
ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 35-ാം ഓവര്‍. ബാവുമയും ബെഡിങ്ഹാമും സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ഉലഞ്ഞ കപ്പല്‍ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ ശാന്തതയിലേക്ക് എത്തിക്കുകയാണ്. പന്തെറിയാനെത്തുന്നത് പാറ്റ് കമ്മിൻസ്. ബാവുമയുടെ നെഞ്ചുയരത്തിലൊരു ഷോര്‍ട്ട് ബോള്‍. ഫ്രാക്ഷൻ ഓഫ് സെക്കൻഡിലാണ് പന്ത് ഗ്യാലറിയില്‍ ചെന്ന് പതിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ സിക്സര്‍ പ്രോട്ടിയാസ് നായകന്റെ ബാറ്റില്‍ നിന്ന്. വഴങ്ങിയത് ഓസീസ് നായകൻ.
കമ്മിൻസിന്റെ ആത്മവിശ്വാസം തകര്‍ക്കുക എന്നത് ആ നിമിഷത്തില്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒന്നായിരുന്നു. ഒരുപക്ഷേ അതിന് സാധിച്ചുവെന്ന് ബാവുമയ്ക്കും തോന്നിക്കാണണം. ബാവുമയുടെ പുള്‍ ഷോട്ടിന് കമ്മിൻസിന്റെ മറുപടി ലക്ഷണമൊത്തൊരു ബൗണ്‍സറായിരുന്നു. അടുത്തത് വോബിള്‍ സീം, പിന്നാലെ ബാക്ക് ഓഫ് ദ ലെങ്ത് ഔട്ട് സ്വിങ്ങര്‍. രണ്ട് തവണ തുടരെ ബവുമയെ ബീറ്റ് ചെയ്യുന്നു കമ്മിൻസ്.
പിന്നീട് കമ്മിൻസിനെ ബവുമ നേരിടുന്നത് 39-ാം ഓവറിലാണ്. ഒന്നിലധികം തവണ കവറിന് മുകളിലൂടെ ലോഫ്റ്റ് ചെയ്ത് ബൗണ്ടറി നേടിയിരുന്നു അപ്പോഴേക്കും ബവുമ. ഇവിടെയാണ് കമ്മിൻസ് ട്രാപ്പൊരുക്കിയത്. ബവുമയ്ക്ക് കാത്തുവെച്ചത് ഫുള്ളര്‍ ലെങ്തിലൊരു പന്ത്, ഒപ്പം മൂവ്മെന്റുമുണ്ടായിരുന്നു. വരവേല്‍പ്പ് നിരസിക്കാനുള്ള ക്ഷമ ബവുമ കാണിച്ചില്ല. ലോഫ്റ്റിനുള്ള സാഹചര്യമില്ലായിരുന്നു, പകരം ഡ്രൈവ്, ലെബുഷൈന്റെ ത്രസിപ്പിക്കുന്ന ഒരു ക്യാച്ച്, മൊമന്റ് ഓഫ് ദ ഇന്നിങ്സ്.
ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 121-5 എന്ന നിലയിലേക്ക് എത്തിയിരുന്നു. മഴതോര്‍ന്ന് തുടങ്ങിയ രണ്ടാം സെഷനില്‍ കമ്മിൻസ് എറിഞ്ഞത് 25 പന്തുകള്‍ മാത്രം, ഫലം ദക്ഷിണാഫ്രിക്ക 138ന് ഓള്‍ ഔട്ട്. ബെഡിങ്ഹാമിന്റെ ഉള്‍പ്പെടെ നാല് വിക്കറ്റുകളാണ് ലഞ്ചിന് ശേഷം കമ്മിൻസ് നേടിയത്. 300 ടെസ്റ്റ് വിക്കറ്റെന്ന മാന്ത്രിക സംഖ്യയിലേക്ക് ടെസ്റ്റിലെത്താനും ഓസീസ് നായകന് സാധിച്ചുവെന്നത് മറ്റൊരു നാഴികക്കല്ല്.
പക്ഷേ, കമ്മിൻസിന്റെ പ്രകടനത്തില്‍ അത്ഭുതപ്പെടേണ്ടതുണ്ടോ? കമ്മിൻസിനോട് തന്നെ ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരം. കാരണം, താരങ്ങള്‍ മികവ് പുലർത്തുക എന്നത് സ്വഭാവികമായി സംഭവിക്കേണ്ടതാണെന്ന പക്ഷക്കാരനാണ് കമ്മിൻസ്. ഒരു അസാധാരണ പ്രകടനത്തിന് പിന്നാലെ ആശ്ചര്യത്തോടെ അതിനെ സമീപിക്കുന്ന പ്രകൃതം ഇല്ല, സാധരണപോലെ ബഹളങ്ങളില്ലാതെയാണ് അതിനെ അയാള്‍ സ്വീകരിക്കാറ്.
അഗ്രസീവുമാണ്, ശരീരഭാഷയല്ല അതിന് തിരഞ്ഞെടുക്കാറെന്ന് മാത്രം. 2023 ഏകദിന ലോകകപ്പ് ഓർക്കുന്നില്ലെ. ശ്രേയസ് അയ്യരിന്റെ വിക്കറ്റെടുത്ത് ഇന്ത്യയെ സമ്മർദത്തിലാക്കി, കോലിയെ മടക്കി ഇന്ത്യയുടെ സാധ്യതകളടച്ചു. ഇതുപോലെ പലകുറി കമ്മിൻസിന്റെ പന്തുകള്‍ എതിര്‍നിരയുടെ സ്വപ്നങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. അത് കമ്മിൻസിന്റെ പന്തിലെ അസാധാരണമായ അച്ചടക്കത്തിന്റെ ഫലംകൂടിയാകുന്നു. കമ്മിൻസിന്റെ വേരിയേഷനുകളെ എടുത്ത് പറയേണ്ടതില്ല, പക്ഷേ ഒറ്റ പ്രകടനം കൊണ്ട് മറികടന്ന നാഴികക്കല്ലുകള്‍ ചൂണ്ടിക്കാണിക്കാം.
13,725 പന്തുകളാണ് 300 വിക്കറ്റിലേക്ക് എത്താൻ കമ്മിൻസിനാവശ്യമായി വന്നത്. അതായത്, 45 പന്ത് എറിയുമ്പോള്‍ ഒരു വിക്കറ്റ് ഉറപ്പ്. ഓസ്ട്രേലിയൻ പേസർമാരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ്. ലോക ക്രിക്കറ്റില്‍ കുറവ് പന്തുകളില്‍ നിന്ന് 300 വിക്കറ്റെടുത്തവരില്‍ അഞ്ചാമനാണ് കമ്മിൻസ്, ഒന്നാമൻ കഗിസൊ റബാഡയും. വഖാര്‍ യുനിസും ഡെയില്‍ സ്റ്റെയിനും അലൻ ഡൊണാള്‍ഡുമാണ് മുന്നിലുള്ളത്.
68-ാം മത്സരത്തിലാണ് ഓസീസ് നായകൻ ഈ റെക്കോർഡിലെത്തിയത്. കുറവ് മത്സരങ്ങളുടെ പട്ടികയെടുത്താല്‍ പത്താം സ്ഥാനം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ക്യാപ്റ്റന്മാരില്‍ മൂന്നാമത്. നായകനായതിന് ശേഷം ഇതുവരെ 136 തവണയാണ് ബാറ്റർമാരെ കമ്മിൻസ് മടക്കിയത്. 187 വിക്കറ്റുള്ള പാകിസ്ഥാന്റെ ഇമ്രാൻ ഖാനാണ് ഒന്നാം സ്ഥാനത്തുള്ളത്.
ഇനി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രമെടുക്കാം. ഇതുവരെ മൂന്ന് സൈക്കിളുകളാണ് നടന്നിട്ടുള്ളത്. ഏറ്റവുമധികം വിക്കറ്റെടുത്ത പേസ് ബൗളര്‍ കമ്മിൻസാണ്, 206 വിക്കറ്റുകള്‍. ആകെ കണക്കെടുത്താല്‍ രണ്ടാമതാണ് വലം കയ്യൻ പേസര്‍. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ സ്പിന്നറായ നാഥാൻ ലയണാണ്. രണ്ടാമതുള്ള പേസറില്‍ നിന്ന് കമ്മിൻസിലേക്ക് 33 വിക്കറ്റുകളുടെ ദൂരമുണ്ട്.