ഏഷ്യന്‍ ഗെയിംസ്: ഗോപീചന്ദിന്‍റെ മകള്‍ക്ക് വേണ്ടി സെലക്ടര്‍മാരുടെ അട്ടിമറിയെന്ന് ആരോപണം

By Web DeskFirst Published Jun 29, 2018, 9:43 AM IST
Highlights
  • കിരീടം നേടിയ താരത്തെ ഒഴിവാക്കി

ഹെെദരാബാദ്: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ടീമില്‍ തിരുകിക്കയറ്റല്‍ എന്ന് ആരോപണം. യോഗ്യതാ ടൂര്‍ണമെന്‍റിൽ കിരീടം നേടിയ മലയാളി താരങ്ങളായ അപര്‍ണ ബാലനെയും ശ്രുതി കെ.പിയെയും ഏഷ്യന്‍ ഗെയിംസ് ടീമിൽ നിന്ന് ഒഴിവാക്കി അധികൃതര്‍ അട്ടിമറി നടത്തിയെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസ് ടീമിനെ തെരഞ്ഞെടുക്കാനെന്ന പേരിൽ ബെംഗളുരുവിലും ഹൈദരാബാദിലുമായി ബാഡ്മിന്‍റൺ അസോസിയേഷന്‍ ഓഫ് ഇന്ത്യ ടൂര്‍ണമെന്‍റുകള്‍ നടത്തിയിരുന്നു. ഡബിള്‍സില്‍ ഗോപിചന്ദ് അക്കാഡമിയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്മാരാകുകയും  ബെംഗളുരുവില്‍ സെമിയിലെത്തുകയും ചെയ്ത അപര്‍ണ ബാലൻ-ശ്രുതി കെ.പി. സഖ്യം സ്വാഭാവികമായി ടീമിലെത്തുമെന്നാണ് എല്ലാവരും കരുതിയത്.

പക്ഷേ, ഡബിള്‍സില്‍ റിസര്‍വ് സംഘത്തെ തഴഞ്ഞ സെലക്ഷൻ കമ്മിറ്റി, ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍ കൂടിയായ ഗോപിചന്ദിന്‍റെ പതിന്നാലുകാരിയായ മകള്‍ ഗായത്രിയെ സിംഗിള്‍സ് താരമായി തിരുകിക്കയറ്റുകയായിരുന്നു. യോഗ്യതാ ടൂര്‍ണമെന്‍റിൽ സെമിയിൽ മാത്രം എത്തിയ താരമാണ് ഗായത്രി. ഈ നടപടിക്കെതിരെ ബാഡ്മിന്‍റൺ അസോസിയേഷന് പരാതി നൽകിയതായി  അപർണ പറഞ്ഞു.

പുല്ലേല ഗോപിചന്ദിന്‍റെ മകളെ ടീമിലെടുക്കാനാണ് തങ്ങളെ ഒഴിവാക്കിയതെന്നും അപര്‍ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തുടർനടപടികള്‍ സ്വീകരിക്കാനാണ് ഒമ്പത് വട്ടം ദേശീയ ചാമ്പ്യനായിട്ടുള്ള അപർണയുടെ തീരുമാനം. 2010ലെ കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിനായി വെള്ളി മെഡൽ നേടിയിരുന്നു.

click me!