
‘’അവര്‍ നിരന്തരം പരീക്ഷിക്കപ്പെടുകയല്ല ഇവിടെ. നേടാൻ സാധിക്കുന്നതെല്ലാം അവര്‍ സ്വന്തമാക്കി കഴിഞ്ഞു. അത് കിരീടങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, റണ്‍സിലും'' - ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കര്‍ രോഹിത് ശര്‍മയേയും വിരാട് കോഹ്ലിയേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഈ ഉത്തരം പറഞ്ഞു നിര്‍ത്തിയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. 2027 ഏകദിന ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്കുള്ള ഇരുവരുടേയും യാത്രക്ക് ഒരു വിചാരണയുടെ സ്വഭാവമുണ്ടാകില്ല എന്നായിരുന്നു സാരാംശം. എന്നിരുന്നാലും ആ യാത്ര അത്ര എളുപ്പമാക്കാനും ബിസിസിഐ താല്‍പ്പര്യപ്പെടുന്നില്ല.
ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിതിനും കോഹ്ലിക്കും ഏകദിന ടീമില്‍ നിലനില്‍ക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായെ തീരുവെന്ന നിലപാട് എടുത്തിരിക്കുന്നു ബിസിസിഐ. ഒന്നരപതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ളവര്‍ക്ക് മുന്നില്‍ ഇത്തരം നിബന്ധനകളുടെ അനിവാര്യത ഉണ്ടോ?
മാച്ച് ഫിറ്റ്‌നസ്, ഇതാണ് രോ-കൊ സഖ്യത്തിന് മുകളില്‍ ഇത്തരമൊരു കടമ്പ വെക്കാൻ ബിസിസിഐയെ നിർബന്ധിതമാക്കിയത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് ഇരുവരും മടങ്ങിയെത്തിയത് ഓസ്ട്രേലിയൻ പര്യടനത്തിലായിരുന്നു. ഇടവേളയുടെ ആലസ്യം ആദ്യ രണ്ട് മത്സരങ്ങളിലും രോഹിതിന്റേയും കോഹ്ലിയുടേയും പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. എട്ട്, 73, 121 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു രോഹിതിന്റെ സ്കോറുകള്‍. അഡ്‌ലെയ്‌ഡില്‍ ചെറുത്തുനില്‍പ്പ് രോഹിതിനെ രക്ഷിച്ചു, സിഡ്നിയില്‍ ക്ലാസിക്ക് ശതകം. മറുവശത്ത് പെർത്തിലും അഡ്‌ലയ്‌ഡിലും കോഹ്ലി ഡക്ക്, സിഡ്നിയില്‍ തിരിച്ചുവരവ്, 74 നോട്ടൗട്ട്.
ഇരുവരുടേയും കൂട്ടുകെട്ടായിരുന്നു സിഡ്നിയില്‍ ഇന്ത്യക്ക് ജയമൊരുക്കിയത്, മറുവശത്ത് ആദ്യ രണ്ട് ഏകദിനത്തിലും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമായി. വ്യക്തിഗത പ്രകടനങ്ങളില്‍ താൻ സന്തോഷിക്കുന്നില്ലെന്നും പരമ്പര നഷ്ടപ്പെട്ടതിന് ശേഷമുള്ള ആഘോഷങ്ങളോട് താല്‍പ്പര്യമില്ലെന്നും മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പരിശീലകനെന്ന നിലയില്‍ രാജ്യത്തിനാണ് പ്രധാന്യം നല്‍കുന്നത്, വ്യക്തികള്‍ക്കല്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഇതും രോഹിതിനും കോഹ്ലിക്കുമുള്ള സൂചനയായി കരുതേണ്ടി വരും. പക്ഷേ, പ്രായത്തിന്റേയും പുറമെ സൃഷ്ടിക്കപ്പെടുന്ന സമ്മര്‍ദത്തേയും അതിജീവിക്കാൻ തന്നെയാണ് രോഹിതും കോഹ്ലിയും ഒരുങ്ങുന്നത്.
ഇനി ഇന്ത്യക്ക് മുന്നിലുള്ള ഏകദിന പരമ്പരകള്‍ ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനുമെതിരെയാണ്. പ്രോട്ടിയാസിനെതിരെ ഡിസംബര്‍ ആദ്യ വാരവും, കിവീസിനെതിരെ ജനുവരി രണ്ടാം വാരത്തിലും. രണ്ടും മൂന്ന് വീതം ഏകദിനങ്ങളുള്ള പരമ്പരകളാണ്. ഏകദിന ഫോര്‍മാറ്റില്‍ ഇതിനിടയിലുള്ള ഏക ആഭ്യന്തര ടൂര്‍ണമെന്റ് ഡിസംബര്‍ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ടൂര്‍ണമെന്റാണ്. ആഭ്യന്തര ക്രിക്കറ്റില്‍ രോഹിത് മുംബൈയേയും കോഹ്ലി ഡല്‍ഹിയേയുമാണ് പ്രതിനിധീകരിക്കുന്നത്.
38 പിന്നിടുന്ന രോഹിത് വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കായി കളിക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. നവംബര്‍ 26ന് ആരംഭിക്കുന്ന സയ്ദ് മുഷ്താഖ് അലി ടി ട്വന്റി ടൂര്‍ണമെന്റില്‍പ്പോലും പങ്കെടുക്കാമെന്നും താരം എംസിഎയെ അറിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിന് മുൻപ് 11 കിലോയോളം ശരീരഭാരം കുറച്ച രോഹിത് വീണ്ടും ക്ഷമത മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ശരത് പവാര്‍ ഇൻഡോര്‍ അക്കാദമിയില്‍ തീവ്രപരിശീലനത്തിലാണ് രോഹിത് നിലവില്‍.
എന്നാല്‍, മറുവശത്ത് വിരാട് കോഹ്ലിയില്‍ നിന്ന് ഇത്തരം തീരുമാനങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. താരം ഡല്‍ഹിക്കായി വിജയ് ഹസാരയില്‍ ബാറ്റേന്തുമോയെന്നത് കാത്തിരുന്നുകാണേണ്ടി വരും. ഇരുവരും അവസാനമായി ആഭ്യന്തര ക്രിക്കറ്റില്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിലായിരുന്നു. കോഹ്ലി 12 വര്‍ഷത്തിനും രോഹിത് 10 വര്‍ഷത്തിനും ശേഷമായിരുന്നു രഞ്ജി കളിക്കാനെത്തിയത്. ഇരുവരുടേയും തിരിച്ചുവരവ് നിരാശയിലായിരുന്നു അവസാനിച്ചതും. രണ്ട് വര്‍ഷം മുൻപാണ് ഇന്ത്യൻ ടീമില്‍ ഭാഗമല്ലാത്ത എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകണമെന്ന് ബിസിസിഐ നിര്‍ദേശിച്ചത്.
വരുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയില്‍ രോഹിതിന്റേയും കോഹ്ലിയുടേയും സാന്നിധ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പരമ്പരയിലേയും വിജയ് ഹസാരെയിലേയും പ്രകടനമായിരിക്കും ന്യൂസിലൻഡിനെതിരായ പരമ്പരയിലേക്കുള്ള ടിക്കറ്റ്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമാക്കിയുള്ള ടീമിനെ ഒരുക്കാനുള്ള തയാറെടുപ്പിലാണ് ബിസിസിഐ. ഒരുപാട് ഏകദിന പരമ്പരകള്‍ മുന്നില്‍ ഇല്ലാത്തതിനാല്‍, തീരുമാനങ്ങള്‍ക്ക് ചിലപ്പോള്‍ മൂര്‍ച്ഛയേറാനും സാധ്യതയുണ്ട്. അത് രോഹിതിന്റേയും കോഹ്ലിയുടേയും കാര്യത്തില്‍ മാത്രമായിരിക്കില്ല, യുവതാരങ്ങള്‍ക്കും ബാധകമാകാമെന്ന് അഗാര്‍ക്കര്‍ പറഞ്ഞു കഴിഞ്ഞു.
ലോക ഒന്നാം നമ്പര്‍ ഏകദിന ബാറ്ററാണ് രോഹിത്, കോഹ്ലി ആറാം നമ്പറിലും. ടോപ് ടെന്നിലുള്ള മറ്റ് താരങ്ങള്‍ നായകൻ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും മാത്രമാണ്. രോഹിതിന്റേയും കോഹ്ലിയുടേയും പരിചയസമ്പത്തിന് മുകളില്‍ വെക്കാൻ പകരക്കാരില്ലെങ്കിലും അവസരം കാത്ത് പുറത്തുള്ള താരങ്ങളുടെ എണ്ണം ചെറുതല്ല. ഓപ്പണിങ്ങില്‍ യശസ്വി ജയ്സ്വാളിനായി കളമൊരുങ്ങുന്നതായാണ് സൂചനകള്‍, അതുകൊണ്ട് ഓരോ മത്സരവും പരമ്പരയും നേരിടുന്ന ഓരോ പന്തും രോഹിതിനും കോഹ്ലിക്കും നിര്‍ണായകമായിരിക്കും. സ്ഥിരതയാര്‍ന്ന പ്രകടനം മാത്രമായിരിക്കും ടീമിലെ സ്ഥാനം ഉറപ്പിക്കുക.