ഇനി കളിജീവിതമില്ലെന്ന് ഡോക്ടർ, പൊരുതിക്കയറിയ പുരാൻ; ഒരു 'ഡേഞ്ചറസ്' കരിയർ

Published : Jun 10, 2025, 11:04 AM IST
Nicholas Pooran

Synopsis

ക്രിക്കറ്റ് ലീഗുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് മുകളില്‍ ആധിപത്യം പുലര്‍ത്തുന്ന കാലത്തിന്റെ ഒഴിക്കിലേക്ക് പൂര്‍ണമായും പുരാനും കടന്നോയെന്നാണ് ചോദ്യം. നിലവില്‍ വിവിധ രാജ്യങ്ങളിലായി ഏഴ് ലീഗുകളില്‍ ഭാഗമാണ് പൂരാൻ

ആംബുലൻസിന്റെ ശബ്ദം, അസഹനീയമായ വേദന, മരണത്തിലേക്ക് അടുക്കുന്നതുപോലെ. കാറില്‍ നിന്ന് തന്നെ ആരെങ്കിലും പുറത്തെടുത്തിരുന്നെങ്കിലെന്ന് ആ ചെറുപ്പക്കാരൻ ആഗ്രഹിച്ചു. ആ കണ്ണുകളും ശരീരവും അബോധാവസ്ഥയിലേക്ക് വൈകാതെ നീങ്ങി.

10 വ‍ര്‍ഷം മുൻപൊരു ജനുവരി.

2014 അണ്ടര്‍ 19 ലോകകപ്പില്‍ സെൻസേഷനായ ഒരു വെസ്റ്റ് ഇൻഡീസ് താരം. പേര് നിക്കോളാസ് പുരാൻ. ട്രിനിഡാഡിലെ ബാല്‍മെയിനിലുള്ള പരിശീലന കേന്ദ്രത്തില്‍ നിന്ന് കോവയിലെ തന്റെ വസതിയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു മണല്‍തിട്ടയില്‍ ജീവിതം തലകീഴായി മറിയുകയാണ്.

അമിതവേഗതയിലെത്തിയ ഒരു വാഹനം പുരാന് സമാന്തരമായി സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാൻ ഒരുങ്ങുന്നു. സൈഡുകൊടുക്കാനുള്ള ശ്രമത്തിനിടെ പൂരാന്റെ വാഹനം മണല്‍തിട്ടയിലിടിച്ചു. കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ മറ്റൊരു വാഹനം പുരാന്റെ കാറിലേക്ക് പാഞ്ഞു കയറി. പിന്നീടെല്ലാം ഒരു ദുസ്വപ്നം പോലെ...

കണ്‍തുറന്നപ്പോള്‍ തനിക്ക് പരിചിതമായ മുഖങ്ങളോ ചുറ്റുപാടുകളോ ആയിരുന്നില്ല. ആശുപത്രി കിടക്കയിലായിരുന്നു അവൻ. തന്റെ കാലുകള്‍ അനക്കാനുള്ള ശ്രമം പുരാൻ നടത്തി. പക്ഷേ, അവിടെ കാലുകള്‍ ഉണ്ടായിരുന്നതായി പോലും പുരാന് അനുഭപ്പെട്ടിരുന്നില്ല. ഇടതുകാല്‍മുട്ടില്‍ പൊട്ടല്‍, വലതുകണങ്കാലിന് ഒടിവ്. മറ്റ് പരുക്കുകള്‍ വേറെ

ഒരുകാര്യം മാത്രമായിരുന്നു പുരാൻ അന്ന് ഡോക്ടറിനോട് ചോദിച്ചത്. തനിക്ക് ഇനി ക്രിക്കറ്റ് കളിക്കാനാകുമോ...വാക്കുകളായിരുന്നില്ല മറുപടി, പകരം നിശബ്ദതയായിരുന്നു. ഡോക്ടറിന്റെ മുഖത്ത് നിന്ന് ഉത്തരം കിട്ടി. വൈകാതെ രണ്ടാമത്തെ ചോദ്യം, എനിക്ക് ഓടാനാകുമോ...ചിലപ്പോള്‍ എന്നായിരുന്നു പ്രതികരണം...നടക്കാനെങ്കിലും കഴിയുമോ...കഴിയുമെന്ന് മറുപടി ലഭിച്ചു.

12 ദിവസം വേദനസംഹാരികളോടുകൂടിയ അതിജീവനം. കരിയറിന്റെ ഉദയനാളുകളായിരുന്നു, ദേശീയ ടീമിലേക്കുള്ള വിളി പടിവാതില്‍ക്കല്‍ എത്തിയിരുന്നു. രണ്ട് ശസ്ത്രക്രിയകള്‍ക്ക് ശരീരം വിട്ടുകൊടുത്ത് വീല്‍ചെയറിലായിരുന്നു പുരാൻ ആശുപത്രി വിട്ടത്. വീല്‍ ചെയറിലും കിടക്കയിലും മാത്രമായി തള്ളി നീക്കിയ ആറ് മാസങ്ങള്‍.

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ താനറിഞ്ഞത് ആ ദിവസങ്ങളിലായിരുന്നുവെന്ന് പുരാൻ പറഞ്ഞിട്ടുണ്ട്. ഇതിനിടയില്‍ സാമ്പത്തിക സഹായം നല്‍കുന്നത് വിൻഡീസ് ക്രിക്കറ്റ് അവസാനിപ്പിച്ചു, രക്ഷകനേപ്പോലെ കീറോണ്‍ പൊള്ളാര്‍ഡ്. അന്ന് പരുക്കിന്റെ പിടിയിലായിരുന്നു പൊള്ളാര്‍ഡും. വീണ്ടെടുപ്പ് ഒരുമിച്ച്, ശരീരത്തേയും ഡോക്ടര്‍മാരുടെ നിഗമനങ്ങളേയും തോല്‍പ്പിക്കുകയായിരുന്നു പുരാൻ.

കൃത്യം ഒരു വര്‍ഷത്തിന് ശേഷം പുരാനെ കണ്ടത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മൈതാനത്താണ്. നിങ്ങള്‍ നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുക, അതിന് അനുസരിച്ച് കഠിനാധ്വാനം ചെയ്യുക. ഇതായിരുന്നു പുരാന്റെ വിജയമന്ത്രം. തന്റെ മികവില്‍ പൂരാൻ പൂര്‍ണമായി വിശ്വസിച്ചു, അതിനായി പ്രയത്നിച്ചു, പ്രതിസന്ധികളെ, ഗ്യാലറിയിലേക്ക് അനായാസം പായിക്കുന്ന സിക്സറുകള്‍ പോലെ മറികടന്നു.

ഒരുപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു, ഇന്ന് നിക്കോളാസ് പുരാൻ ആരെന്ന് ചോദിച്ചാല്‍ ഒരു ഉത്തരം മാത്രമാണ് ക്രിക്കറ്റ് നിരീക്ഷകര്‍ക്കും ആരാധകര്‍ക്കും നല്‍കാനുള്ളത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍. അസാമാന്യ സ്ട്രോക്ക്പ്ലെ, പവര്‍ ഹിറ്റിങ് ഡിസ്പ്ലെ. ലാറയുടെ ഓഫ് സൈഡ് എലഗൻസും പൊള്ളാര്‍ഡിന്റെ പവറും ഒരുപോലെ വഴങ്ങുന്ന താരം.

ട്വന്റി 20 ലീഗുകളില്‍ പൂരാനോളം വിലയുള്ള താരം നിലവിലുണ്ടോയെന്ന് പോലും സംശയമാണ്. ഒരുപക്ഷേ, വിൻഡീസ് ക്രിക്കറ്റിന് പ്രതാപം വീണ്ടെടുത്ത് കൊടുക്കാൻ കഴിയുന്ന താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുൻപന്തിയില്‍ ഉണ്ടാകുന്ന പേര്. 29-ാം വയസ് പിന്നിടുമ്പോള്‍ ട്വന്റി 20യില്‍ പതിനായിരത്തോട് അടുത്തിരിക്കുന്നു റണ്‍ നേട്ടം.

കഴിഞ്ഞ നവംബറിലായിരുന്നു വിൻഡീസിനായ 100-ാം അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിന് പുരാനിറങ്ങിയത്. ഇനിയും 100 മത്സരങ്ങള്‍ക്കൂടി കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു അന്ന് പൂരാൻ നടത്തിയ പ്രതികരണം. വെസ്റ്റ് ഇൻഡീസ് വിജയങ്ങള്‍ കൊയ്യുമ്പോള്‍ ആരാധകര്‍ക്കുണ്ടാകുന്ന ആനന്ദം തന്നെ വീണ്ടും കളത്തിലെത്താൻ പ്രേരിപ്പിക്കുന്നുവെന്നും പറഞ്ഞിരുന്നു...അന്താരാഷ്ട്ര ട്വന്റി 20യില്‍ വിൻഡീസിനായി ഏറ്റവുമധികം റണ്‍സ് നേടിയത് പുരാന്റെ ബാറ്റാണ്...

പക്ഷേ, ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് നിക്കോളാസ് പുരാൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങയിരിക്കുന്നു. ക്രിക്കറ്റ് ലീഗുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് മുകളില്‍ ആധിപത്യം പുലര്‍ത്തുന്ന കാലത്തിന്റെ ഒഴിക്കിലേക്ക് പൂര്‍ണമായും പുരാനും കടന്നോയെന്നാണ് ചോദ്യം. നിലവില്‍ വിവിധ രാജ്യങ്ങളിലായി ഏഴ് ലീഗുകളില്‍ ഭാഗമാണ് പൂരാൻ.

ഇന്ത്യൻ പ്രീമിയര്‍ ലീഗ്, ഇന്റ‍ര്‍നാഷണല്‍ ലീഗ് ടി20, കരീബിയൻ പ്രീമിയര്‍ ലീഗ്, മെൻസ് ഹണ്ട്രഡ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, മേജര്‍ ലീഗ് ക്രിക്കറ്റ്, സൗത്ത് ആഫ്രിക്കൻ ടി20 ലീഗ് എന്നിവയിലാണ് പൂരാൻ ഭാഗമായിട്ടുള്ളത്. 2024ല്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമായി പൂരാൻ മാറിയിരുന്നു.

ഇതോടെ ട്വന്റി 20 ലീഗുകളില്‍ താരത്തിന്റെ മൂല്യവും വര്‍ധിച്ചു. പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളിലെ സാന്നിധ്യവും കുറയുകയായിരുന്നു. 2023 ജൂലൈയിലായിരുന്നു പൂരാൻ അവസാനമായി ഏകദിനം കളിച്ചത്. ട്വന്റി 20യില്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ഡിസംബറിലും. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്നും താരം വിട്ടുനില്‍ക്കുകയായിരുന്നു.

ആന്ദ്രെ റസലിനെപ്പോലുള്ള പല താരങ്ങളും ട്വന്റി 20 ലീഗുകള്‍ കളിക്കാൻ സെൻട്രല്‍ കോണ്‍ട്രാക്റ്റ് ഒഴിവാക്കി സെലക്ഷന് ലഭ്യമായി അന്താരാഷ്ട്ര കരിയര്‍ തുടരുകയാണ്. എന്നാല്‍, പുരാൻ അത്തരമൊരു സാധ്യതയ്ക്ക് നില്‍ക്കാതെ പടിയിറങ്ങിയിരിക്കുന്നു. ഇനി പുരാന്റെ വെടിക്കെട്ട് ഇന്നിങ്സുകള്‍ ലീഗ് മൈതാനങ്ങളില്‍ മാത്രമാകും...

PREV
Read more Articles on
click me!

Recommended Stories

'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍