ഇഴയുന്ന ബാറ്റിങ് മുതല്‍ ചോരുന്ന കൈകള്‍ വരെ; ലോകകപ്പ് അടിക്കാൻ ഹർമൻ പ്രീതും സംഘവും ഇങ്ങനെ കളിച്ചാല്‍ മതിയോ?

Published : Oct 08, 2025, 10:46 AM IST
Indian Cricket Team

Synopsis

ഹർമൻപ്രീത് നയിക്കുന്ന സംഘം രണ്ട് വിജയത്തോടെ ലോകകപ്പ് ആരംഭിച്ചെങ്കിലും പോരായ്മകളുടെ നീണ്ട പട്ടിക തന്നെ ചൂണ്ടിക്കാണിക്കാനുണ്ട്. ഇത് തുടർന്നാൽ കിരീട സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയാകും

ശരിയാണ്, വനിത ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ആധികാരികമായി ജയിച്ചു. ശ്രീലങ്കയോടും പാക്കിസ്ഥാനോടും. പക്ഷേ, ഈ ജയങ്ങളില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്ന ഒന്നുമില്ല എന്ന് പറഞ്ഞാല്‍ തെറ്റുണ്ടാകില്ല. കീരടമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഹര്‍മൻപ്രീത് കൗറും സംഘവും ഇറങ്ങുന്നതെങ്കില്‍ തിരുത്താൻ ഏറെയുണ്ട്. ഇനിവരാനിരിക്കുന്നത് നിര്‍ണായകമായ നാല് മത്സരങ്ങള്‍. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്. ടീം ലൈനപ്പ് മുതല്‍ ഫീല്‍ഡിലെ ചോരുന്ന കൈകള്‍ വരെ പോരായ്മകളുടെ നീണ്ട പട്ടികയില്‍പ്പെടുന്നു.

മെല്ലെ മെല്ലെ ബാറ്റിങ് നിര

ബാറ്റിങ് നിരയിലേക്ക് ആദ്യം, മികച്ച തുടക്കങ്ങളുടെ അഭാവമാണ് ഒന്ന്. ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും എതിരായ ഇന്ത്യയുടെ പവര്‍പ്ലേ സ്കോറുകള്‍ 43ഉം 54ഉം. ഇതിന്റെ പ്രധാന കാരണം ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന സ്മൃതി മന്ദനയുടെ ബാറ്റ് നിശബ്ദമാണെന്നതാണ്. ഷഫാലി വര്‍മയുടെ അഭാവത്തില്‍ ഏറെക്കാലമായി ഏകദിന ക്രിക്കറ്റില്‍ നീലപ്പടയ്ക്ക് അതിവേഗത്തുടക്കം നല്‍കുന്നത് സ്മൃതിയാണ്. എന്നാല്‍, ഈ ലോകകപ്പില്‍ ഇതുവരെ പവര്‍പ്ലേ താണ്ടാൻ താരത്തിനായിട്ടില്ല. 8, 23 എന്നിങ്ങനെയാണ് ഇടം കയ്യൻ ബാറ്ററുടെ സ്കോറുകള്‍.

സ്മൃതിയുടെ ഓപ്പണിങ് പങ്കാളി പ്രതീക റാവലിനും പിന്നാലെയെത്തുന്ന ഹര്‍ളീൻ ഡിയോളിനും സ്മൃതിയുടെ റോള്‍ ഏറ്റെടുക്കാനുമാകുന്നില്ല. പ്രതീകയുടെ ലോകകപ്പിലെ സ്ട്രൈക്ക് റേറ്റ് എഴുപതും ഹര്‍ളീന്റെ 72ഉം ആണ്. ഇരുവരുടേയും മെല്ലപ്പോക്ക് പിന്നാലെയെത്തുന്ന ജമീമയ്ക്കും ഹര്‍മൻപ്രീതിനുമൊക്കെ നല്‍കുന്ന സമ്മര്‍ദവും ചെറുതല്ല. ലങ്കയിലെ വേഗതകുറഞ്ഞ വിക്കറ്റ് ഇന്ത്യയുടെ സ്കോറിങ് ഒഴുക്കിന് തടസമായെന്ന് ന്യായീകരിക്കാം. പക്ഷേ, രണ്ട് മത്സരങ്ങളിലും ആവര്‍ത്തിച്ച ബാറ്റിങ് തകര്‍ച്ചയാണ് മറ്റൊരു പ്രധാന ആശങ്ക.

ശ്രീലങ്കയ്ക്കെതിരെ 120-2 എന്ന നിലയില്‍ നിന്ന് 124-6 ലേക്ക് വീണു. പാക്കിസ്ഥാനെതിരെ 106-2 എന്ന നിലയില്‍ നിന്ന് 159-5ലേക്കും വീണു. ഈ രണ്ട് തവണയും ഇന്ത്യയുടെ റണ്‍റേറ്റ് നാലില്‍ താഴെയായിരുന്നു. പാക്കിസ്ഥാനെതിരെ 172 ഡോട്ട് ബോളുകള്‍, ശ്രീലങ്കയ്ക്കെതിരെ 127 എണ്ണവും. രണ്ട് മത്സരങ്ങളിലും ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത് സ്നേ റാണയുടേയും റിച്ചാ ഘോഷിന്റേയും ക്യാമിയോകളുമായിരുന്നു. അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ഇനി ഇന്ത്യയിലാണെന്നതുകൊണ്ട് തന്നെ, ഇതില്‍ മാറ്റമുണ്ടാകുമെന്ന് കരുതാം. പക്ഷേ, കഴിഞ്ഞ ഓസ്ട്രേലിയക്കെതിരായ പരമ്പര തൊട്ട് ഇന്ത്യയുടെ ഫീല്‍ഡിലെ പിഴവുകള്‍ വര്‍ധിക്കുകയാണ്.

ഫീല്‍ഡിങ് ശരാശരിക്കും താഴെ

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ കൂറ്റൻ സ്കോര്‍ വഴങ്ങിയത് പിന്നിലെ പ്രധാന കാരണം ഫീല്‍ഡിങ്ങിലെ പോരായ്മകളായിരുന്നു. പ്രത്യേകിച്ചും ഡീപ് ഫീല്‍ഡര്‍മാരുടെ ഭാഗത്തുനിന്ന്. ഇത്, ലോകകപ്പിലും ആവര്‍ത്തിക്കുകയാണ്. ഹര്‍മനും സ്മൃതിയുമടക്കമുള്ള മുതിര്‍ന്ന താരങ്ങളില്‍ നിന്ന് പോലും ഇത് സംഭവിക്കുന്നുവെന്നതാണ് എടുത്തുപറയേണ്ട ഒന്ന്. പാക്കിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരായ മത്സരങ്ങളിലെ ശരാശരിക്കും താഴെയുള്ള ഫീല്‍ഡിങ് പ്രകടനം ഇന്ത്യയുടെ വിജയത്തെ ബാധിച്ചില്ലെങ്കിലും ഓസ്ട്രേലിയയേയും ഇംഗ്ലണ്ടിനേയും പോലുള്ള ക്വാളിറ്റി സൈഡിനെതിരെ ഇത് തുടര്‍ന്നാല്‍ തിരിച്ചടിയാകും.

കൃത്യമായൊരു ടീം കോമ്പിനേഷൻ കണ്ടെത്താൻ ഇന്ത്യക്ക് ലോകകപ്പിന് മുൻപും ശേഷവും സാധിച്ചിട്ടില്ല. ലങ്കയിലെ മത്സരങ്ങളില്‍ അഞ്ച് പ്രോപ്പര്‍ ബൗളര്‍മാരുമായാണ് ഇന്ത്യ കളത്തിലെത്തിയത്. എന്നാല്‍, ഇന്ത്യയിലെ ഫ്ലാറ്റ് വിക്കറ്റില്‍ ഇതിന് സാധിക്കുമോയെന്നതില്‍ ആശങ്കയുണ്ട്. ആറാം ബൗളറുടെ സാന്നിധ്യം ഹര്‍മന് ആവശ്യമായി വന്നേക്കാം. എങ്കില്‍, പ്ലേയിങ് ഇലവനെ ഇന്ത്യ എങ്ങനെ സജ്ജമാക്കുമെന്നും നോക്കിക്കാണേണ്ടതുണ്ട്.

അമൻജോത് കൗറെന്ന ഓള്‍റൗണ്ടര്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും നല്‍കുന്ന ഡെപ്ത് കണ്ടില്ലെന്ന് നടിക്കാനാകില്ല. ശ്രീലങ്കയ്ക്കെതിരെ അമൻജോതിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. രേണുക സിങ്ങും ക്രാന്തി ഗൗഡും മികച്ച ഫോമിലുമാണ്. ബാറ്റിങ് നിരയിലെ ആരെയും ഒഴിവാക്കാനാകാത്ത പശ്ചാത്തലം മറുവശത്തുമുണ്ട്. കൃത്യമായൊരു വിന്നിങ് കോമ്പിനേഷൻ കണ്ടെത്താൻ ഇന്ത്യക്ക് മുന്നില്‍ അധികസമയവുമില്ല.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്വിങ് ലഭിക്കുന്ന ബൗളര്‍മാര്‍ക്ക് മുന്നിലും ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെയും ഇന്ത്യൻ ബാറ്റര്‍മാര്‍ ഉത്തരമില്ലാതെ നില്‍ക്കുന്നത് കണ്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വ്യാഴാഴ്ച കളത്തിലെത്തുമ്പോള്‍ ഈ രണ്ട് പരീക്ഷണവും ഒരിക്കല്‍ക്കൂടി അഭിമുഖീകരിക്കേണ്ടതായി വരും. മരിസാൻ കാപ്പും അയബൊംഗ ഖാകയും ന്യൂബോളില്‍ ഏറ്റവും അപകടകാരിയായ പേസര്‍മാരാണ്. ലെഗ് സ്പിന്നറായി നോൻകുലുലേക്കൊ മ്ലാബയും. ന്യൂസിലൻഡിനെതിരെ ഫ്ലാറ്റ് വിക്കറ്റില്‍ നാല് വിക്കറ്റെടുക്കാൻ മ്ലാബയ്ക്ക് കഴിഞ്ഞിരുന്നുവെന്നതും ഓര്‍ക്കണം. അതുകൊണ്ട് കരുതിയിറങ്ങിയില്ലെങ്കില്‍ ഒന്നും എളുപ്പമാകില്ല. തുടര്‍ വിജയങ്ങളുടെ ആലസ്യം വെടിഞ്ഞ് പോരായ്മകള്‍ തിരുത്തണം.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?