മുന്നില്‍ അഞ്ച് ദിവസവും ഓസീസും! ദക്ഷിണാഫ്രിക്ക കൊതിക്കുന്നു കാവ്യനീതി

Published : Jun 11, 2025, 11:26 AM IST
Temba Bavuma

Synopsis

പ്രോട്ടിയാസിന്റെ മോഹങ്ങള്‍ക്ക് മുകളില്‍ സമ്മർദത്തിന്റെ കാർമേഘങ്ങള്‍ നിഴലിച്ചപ്പോള്‍ അങ്ങനെ അവിശ്വസനീയമായ പലതും സംഭവിച്ചു

1998ല്‍ നവംബര്‍ പിറന്ന ദിവസമായിരുന്നു അന്ന്.

ധാക്കയില്‍ ഐസിസി നോക്കൗട്ട് ട്രോഫിയുടെ ഫൈനല്‍. ബ്രയൻ ലാറയുടെ സംഘത്തെ നേരിടുന്നത് ഹൻസി ക്രോണിയുടെ പ്രോട്ടിയാസ്. ക്രോണിയും കല്ലിസും ബൗച്ചറും ജോണ്ടി റോഡ്‌സുമെല്ലാം ചേര്‍ന്ന നിര. നാല് വിക്കറ്റ് ജയം. കിരീടം.

ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ അവര്‍ അവസാനമായൊരു ഐസിസി ട്രോഫിയുടെ മധുരം നുണഞ്ഞ നാള്‍.

മൂന്ന് പതിറ്റാണ്ടിനോട് അടുക്കുകയാണ്. ധാക്കയിലേത് പോലൊരു നിമിഷം സൃഷ്ടിക്കാൻ പിന്നീടൊരിക്കലും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടില്ല.

ഒരു ടീം ജയത്തിനരികെ നില്‍ക്കുമ്പോള്‍ മഴ പെയ്യുമോ? നാല് പന്തില്‍ ഒരു റണ്‍സ് എടുക്കാൻ കഴിയാതെ പോകുമോ? എബി ഡിവില്ലിയേഴ്‌സിനെപ്പോലൊരു അസാധ്യ ഫീല്‍ഡർ അനായാസമായൊരു റണ്ണൗട്ട് അവസരം പാഴാക്കുമോ? ട്വന്റി 20യില്‍ 30 പന്തില്‍ 30 റണ്‍സ് എത്തിപ്പിടിക്കാനാകാത്ത ദൂരമാണോ?

പ്രോട്ടിയാസിന്റെ മോഹങ്ങള്‍ക്ക് മുകളില്‍ സമ്മർദത്തിന്റെ കാർമേഘങ്ങള്‍ നിഴലിച്ചപ്പോള്‍ അങ്ങനെ അവിശ്വസനീയമായ പലതും സംഭവിച്ചു. നിർഭാഗ്യത്തിന്റെ പര്യയായമെന്ന് ക്രിക്കറ്റ് ലോകം അവരെ വിളിച്ചു. ഒടുവില്‍ 2025 ചാമ്പ്യൻസ്‍ ട്രോഫിയില്‍ ഹോട്ട് ഫെവറേറ്റുകളായിട്ടും സെമി ദുഖം അവരെ ഒരിക്കല്‍ക്കൂടി തേടിയെത്തി.

പക്ഷേ, കാത്തിരിപ്പുകള്‍ക്ക് എപ്പോഴും ഒരു അറുതിയുണ്ടാകും. അതാണ് കായികലോകത്തെ കാവ്യനീതി. അങ്ങനെയൊരു അവസരം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലെത്തിയിരിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍. ഹോം ഓഫ് ക്രിക്കറ്റില്‍, ചരിത്രമുറങ്ങുന്ന ലോർഡ്‌സില്‍ പ്രോട്ടിയാസിനും കിരീടത്തിനുമിടയില്‍ ഓസ്ട്രേലിയയും അഞ്ച് ദിവസവും.

ടെമ്പ ബാവുമ നയിക്കുന്ന ടീം ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്തുമെന്ന് കരുതിയ ടീമായിരുന്നില്ല. കാരണം അവർ ടെസ്റ്റ് ക്രിക്കറ്റിന്റെ ബിഗ് ത്രീയില്‍ ഉള്‍പ്പെട്ട നിരയായിരുന്നില്ല. 2023-25 സൈക്കിളില്‍ ഏറ്റവും കുറവ് മത്സരങ്ങള്‍ കളിച്ച ടീമുകളിലൊന്ന്. ഇംഗ്ലണ്ട് 22, ഇന്ത്യയും ഓസ്ട്രേലിയയും 19 വീതം മത്സരങ്ങള്‍. എന്നാല്‍ ദക്ഷിണാഫ്രിക്ക കളത്തിലെത്തിയ മത്സരങ്ങളുടെ എണ്ണം 12 മാത്രമായിരുന്നു.

പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് എന്നീ താരതമ്യേന ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതാപം മങ്ങിത്തുടങ്ങിയവരുമായായിരുന്നു എട്ട് മത്സരങ്ങളും. അതില്‍ ഏഴിലും ജയം, ഒരു സമനില. ഇന്ത്യയ്ക്കും ന്യൂസിലൻഡിനുമെതിരായ നാല് ടെസ്റ്റില്‍ മൂന്നെണ്ണത്തില്‍ പരാജയവും രുചിച്ചു. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായി ഒരുതവണ പോലും ഏറ്റുമുട്ടേണ്ടിയും വന്നില്ല.

പലപ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് ഇല്ലെന്ന കരുതപ്പെടുന്ന ആ ഭാഗ്യം ഇത്തവണ തുണയ്ക്കുന്നതുപോലെ തോന്നിച്ചു. ബാവുമയുടെ നിരയുടെ ജയങ്ങളെ ചെറുതാക്കി കാണുകയല്ലിവിടെയെന്ന് ഓർമിപ്പിക്കുന്നു.

പോയിന്റ് ശതമാനക്കണക്കിന്റെ കരുത്തിലായിരുന്നു ഓസ്ട്രേലിയയെ പിന്തള്ളി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയതും ലോർഡ്‍സിലേക്ക് ടിക്കറ്റുറപ്പിച്ചതും. 2021-23 സൈക്കിളില്‍ ശതമാനക്കണക്കില്‍ കേവലം മൂന്ന് പോയിന്റിന്റെ അകലം മാത്രമായിരുന്നു ഫൈനലിനും പ്രോട്ടിയാസിനും ഇടയിലുണ്ടായിരുന്നത്.

അത്തരം കടമ്പകളെല്ലാം കടന്നുവരുന്ന ദക്ഷിണാഫ്രിക്കൻ നിരയിലേക്ക് നോക്കാം. വലിയ പേരുകളുടെ സാന്നിധ്യം വളരെ കുറവാണവിടെ. പരിചയസമ്പത്തിന്റെ കാര്യത്തിലും പിന്നിലെന്ന് പറയേണ്ടി വരും. വെള്ളക്കുപ്പായത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഫൈനലിനിറങ്ങുന്നവരില്‍ ഏറ്റവും പരിചയസമ്പന്നൻ റബാഡയാണ്, 70 ടെസ്റ്റുകള്‍. ബാവുമ രണ്ടാമത്, 63 ടെസ്റ്റുകള്‍. മഹരാജ് 57 ടെസ്റ്റുകളിലും മാർക്രം 45ലും ഭാഗമായി.

മറ്റൊരു താരവും 25 മത്സരങ്ങള്‍ക്കപ്പുറം കടന്നിട്ടില്ല. പലരും ടെസ്റ്റ് ക്രിക്കറ്റില്‍ പിച്ചവെച്ചുതുടങ്ങിയിട്ടേയുള്ളുതാനും. അതുകൊണ്ട് കിരീടം ഉയർത്തുക എന്നത് എളുപ്പമല്ല. കാരണം എതിരാളികള്‍ ഓസ്ട്രേലിയയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി കിരീടങ്ങള്‍ കിട്ടാക്കനിയാണെങ്കില്‍ ഓസ്ട്രേലിയ കിരീടങ്ങള്‍ ശീലമാക്കിയവരാണ്.

മൈതാനവും എതിരാളികളുമൊന്നും അവരുടെ വിന്നിങ് മെന്റാലിറ്റിയെ വെല്ലുവിളിക്കാൻ പോന്നവയല്ലെന്ന് കാലം തെളിയിച്ചതാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു 2023 നവംബര്‍ 19ന് ഒരുലക്ഷം കാണികളും ഒരു രാജ്യവും നിശബ്ദമായത്. പ്രോട്ടിയാസിന്റെ പരിചയസമ്പന്നത കുറഞ്ഞ ബാറ്റിങ് നിരയെ കാത്തിരിക്കുന്നത് കമ്മിൻസ്-സ്റ്റാർക്ക്-ഹേസല്‍വുഡ് ത്രയമാണ്.

ചാമ്പ്യൻഷിപ്പിന്റെ സൈക്കിളില്‍ 21 ഇന്നിങ്സുകളില്‍ നിന്ന് 645 റണ്‍സെടുത്ത ബെഡിങ്‌ഹാമാണ് ടോപ് സ്കോറര്‍. പിന്നിലായുള്ളത് ബാവുമയും മാര്‍ക്രവും. മറുവശത്ത് ആയിരം പിന്നിട്ട ഖവാജയും സ്മിത്തും ഹെഡുമെല്ലാം. ബൗളിങ്ങില്‍ 47 വിക്കറ്റെടുത്ത റബാഡയാണ് കൂട്ടത്തിലെ കേമൻ. ഓസീസ് നിരയില്‍ 70 വിക്കറ്റുകളിലധികം വീഴ്ത്തിയ കമ്മിൻസും സ്റ്റാര്‍ക്കും.

പേപ്പറിലെ കണക്കുകള്‍ പ്രോട്ടിയാസിനൊപ്പമല്ലെന്ന് വിലയിരുത്താം. പക്ഷേ, കൈവിടാൻ ബാവുമ ഒരുക്കമായിരിക്കില്ല, ദക്ഷിണാഫ്രിക്കയും. കാരണം കാത്തിരിക്കുന്നത് ചരിത്രമാണ്, സ്മിത്തിനും എബി ഡിവില്ലിയേഴ്‌സിനും ഫാഫ് ഡുപ്ലെസിസിനും ഡീൻ എല്‍ഗറിനുമൊന്നും സാധിക്കാതെ പോയത് സാധ്യമാക്കാൻ.

കിരീടമില്ലാത്തതിന്റെ പേരില്‍ കുരിശിലേറ്റപ്പെട്ടവര്‍ക്ക് ഉയിര്‍പ്പുകൊടുത്ത വ‍ര്‍ഷമാണ് 2025. ക്രിസ്റ്റല്‍ പാലസും ടോട്ടൻഹാമും പിഎസ്‌ജിയും ന്യൂകാസിലും ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും രുചിച്ചു കിട്ടാക്കനിയായിരുന്ന കിരീടമധുരം. ഇനി കായികലോകം ആഗ്രഹിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ ഊഴമാണ്..

PREV
Read more Articles on
click me!

Recommended Stories

'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍