
അബുദാബി: ഏഷ്യാകപ്പ് ക്രിക്കറ്റിൽ അഞ്ചാം ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. നാലിൽ നാലും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഫൈനലിൽ സ്ഥാനം ഉറപ്പാക്കിയതിനാൽ ഇതുവരെ പരീക്ഷിക്കപ്പെടാത്ത മധ്യനിരയ്ക്ക് അവസരം നൽകുകയാവും രോഹിത് ശർമ്മയുടെ ലക്ഷ്യം.
ടോസ് നേടിയാൽ 50 ഓവറും കളിക്കാനായി ഇന്ത്യ ആദ്യം ബാറ്റുചെയ്യും. പാകിസ്ഥാനെതിരെ രോഹിത് ശർമ്മയുടെയും ശിഖർ ധവാന്‍റെയും സെഞ്ച്വറി ഇന്ത്യക്ക് നൽകിയത് അനായാസ ജയമായിരുന്നു. നാല് കളിയിൽ ശിഖർ ധവാൻ 327 ഉം രോഹിത് 269 ഉം റൺസ് നേടിക്കഴിഞ്ഞു. ധവാന് വിശ്രമം നൽകി കെ എൽ രാഹുലിന് അവസരം നൽകണമെന്നാണ് മുൻതാരം സഞ്ജയ് മഞ്ചരേക്കറുടെ അഭിപ്രായം. മനീഷ് പാണ്ഡേയെയും പരിഗണിച്ചേക്കും.
ബൗളർമാരും രോഹിത്തിന്‍റെ പ്രതീക്ഷയ്ക്കൊത്ത് പന്തെറിയുന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു. ഫൈനലിന് മുൻപ് ആവശ്യമായി വിശ്രമത്തിനായി ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വർകുമറിനും വിശ്രമം നൽകിയേക്കും. പരിചയക്കുറവ് ഉണ്ടെങ്കിലും ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വിറപ്പിക്കാൻ ശേഷിയുള്ളതാണ് റാഷീദ് ഖാനും മുജീബുർ റഹ്മാനും ഉൾപ്പെട്ട അഫ്ഗാൻ ബൗളിംഗ് നിര.
ഹഷ്മത്തുള്ള ഷാഹിദി ഒഴികെയുള്ള ബാറ്റ്സ്മാൻമാരുടെ സ്ഥിരതയില്ലായ്മയാണ് അവസാന മത്സരങ്ങളിലെല്ലാം അഫ്ഗാനിസ്ഥാന് തിരിച്ചടിയായത്. വൈകിട്ട് അഞ്ചിനാണ് കളി തുടങ്ങുക. വെള്ളിയാഴ്ചയാണ് ഫൈനൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!