ആശങ്കയൊഴിഞ്ഞു; അര്‍ജന്റീന കോപ്പയില്‍ കളിക്കും

By Web DeskFirst Published Jun 1, 2016, 1:58 PM IST
Highlights

ലോസാഞ്ചല്‍സ്: ശതാബ്ദി കോപ്പ അമേരിക്കയില്‍ നിന്ന് പിന്‍മാറില്ലെന്ന് അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് സെഗൂര.  ഫുട്ബോള്‍ അസോസിയേഷന്റെ പ്രവ‍ര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനാല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇന്നലെ അസോസിയേഷന്‍  അറിയിച്ചിരുന്നു. എന്നാല്‍ താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും ടീം അ‍ര്‍ജന്റീന കോപ്പ അമേരിക്കയില്‍ കളിക്കുമെന്നും സെഗൂര വാര്‍ത്താ  സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ടീമിനെ പിന്‍വലിക്കേണ്ടെന്ന് തീരുമാനം അസോസിയേഷന്‍ എടുത്തത്.

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സര്‍ക്കാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍നിന്ന് ടീമിനെ പിന്‍വലിക്കുമെന്ന് അസോസിയേഷന്‍ നേരത്തെ ഭീക്ഷണി മുഴക്കിയത്. ജൂണ്‍ 30-ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കാനിരുന്ന തിരഞ്ഞെടുപ്പാണ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നത്.

അതേസമയം പരിക്കിന്റെ പിടിയിലായ സൂപ്പര്‍താരം ലയണല്‍ മെസി കോപ്പയില്‍ ഇറങ്ങാന്‍തന്നെയാണ് സാധ്യത. പുറംവേദനയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മെസി കഴിഞ്ഞ ദിവസം മുതല്‍ ഗ്രൗണ്ടില്‍ പരിശീലനത്തിന് ഇറങ്ങുന്നുണ്ട്. കോപ്പ അമേരിക്ക ഫുട്‌ബോളിന് മുന്നോടിയായി ഹോണ്ടുറാസിനെതിരെയുള്ള സൗഹൃദ മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റിരുന്നത്. ജൂണ്‍ ആറിന് കാലിഫോര്‍ണിയയില്‍ നിലവിലെ ജേതാക്കളായ ചിലിക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

 

click me!