിടെ ജൂനിയേഴ്‌സിന്റേതാകട്ടെ സീനിയേഴ്‌സിന്റേതാകട്ടെ, ഏത് ക്യാമ്പിലേക്കും ധോണി എത്തും, കുറച്ച് സമയം അവിടെ ചെലവഴിക്കും.
കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ് ടീം മുഷ്‌താഖ് അലി ട്രോഫി നേടിയപ്പോള്‍ ആദ്യമെത്തിയ അഭിനന്ദന സന്ദേശം ധോണിയുടേതായിരുന്നുവെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും മുന്‍ ഇന്ത്യന്‍ താരവുമായ സൗരഭ് തിവാരി വ്യക്തമാക്കിയിരുന്നു. ജാര്‍ഖണ്ഡിന്റെ ജൂനിയര്‍ സീനിയര്‍ ടീമുകളിലെ ഓറോ താരത്തെയും കുറിച്ച് ധോണിക്ക് കൃത്യമായ വിവരങ്ങളുണ്ട്. എപ്പോള്‍ ചോദിച്ചാലും ടീമിന്റെ പ്ലെയിംഗ് ഇലവനെ ഓര്‍മയില്‍ നിന്നെടുത്ത് പറയാന്‍ ധോണിക്ക് സാധിക്കുമെന്ന് സൗരഭ് പറയുന്നു.
ജാര്‍ഖണ്ഡിന്റെ അണ്ടര്‍ 23 ടീമിന്റെ പരിശീലകനായ ഇഷാങ്ക് ജാഗിക്കും ധോണിയുടെ ഇംപാക്ടിനെ കുറിച്ച് പറയാനേറെയുണ്ട്. സംസ്ഥാനത്ത് നിന്ന് ആദ്യമായി ദേശീയ ടീമിലെത്തിയ താരം ധോണിയാണ്. അദ്ദേഹമാണ് തങ്ങള്‍ക്കെല്ലാം വഴികാട്ടിയായതെന്ന് ഇഷാങ്ക് ജാഗി പറയുന്നു. ധോണി റാഞ്ചിയിലെത്തിയാല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലുണ്ടാകും. അവിടെ അദ്ദേഹത്തിന് ചുറ്റിലുമായിരിക്കും എല്ലാവരും. വനിതാ ടീമിനും പുരുഷ ടീമിനുമെല്ലാം നിര്‍ദേശങ്ങള്‍ നല്‍കി പ്രോത്സാഹനം നല്‍കി ധോണി ധാരാളം സമയം ചെലവഴിക്കുന്നു. ഇത്രയും മതിയാകും ജാര്‍ഖണ്ഡ് പോലൊരു സംസ്ഥാനത്ത് നിന്ന് ക്രിക്കറ്റ് പ്രതിഭകളെ ഇടവേളകളില്ലാതെ ഇന്ത്യന്‍ ടീമിലെത്തിക്കാനെന്ന് ഇഷാങ്ക് ജാഗി വിശ്വസിക്കുന്നു.
ധോണി കാട്ടിക്കൊടുത്ത ആത്മവിശ്വാസത്തിന്റെ പാതയിലൂടെ സഞ്ചരിച്ച്, ഇഷാന്‍ കിഷന്റെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡ് താരങ്ങള്‍ ഈസ്റ്റ് സോണിനെ ദുലീപ് ട്രോഫി ചാമ്പ്യന്‍മാരാക്കിയത് ആഭ്യന്തര ക്രിക്കറ്റിലെ വലിയൊരു തലമുറമാറ്റത്തിന്റെ തെളിവാണ്. ധോണി എവിടെയുണ്ടോ, അവിടെ ക്രിക്കറ്റിന് ഉണര്‍വുണ്ടാകുമെന്നത് ഇന്ത്യന്‍ ക്രിക്കറ്റ് അനുഭവിച്ചറിഞ്ഞ സത്യമാണ്. ധോണിയുടെ സാന്നിധ്യവും സാമീപ്യവും ആസ്വദിച്ച് ജാര്‍ഖണ്ഡ് ക്രിക്കറ്റ് മുന്നോട്ട് കുതിക്കട്ടെ, അത് ഇന്ത്യന്‍ ക്രിക്കറ്റിനും ശുഭസൂചനയാണ്..
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
