മിന്നുവും സജനയും, 'സൈലന്റ് കില്ലേഴ്സ്' ഫ്രം വയനാട്

Published : Mar 15, 2025, 03:53 PM IST
മിന്നുവും സജനയും,  'സൈലന്റ് കില്ലേഴ്സ്' ഫ്രം വയനാട്

Synopsis

പ്രഥമ സീസണിന്റെ ആവര്‍ത്തനമെന്നവണ്ണം മുംബൈയും ഡല്‍ഹിയും സുവര്‍ണ കിരീടം തേടിയിറങ്ങുകയാണ്. പിന്നോട്ട് നോക്കിയാല്‍ ഇരുടീമുകളുടേയും യാത്രയില്‍ സജനയും മിന്നുവും എത്രത്തോളം നിര്‍ണായകമാണെന്നറിയാം

ഡബ്ല്യുപിഎല്ലിന്റെ കലാശപ്പോരിലെ ആകാംഷയുടെ നീളം അങ്ങ് ഇന്ദ്രപ്രസ്ഥം മുതല്‍ മാനന്തവാടി വരെയാണ്. അതിന് കാരണം, ഇരുണ്ട നാള്‍വഴികളെ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ പടവെട്ടി ജയിച്ച രണ്ട് മലയാളി താരങ്ങളും. മുംബൈ ഇന്ത്യൻസിന്റെ സജന സജീവനും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മിന്നു മണിയും. വനിത ക്രിക്കറ്റിലെ ഇതിഹാസങ്ങളെല്ലാം അണിനിരക്കുന്ന ലോകത്തിലെ തന്നെ ഏക ടൂര്‍ണമെന്റില്‍ സീസണില്‍ ഒരു മത്സരത്തില്‍ പോലും ബെഞ്ചിരിക്കേണ്ടി വന്നിട്ടില്ല ഇരുവര്‍ക്കും. 

പ്രഥമ സീസണിന്റെ ആവര്‍ത്തനമെന്നവണ്ണം മുംബൈയും ഡല്‍ഹിയും സുവര്‍ണ കിരീടം തേടിയിറങ്ങുകയാണ്. പിന്നോട്ട് നോക്കിയാല്‍ ഇരുടീമുകളുടേയും യാത്രയില്‍ സജനയും മിന്നുവും എത്രത്തോളം നിര്‍ണായകമാണെന്നറിയാം. 'ഒരു പെണ്‍കുട്ടിയും അവളുടെ ആയുധവും' എന്ന ക്യാപ്ഷനോടെയായിരുന്നു മുംബൈ ഇന്ത്യൻസ് സജനയുടെ ചിത്രം ആദ്യമായി തങ്ങളുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബാറ്റേന്തിനില്‍ക്കുന്ന സജനയായിരുന്നു ചിത്രത്തില്‍.

കഴിഞ്ഞ ദിവസം സജനയുടെ ഒരു ചിത്രം മുംബൈ പോസ്റ്റ് ചെയ്തിരുന്നു. സ്ട്രൈക്ക് ഇറ്റ് ലൈക്ക് സജന സജീവൻ എന്നായിരുന്നു തലവാചകം. രണ്ട് സീസണിലെ യാത്രകൊണ്ട് ഒരു ബിഗ് ഹിറ്ററെന്ന ടാഗ് ലൈൻ നേടിയെടുത്തുകഴിഞ്ഞു സജന. എല്ലാത്തിന്റേയും തുടക്കവും ഫൈനലില്‍ കാത്തിരിക്കുന്ന ഡല്‍ഹിക്കെതിരെ തന്നെയായിരുന്നു...

ഒരു വർഷം മുൻപ്, കൃത്യമായി പറഞ്ഞാല്‍ 2024 ഫെബ്രുവരി 23. ഡല്‍ഹി-മുംബൈ മത്സരം, സജന ക്രീസിലേക്ക് എത്തുമ്പോള്‍ മുംബൈക്ക് ജയിക്കാൻ ഒരു പന്തില്‍ അഞ്ച് റണ്‍സ്. മിഡില്‍ സ്റ്റമ്പ് ലക്ഷ്യമാക്കി ആലീസ് ക്യാപ്സിയെറിഞ്ഞ പന്ത് ക്രീസിന് പുറത്തേക്കിറങ്ങി സജന ലോഫ്റ്റ് ചെയ്തു. മൈതാനത്തിന്റെ ദൂരമേറിയ ഭാഗത്തേക്ക് മൂളി പറന്ന പന്തിലൂടെയായിരുന്നു സജന ഡബ്ല്യുപിഎല്ലില്‍ വരവറിയിച്ചത്.

മുംബൈയുടെ വിശ്വാസം അന്ന് മുതല്‍ കാക്കാൻ സജനയ്ക്കായിട്ടുണ്ട്. ബാറ്റുകൊണ്ട് മാത്രമല്ല ഈ സീസണില്‍ സജന തിളങ്ങിയത്, ഫീല്‍ഡിലെ മികവുകൊണ്ടുകൂടിയാണ്. ഗുജറാത്തിനെതിരായ ആദ്യ മത്സരത്തില്‍ ലോറ വോള്‍വാഡിന്റേയും ആഷ്ലി ഗാർഡനറിന്റേയും യുപിക്കെതിരെ അപകടകാരിയായ ചിനലെ ഹെൻറിയുടേയും നിർണായക ക്യാച്ചുകള്‍. ലോങ് ഓണിലെ മുംബൈയുടെ ചോരാത്ത കൈകളുടെ  പേരുകൂടിയാണ് സജന.

ബാറ്റിങ്ങില്‍ സജനയുടെ റേഞ്ച് എന്താണെന്ന്  അറിയണമെങ്കില്‍ സാക്ഷാല്‍ എലിസെ പെറിയോട് ചോദിക്കാം. ബെംഗളൂരുവിനെതിരായ മത്സരത്തില്‍ സമ്മർദം കൊടുമുടിയായി ഉയരുമ്പോഴായിരുന്നു പെറിക്കെതിരെ ലോങ് ഓണിനും മിഡ് ഓഫിനും മുകളിലൂടെ സജന സിക്സർ നേടിയത്. 134 ആണ് സീസണിലെ സജനയുടെ സ്ട്രൈക്ക് റേറ്റ്. ഹർമൻപ്രീത് ഒരു തവണ മാത്രമായിരുന്നു ഇക്കുറി സജനയ്ക്ക് പന്ത് നല്‍കിയത്, അപ്പോഴും വിക്കറ്റ് സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

മറുവശത്ത് സൈലന്റ് കില്ലറാണ് മിന്നു. നിശബ്ദയായി അവള്‍ വരും, വിക്കറ്റുകള്‍ നേടും, പോകും...ഇങ്ങനെയാണ് ഡല്‍ഹി മിന്നുവിനെ വിശേഷിപ്പിക്കുന്നത്. ട്വന്റി 20 ക്രിക്കറ്റ് ഒരു ഓഫ് സ്പിന്നര്‍ക്ക് അല്‍പ്പം കഠിനമുള്ള ഫോർമാറ്റാണ്. വിക്കറ്റുകള്‍ വീഴ്ത്തുകയും റണ്ണൊഴുക്ക് തടയുകയും അത്ര എളുപ്പമുള്ള ഒന്നല്ല. എന്നാല്‍, ഡല്‍ഹി ക്യാപ്റ്റനും ഓസീസ് ലെജൻഡുമായ മെഗ് ലാനിങ് മിന്നുവില്‍ കണ്ട വ്യത്യസ്തയും അതുതന്നെയായിരുന്നു. 

മെഗ് ലാനിങ് എല്ലാ മത്സരങ്ങളിലും മിന്നുവിലേക്ക് വിക്കറ്റുകള്‍ക്കായി വിരല്‍ ചൂണ്ടാറില്ല. പക്ഷേ മുംബൈക്കെതിരെ മെഗിന്റെ വജ്രായുധങ്ങളിലൊന്ന് മിന്നു തന്നെയായിരിക്കും. സീസണിലെ രണ്ട് മത്സരങ്ങളിലും മുംബൈയെ ആധികാരികമായി ഡല്‍ഹി കീഴടിക്കിയപ്പോള്‍ വിക്കറ്റ് കോളത്തില്‍ മിന്നുവിന്റെ പേരുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ അമേലി കേറിന്റെ റണ്ണൗട്ടിന് പിന്നിലും മിന്നുവായിരുന്നു.

മുംബൈക്കെതിരായ രണ്ടാം പോരിലായിരുന്നു സീസണിലെ ഏറ്റവും മികച്ച പ്രകടനം മിന്നു പുറത്തെടുത്തത്. മൂന്ന് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുതു മിന്നു. ഒരു ഓവറില്‍ അമേലി കേറിനേയും സജനയേയും മടക്കിയായിരുന്നു ഡല്‍ഹിയെ ഡ്രൈവിങ് സീറ്റിലേക്ക് മിന്നുവെത്തിച്ചത്. സീസണില്‍ ഇതുവരെ 17 ഓവറുകളാണ് മിന്നുവെറിഞ്ഞത്, നേടിയത് ആറ് വിക്കറ്റുകള്‍.

മിന്നുവിന്റെ മികവ് എക്കണോമി റേറ്റിലാണ്. 6.82 ആണ് മിന്നു ഒരു ഓവറില്‍ വിട്ടുനല്‍കുന്ന റണ്‍സിന്റെ ശരാശരി. ഡബ്ല്യുപിഎല്‍ റണ്ണൊഴുക്കിന്റെ കാര്യത്തില്‍ കൊടുമുടി കേറിയ സീസണിലാണ് മിന്നുവിന്റെ ഈ കണക്കുകള്‍. അതുകൊണ്ട് ഇരുതാരങ്ങള്‍ക്കും കിരീടത്തിലേക്ക് തങ്ങളുടെ ടീമിനെ അടുപ്പിക്കുന്നതില്‍ നിര്‍ണായക റോളുണ്ടാകും. മിന്നു മിന്നുമോ അതോ സജന സെൻസേഷണലാകുമോയെന്നതാണ് ആകാംഷ.

PREV
click me!

Recommended Stories

മുന്നിലുള്ളത് 10 മത്സരങ്ങള്‍, ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരൊക്കെയെത്തും?, സഞ്ജുവിന് ഏറെ നിര്‍ണായകം
'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?