
അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ത്രസിപ്പിക്കുന്ന വിജയം. ബംഗ്ലാ കടുവകളെ 136 റണ്‍സിനാണ് അഫ്ഗാന് പോരാളികള്‍ മലര്‍ത്തിയടിച്ചത്. അഫ്ഗാന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 255 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിന്റെ പോരാട്ടം 42.1 ഓവറിൽ 119 റൺസില്‍ അവസാനിച്ചു. തകര്‍പ്പന്‍ ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത റഷീദ് ഖാനാണ് കളിയിലെ താരം. ഇരു ടീമുകളും നേരത്തെ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിരുന്നു.
അഫ്ഗാന്റെ ഗംഭീര ബൗളിംഗിനുമുന്നില്‍ ബംഗ്ലാ കടുവകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 17 റൺസിനിടെ ഓപ്പണർമാരായ ലിന്റൺ ദാസും(6) നസ്മുൽ ഹൊസൈൻ ഷാന്റോയും(7) പുറത്തായി. നിലയുറപ്പിക്കാൻ കഴിയാതെ പിന്നാലെ എത്തിയവരും മടങ്ങിയതോടെ ബംഗ്ലാദേശ് തോൽവി ഏറ്റുവാങ്ങി. 32 റൺസെടുത്ത ഷക്കിബ് അൽ ഹസനാണ് ടോപ് സ്കോറർ. അഫ്ഗാനായി റാഷീദ് ഖാൻ, നബി, മുജീബ് ഉർ റഹ്മാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
മറുവശത്ത് 58 റണ്‍സ് നേടിയ ഹഷ്മതുള്ള ഷഹിദിയാണ് അഫ്ഗാന്റെ ടോപ് സ്കോറര്‍. വാലറ്റത്ത് റഷീദ് ഖാന്റേയും (32 പന്തില്‍ 57) ഗുല്‍ബാദിന്‍ നെയ്ബിന്റേയും 38 പന്തില്‍ 48) ബാറ്റിങ്ങാണ് അഫ്ഗാന് നേട്ടമായത്. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന് നാല് വിക്കറ്റ് വീഴ്ത്തി.
അബുദാബിയില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിങ് തെരഞ്ഞെടുത്തു. 30 റണ്‍സെടുക്കും മുമ്പ് അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് മുഹമ്മദ് ഷഹ്സാദ് (47 പന്തില്‍ 37), ഷഹിദി എന്നിവര്‍ അഫ്ഗാനിസ്ഥാനെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഇതോടെ അഫ്ഗാന് 40.5 ഓവറില്‍ 160ന് ഏഴ് എന്ന നിലയിലെത്തി.
പിന്നീട് ഒത്തുച്ചേര്‍ന്ന റാഷിദ് ഖാന്- നെയ്ബ് സഖ്യമാണ് അഫ്ഗാനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഇരുവരും ഒമ്പതാം വിക്കറ്റില്‍ 95 റണ്‍സ് വിക്കറ്റ് കൂട്ടിച്ചേര്‍ത്തു. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു റഷീദിന്റെ ഇന്നിങ്സ്. ബംഗ്ലാദേശിനായി അവസാന ഓവര്‍ എറിഞ്ഞ മഷ്റഫെ മോര്ത്താസക്കെതിരേ നാല് ഫോറുകളാണ് റാഷിദ് ഖാന് അടിച്ചെടുത്തത്. അവസാന ഓവറില്‍ 19 റണ്‍സ് പിറന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!