
ഇംഗ്ലണ്ട് പര്യടനം സമനിലയില്‍, വെസ്റ്റ് ഇൻഡീസിനെതിരെ വൈറ്റ് വാഷ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടമെന്ന സ്വപ്നം തേടിയുള്ള നാലാം ശ്രമത്തില്‍ ഇന്ത്യക്ക് മുന്നില്‍ ഇനിയെത്തുന്നത് ദക്ഷിണാഫ്രിക്ക. നിലവിലെ ചാമ്പ്യന്മാര്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈഡൻ ഗാര്‍ഡൻസ് ആതിഥേയത്വം വഹിക്കുന്ന ടെസ്റ്റോടുകൂടി രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്ക് തുടക്കമാകും. ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ ഹോം സീരിസുകളിലെ വിജയം അനിവാര്യമാണ്, അതുകൊണ്ട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ശുഭ്മാൻ ഗില്ലിന്റെ സംഘത്തിന് നിര്‍ണായകവും. എങ്ങനെയെന്ന് പരിശോധിക്കാം.
നിലവില്‍ ചാമ്പ്യൻഷിപ്പ് സൈക്കിളില്‍ രണ്ട് പരമ്പരകളിലായി ഏഴ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. നാല് ജയം, രണ്ട് തോല്‍വി, ഒരു സമനില. 52 പോയിന്റ്. പോയിന്റ് ശതമാനം 61.90. പോയിന്റ് പട്ടികയില്‍ ഓസ്ട്രേലിയക്കും ശ്രീലങ്കയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് നിലവില്‍. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് ഫൈനല്‍ യോഗ്യത. പ്രോട്ടിയാസിനെതിരായ രണ്ട് ടെസ്റ്റുകള്‍ക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇന്ത്യ ആകെ കളിക്കുന്ന പോയിന്റിന്റെ എണ്ണം 108 ആയി ഉയരും. ഇനി ജയ-പരാജയ-സമനില സാധ്യതകള്‍ നോക്കാം.
ദക്ഷിണാഫ്രിക്കയെ 2-0ന് കീഴടക്കുകയാണെങ്കില്‍ ഇന്ത്യക്ക് 24 പോയിന്റുകള്‍ക്കൂടി ലഭിക്കും. ഇത് ഇന്ത്യയുടെ ആകെ പോയിന്റ് നില 76 ആക്കി ഉയര്‍ത്തുകയും ചെയ്യും. 108ല്‍ 76 പോയിന്റ്. ഇത് ശതമാനം 70.37 ആക്കി വര്‍ധിപ്പിക്കും. ഇങ്ങനെയാണ് പരമ്പര അവസാനിക്കുന്നതെങ്കില്‍ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിക്കും. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ശ്രീലങ്കയ്ക്ക് എതിരെ അവരുടെ നാട്ടിലാണ്, അതുകൊണ്ട് രണ്ട് ജയം ഇന്ത്യക്ക് എഡ്ജ് നല്‍കും.
ഇനി പരമ്പരയില്‍ ഇന്ത്യ ഒരു മത്സരം ജയിക്കുകയും മറ്റൊന്ന് സമനിലയാകുകയും ചെയ്താലും നിലമോശമാക്കാതിരിക്കാൻ ഗൗതം ഗംഭീറിന്റെ കുട്ടികള്‍ക്ക് കഴിയും. ഇങ്ങനെയെങ്കില്‍ 68 പോയിന്റാകും ഇന്ത്യക്ക്. 62.96 ശതമാനം. മൂന്നാം സ്ഥാനത്ത് തന്നെ നിലകൊള്ളേണ്ടതായും വരും. പരമ്പര 1-1ന് സമനിലയിലാകുകയാണെങ്കില്‍ ഇന്ത്യക്ക് ശതമാനത്തില്‍ ഇടിവുണ്ടാകും. പോയിന്റ് ശതമാനം 59.26ലേക്ക് വീഴും. രണ്ട് മത്സരങ്ങളും സമനിലയിലായെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പമാകും, പോയിന്റ് ശതമാനം 55.56 ആയി വീണ്ടും ചരുങ്ങും, പരുങ്ങലിലാകും.
1-0ന് ദക്ഷിണാഫ്രിക്ക പരമ്പരനേടിയാല്‍ പോയിന്റ് ശതമാനം 51.85 ആകും. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ പിന്നിലാക്കാനുമാകും. 2-0ന് ടെമ്പ ബാവുമയും സംഘവും പരമ്പര നേടിയാല്‍ പോയിന്റ് ശതമാനം 48.15 ആകും. പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കാകും വീഴുക, പാക്കിസ്ഥാന് പിന്നിലായി. ഇത് ഇന്ത്യക്ക് മുകളിലെ സമ്മര്‍ദം ഇരട്ടിപ്പിക്കും.
അവശേഷിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരായ എവെ പരമ്പരകളാണ്. രണ്ട് വീതം മത്സരങ്ങളാണുള്ളത്. മറ്റൊന്ന് ഓസ്ട്രേലിയക്കെതിരായ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അഞ്ച് മത്സരങ്ങളുള്ള പരമ്പരയാണ്. ഇത് മൂന്നിലും തോല്‍വികളോ സമനിലയോ വഴങ്ങുക കിരീടത്തിലേക്കുള്ള യാത്ര കഠിനമാക്കും. ആദ്യ രണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളുകളിലും ഫൈനലിലെത്തിയ ഇന്ത്യക്ക് മൂന്നാം വട്ടം അതിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇത്തവണ കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ യുവസംഘം പുതുനായകന്റെ കീഴില്‍ കളത്തിലെത്തുന്നത്.
ഈഡൻ ടെസ്റ്റില്‍ ആദ്യ രണ്ട് ദിവസങ്ങള്‍ നിർണായകമായേക്കും. ന്യൂബോളില്‍ ബൗളര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിങ്ങ് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ വിക്കറ്റുകള്‍ പരിശോധിച്ചാല്‍ പേസർമാർക്ക് ഏറ്റവുമധികം പിന്തുണ ലഭിക്കുന്നത് ഈഡൻ ഗാർഡൻസിലാണ്. 2010ന് ശേഷമുള്ള കണക്കുകളെടുത്താല്‍ ഒരു ടെസ്റ്റില്‍ 19 വിക്കറ്റുകളാണ് ശരാശരി പേസര്‍മാര്‍ നേടിയിട്ടുള്ളത്. പോയകാലത്തില്‍ നിന്ന് സമാനമായൊരു പിച്ചല്ല ഈഡനില്‍ ഒരുക്കിയിരിക്കുന്നതെങ്കിലും പേസ് ബൗളര്‍മാര്‍ക്ക് അവരുടെ സാധ്യതകളെ പ്രയോജനപ്പെടുത്താനാകും. അങ്ങനെയെങ്കില്‍ ബുമ്ര-സിറാജ് ദ്വയവും റബാഡ-യാൻസൻ സഖ്യവും തമ്മിലുള്ള പോരുകൂടിയാകും ടെസ്റ്റ്.
രണ്ട് ദിവസത്തിന് ശേഷം സ്പിന്നര്‍മാരുടെ റോള്‍ പതിവുപോലെ വര്‍ധിച്ചേക്കും. ഇരുടീമുകളും മൂന്ന് സ്പിന്നര്‍മാരെ കളത്തിലെത്തിക്കാനാണ് സാധ്യത. ഇന്ത്യൻ നിരയില്‍ വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ സഖ്യം സ്ഥാനം ഉറപ്പിക്കുമ്പോള്‍ മൂന്നാം സ്പിന്നറായി അക്സര്‍ പട്ടേലോ കുല്‍ദീപ് യാദവോ എത്തിയേക്കും. ബാറ്റിങ് നിരയില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍ പ്രത്യക്ഷപ്പെടുമെന്ന അപൂര്‍വതയ്ക്കും ഈഡൻ ടെസ്റ്റ് സാക്ഷിയായേക്കും. ഇന്ത്യക്കായി കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദ്രുവ് ജൂറല്‍ എന്നീ മൂന്ന് കീപ്പര്‍മാരും കളത്തിലത്തുമെന്നാണ് വിവരം.