സ്‌മിത്തിനെയും വാര്‍ണറെയും കാത്തിരിക്കുന്നത് ഒരു വര്‍ഷത്തെ വിലക്ക്

By Web DeskFirst Published Mar 27, 2018, 5:22 PM IST
Highlights
  • ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇരുവരെയും ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ സാധ്യത

ലണ്ടന്‍: 'പന്ത് ചുരണ്ടല്‍' വിവാദത്തില്‍ കുടുങ്ങിയ ഓസീസ് താരങ്ങളായ സ്റ്റീവ് സ്‌മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കിന് സാധ്യത. ക്രിക്കറ്റ് ഓസ്‌‌ട്രേലിയ ഇരുവരെയും വിലക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌മിത്തിന് ടീം നായക പദവി എക്കാലത്തെക്കുമായി നഷ്ടമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പന്ത് ചുരുണ്ടല്‍ വിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ജെയിംസ് സതര്‍ലന്‍ഡ് ബുധനാഴ്ച്ച രാവിലെ അന്തിമ തീരുമാനം വ്യക്തമാക്കും എന്നാണ് സൂചനകള്‍. അതേസമയം ആരോപണ വിധേയനായ പരിശീലകന്‍ ഡാരന്‍ ലീമാനെ പുറത്താക്കും എന്നും വാര്‍ത്തകളുണ്ട്. ലീമാന്‍ രാജിവെക്കുമെന്ന് 'ദ് ഗാര്‍ഡിയന്‍' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2013ലാണ് ഓസ്‌ട്രേലിയന്‍ പരിശീലകനായി ലീമാന്‍ സ്ഥാനമേറ്റത്.

വിവാദത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റില്‍ നിന്ന് സ്മിത്തിനെ നേരത്തെ ഐസിസി വിലക്കിയിരുന്നു. 100 ശതമാനും മാച്ച് ഫീ പിഴയായും ചുമത്തിയിരുന്നു. എന്നാല്‍ സഹനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് ഓസീസ് നായക സ്ഥാനത്തുനിന്ന് രാജിവെച്ച സ്മിത്തിനെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. 

ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടിവന്നാല്‍ ഇരുവര്‍ക്കും ആഷസ് പരമ്പരയും 2019ലെ ഏകദിന ലോകകപ്പും നഷ്ടമാകും. പരിശീലകന്‍ ഡാരന്‍ ലീമാന് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് സ്മിത്ത് വാദിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ അംഗീകരിക്കില്ലെന്നാണ് സൂചന. ലീമാനെ മാറ്റിയാല്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങോ മുന്‍ ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗറോ പരിശീലകനായേക്കും.
 


 

click me!