
കാര്‍മേഘങ്ങളും സൂര്യനും മാറിമറിഞ്ഞ ഹോം ഓഫ് ക്രിക്കറ്റ്. ഡ്യൂക്‌സ് ബോളിന്റെ തിളക്കവും തഴക്കവും ബാറ്റര്‍മാരെ കൈപ്പുനീര്‍ കുടിപ്പിച്ച, ബൗളര്‍മാര്‍ ആസ്വദിച്ച ലോർഡ്‌സിലെ രണ്ട് പകലുകള്‍. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ വീണത് 14 വിക്കറ്റ്, ഹോണേഴ്‌സ് ബോര്‍ഡില്‍ കഗിസൊ റബാഡയുടെ പേര്, സ്റ്റീവ് സ്മിത്തിന്റെ ചെറുത്തുനില്‍പ്പ്. രണ്ടാം നാള്‍ ആവര്‍ത്തനം, പാറ്റ് കമ്മിൻസിന്റെ പേര് തങ്കലിപികളില്‍, വീഴാൻ മടിച്ച് ബാവുമയും ബെഡിങ്ഹാമും ക്യാരിയും.
മൂന്നാം പകലില്‍ സൂര്യൻ അസ്തമയത്തിനൊരുങ്ങും മുൻപ് ചാമ്പ്യൻഷിപ്പ് മേസില്‍ ബാവുമയുടേയോ കമ്മിൻസിന്റെയോ കൈ പതിഞ്ഞേക്കും. ആ ചരിത്ര മുഹൂര്‍ത്തം എത്തിപ്പിടിക്കാൻ ദക്ഷിണാഫ്രിക്കൻ ബാറ്റുകള്‍ക്കാകുമോ, അതോ ഓസ്ട്രേലിയൻ പേസ് ത്രയത്തിനൊപ്പം നില്‍ക്കുമോ ലോര്‍ഡ്‌സ്.
മത്സരത്തിന്റെ നിലവിലെ സാഹചര്യമൊന്ന് പരിശോധിക്കാം. 74 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിങ്സില്‍ സ്കോര്‍ 73ല്‍ നില്‍ക്കെ ഏഴ് ബാറ്റര്‍മാരെ നഷ്ടമായിരുന്നു. പ്രോട്ടിയാസിന് മുന്നില്‍ കിരീടം തെളിഞ്ഞ ആദ്യ നിമിഷമായിരുന്നു അത്. പക്ഷേ, ക്യാരി-സ്റ്റാര്‍ക്ക് കൂട്ടുകെട്ട് ലീഡ് 200 കടത്തിയതോടെ മത്സരം ഒരിക്കല്‍ക്കൂടി ബാലൻസിലെത്തി.
രണ്ട് വിക്കറ്റ് അവശേഷിക്കെ 218 റണ്‍സാണ് ഓസീസിന് ലീഡുള്ളത്. തങ്ങളുടെ ആദ്യ ഇന്നിങ്സിലെ സ്കോര്‍ മറികടക്കാൻ ഇതിനോടകം തന്നെ സാധിച്ചു. മൂന്നാം ദിനം കുറഞ്ഞത് ഒരു 20 റണ്‍സാണ് പ്രതീക്ഷിക്കുന്നതെന്ന് നായകൻ കമ്മിൻസ് വ്യക്തമാക്കി കഴിഞ്ഞു. 250ല്‍ താഴെ നില്‍ക്കുന്ന വിജയലക്ഷ്യം, മൂന്ന് ദിനം ബാക്കി, എളുപ്പമായിരിക്കുമോ, ഇല്ല എന്ന് പറയേണ്ടി വരും.
2006ന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഗുഡ് ലെങ്ത് ഡെലിവെറികള്‍ 75 ശതമാനം വന്ന ലോര്‍ഡ്‌സിലെ ആദ്യ മത്സരമാണിത്, അത്രത്തോളം കൃത്യത ബൗളര്‍മാര്‍ പുലര്‍ത്തുന്നുണ്ടെന്ന് സാരം.ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും അവരവരുടേതായ സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിക്കറ്റാണ് ലോര്‍ഡ്‌സിലേതെന്നാണ് കണക്കുകൂട്ടലുകള്‍.
ക്ഷമയും ശ്രദ്ധയും കൈമുതലായ ബാറ്റര്‍മാര്‍ക്ക് അതിജീവനം സാധ്യമായിരുന്നു. മൂന്നാം ദിനം പ്രോട്ടിയാസിന് അനുകൂലമായേക്കാവുന്ന ഒരു ഘടകമുണ്ട്. രണ്ടാം ദിനത്തിലെ അവസാന ഓവര്‍. മുള്‍ഡര്‍ എറിഞ്ഞ ആദ്യ പന്ത്. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ വന്ന പന്തില്‍ സ്റ്റാര്‍ക്കിന്റെ ബാറ്റില്‍ നിന്ന് എഡ്‌ജ്. അതൊരു ഹെല്‍ത്തി എഡ്‌ജ് തന്നെയായിരുന്നു. ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന ബെഡിങ്‌ഹാമിന്റെ കൈകളിലേക്ക് പന്ത് എത്തുമെന്ന് തോന്നിച്ചു. എന്നാല്‍, ബെഡിങ്‌ഹാമിന് തൊട്ടുമുന്നിലായി പന്ത് പിച്ച് ചെയ്യുകയായിരുന്നു.
ഇത്തരം സാഹചര്യങ്ങള്‍ പൊതുവെ വിക്കറ്റ് സ്ലൊ ആകുമ്പോഴാണ് കണ്ടുതുടങ്ങാറുള്ളത്. അങ്ങനെ വിക്കറ്റിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ സ്റ്റാര്‍ക്ക്-കമ്മിൻസ്-ഹേസല്‍വുഡ് ത്രയത്തില്‍ അല്‍പ്പമധികം വിയര്‍പ്പൊഴുക്കേണ്ടി വന്നേക്കും മത്സരം കയ്യിലൊതുക്കാനായി. പക്ഷേ, 200ന് മുകളിലുള്ള ഏത് സ്കോറും ഓസ്ട്രേലിയക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. കാരണം, ഒന്നാം ഇന്നിങ്സില്‍ വളരെ ഡിഫൻസിവായാണ് ദക്ഷിണാഫ്രിക്കയെ കണ്ടിരുന്നത്.
അല്‍പ്പം കൂടുതല്‍ ക്ഷമ പുറത്തെടുത്ത് റണ്‍സെടുക്കാതെ വരുകയും വിക്കറ്റ് പോകുകയും ചെയ്യുന്ന പ്രോട്ടിയാസായിരുന്നു ആദ്യ ദിനം. രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ ബാവുമ-ബെഡിങ്ഹാം സഖ്യത്തില്‍ നിന്നുണ്ടായ കൗണ്ടര്‍ അറ്റാക്കില്‍ മാത്രമായിരുന്നു ഓസീസ് പതറിയത്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഈ ശൈലിയായിരികണം ദക്ഷിണാഫ്രിക്ക സ്വീകരിക്കേണ്ടത്.
50 റണ്‍സിലേക്ക് വൈകാതെ എത്തുകയും അതേ വേഗതയില്‍ തുടരുകയും ചെയ്താല്‍ ബാവുമയ്ക്കും സഖ്യത്തിനും ഓസീസിന് മുകളില്‍ മേല്‍ക്കൈ നേടാനാകും. ലോര്‍ഡ്‌സിലെ അപ്രതീക്ഷിത ബൗണ്‍സ്, വോബിള്‍, സ്ക്രാമ്പിള്‍ സീം പന്തുകള്‍, ഇരുവശത്തേക്കുമുള്ള സ്വിങ്ങുകള്‍, വിക്കറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കില്‍ അതും ഫലപ്രദമായി പ്രയോഗിക്കാൻ കഴിയുന്നവര്‍...ഇതെല്ലാം കൈമുതലായുള്ളവരാണ് ഓസീസ്. അതിനാല്‍, 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഒരുപാട് വിയര്‍പ്പുതുള്ളികള്‍ ലോര്‍ഡ്‌സില്‍ വീഴ്‌ത്തേണ്ടി വരും ദക്ഷിണാഫ്രിക്കയ്ക്ക്.
200 റണ്‍സിലധികം പിന്തുടര്‍ന്ന് ജയിക്കുക അസാധ്യമായ ഒന്നല്ല ലോര്‍ഡ‍്‌സിലെന്നാണ് ചരിത്രം പറയുന്നത്. പക്ഷേ, നാല് തവണ മാത്രമെ അത് സംഭവിച്ചിട്ടുള്ളു. 2000ന് ശേഷം രണ്ടേ രണ്ട് പ്രവശ്യവും. രണ്ടും സാധ്യമാക്കിയത് ഇംഗ്ലണ്ടാണ്, മറ്റൊരു സംഘത്തിന് അതിന് കഴിഞ്ഞിട്ടില്ല. 1984ല്‍ വെസ്റ്റ് ഇൻഡീസ് ഗോര്‍ഡൻ ഗ്രിനിഡ്ജിന്റെ തോളിലേറി അത്ഭുതം സൃഷ്ടിച്ചിരുന്നു, അന്ന് 344 റണ്‍സ് പിന്തുടര്‍ന്നാണ് വിജയം നേടിയത്.
വിൻഡീസിന്റെ ഈ ജയത്തിന് ശേഷം ഇംഗ്ലണ്ടല്ലാതെ മറ്റൊരു ടീം പിന്തുടര്‍ന്ന് വിജയിച്ച ഏറ്റവും ഉയര്‍ന്ന സ്കോര്‍ 141 റണ്‍സാണ്. 1992ല്‍ പാകിസ്ഥാനായിരുന്നു ഇത് സാധ്യമാക്കിയത്. അതുകൊണ്ട് ഒപ്പമില്ലാത്ത ഒരു ചരിത്രം കൂടി തിരുത്തണം പ്രോട്ടിയാസിന് ചരിത്രം രചിക്കാൻ.