Latest Videos

അമേരിക്കയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍

By Web DeskFirst Published Jun 21, 2016, 10:12 PM IST
Highlights

ഹൂസ്റ്റണ്‍: അമേരിക്ക പേടിച്ചത് സംഭവിച്ചു. അര്‍ജന്റീനയുടെ നാലടിയില്‍ ശതാബ്ദി കോപ്പയിലെ ആതിഥേയരുടെ പ്രതീക്ഷകള്‍ അവസാനിച്ചു. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണണെന്റില്‍ അമേരിക്കയെ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്ത് അര്‍ജന്റീന ഫൈനലിലെത്തി. അര്‍ജന്റീനയ്ക്കായി ഗോണ്‍സാലോ ഹിഗ്വായ്ന്‍ രണ്ടും ലയണല്‍ മെസി, എസ്‌ക്വല്‍ ലാവെസി എന്നിവര്‍ ഓരോ ഗോളും നേടി. പകുതി സമയത്ത് അര്‍ജന്റീന ലവെസിയും മെസിയും നേടിയ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.

അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശനമാണിത്. ഒരു ഗോള്‍ നേടിയ മെസി അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. രാജ്യത്തിനായി 55 ഗോള്‍ നേടിയ മെസി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ 54 ഗോളിന്റെ റെക്കോര്‍ഡാണ് മറികടന്നത്.

ഗോളടിച്ചും ഗോളടിപ്പിച്ചും മെസി മാജിക്ക് തുടര്‍ന്നപ്പോള്‍ അമേരിക്കയ്ക്ക് ഗ്യാലറിയിലും ഗ്രൗണ്ടിലും അത് കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളു. മൂന്നാം മിനിട്ടില്‍ തന്നെ മെസി സാന്നിധ്യമറിയിച്ചു. അമേരിക്കന്‍ പ്രതിരോധ ഭിത്തിക്ക് മുകളിലൂടെ  മെസി കോരിയിട്ടു കൊടുത്ത പന്ത് മനോഹരമായി വലയിലെത്തിച്ച ലാവെസി അര്‍ജന്റീനയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. മുപ്പത്തിരണ്ടാം മിനിറ്റിലായിരുന്നു മെസിയുടെ ചരിത്രം കുറിച്ച ഗോള്‍. ബോക്‌സിന് തൊട്ടു പുറത്ത് നിന്നെടുത്ത ഇടങ്കാലന്‍ ഫ്രീകിക്ക് വളഞ്ഞുപുളഞ്ഞ് ഗോളിയുടെ കൈകള്‍ക്കും കിട്ടാതെ വലയില്‍ കയറിയപ്പോള്‍ അമേരിക്ക നടുങ്ങി.

രണ്ടാം പകുതിയില്‍ തിരിച്ചുവരാമെന്ന ക്ലിന്‍സ്മാന്റെയും സംഘത്തിന്റെയും സ്വപ്നം തുടക്കത്തിലെ അമേരിക്ക തല്ലിതകര്‍ത്തു. ഗോണ്‍സാലോ ഹിഗ്വയ്‌നായിരുന്നു അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടിയത്. അമേരിക്കയുടെ പ്രതിരോധപ്പിഴവില്‍ നിന്ന് ലഭിച്ച പന്തിന് മുന്നില്‍ ആദ്യം അമേരിക്കയുടെ ഗോള്‍ കീപ്പര്‍ തടസം നിന്നെങ്കിലും രണ്ടാമതും ലക്ഷ്യത്തിലേക്ക് പായിച്ച് ഹിഗ്വയ്ന്‍ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടി.

വിജയപ്രതീക്ഷകള്‍ അസ്തമിച്ച അമേരിക്ക പിന്നീട് അധികം ഗോള്‍ വഴങ്ങാതിരിക്കാനാണ് ശ്രദ്ധിച്ചത്. എന്നാല്‍ അതിനും 86-ാം മിനിട്ടുവരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളു. ഇക്കുറിയും ഗോളിലേക്കുള്ള വഴിതുറന്നത് മെസി തന്നെയായിരുന്നു. അമേരിക്കന്‍ പ്രതിരോധത്തെ ഡ്രിബിള്‍ ചെയ്ത് നെടുകെ പിളര്‍ന്നുകൊണ്ട് മെസി കൊടുത്ത ക്രോസ് ഒന്ന് മെല്ലെ തൊടുകയേ വേണ്ടിവന്നുള്ളൂ ഹിഗ്വായ്‌ന്‍.

click me!