റോണോ കരുത്തില്‍ യുവെ; മെസി ഗോളടിച്ചിട്ടും സമനിലപ്പൂട്ടില്‍ ബാഴ്സ

Published : Sep 24, 2018, 06:38 AM IST
റോണോ കരുത്തില്‍ യുവെ; മെസി ഗോളടിച്ചിട്ടും സമനിലപ്പൂട്ടില്‍ ബാഴ്സ

Synopsis

അഞ്ചംഗ ജിറോണ പ്രതിരോധത്തെ കീറിമുറിച്ച് ബാഴ്സ താരങ്ങളുടെ കുതിപ്പ് കണ്ടതോടെ ഒരു ഗോള്‍മഴയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. 19-ാം മിനിറ്റില്‍ വലകുലുക്കി മെസി ആ ധാരണ ശരിയാകുമെന്ന് തോന്നലുകളും നല്‍കി

ബാഴ്സലോണ: സ്വന്തം മെെതാനത്ത് സീസണിലെ തുടര്‍ച്ചയായ അഞ്ചാം ലാ ലിഗ വിജയം നേടാന്‍ ഇറങ്ങിയ ബാഴ്സലോണയ്ക്ക് തിരിച്ചടി. കറ്റാലന്മാരെ ക്രിസ്റ്റിന്‍ സ്റ്റുവാനിയുടെ ഗോളടി മികവില്‍ ജിറോണ സമനിലയില്‍ പൂട്ടി. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം എതിര്‍ ഗോള്‍പോസ്റ്റില്‍ നിക്ഷേപിച്ചപ്പോള്‍ വിജയഗോള്‍ സ്വന്തമാക്കാന്‍ ആര്‍ക്കുമായില്ല.

കളിയുടെ തുടക്കം ബാഴ്സയുടെ ആക്രമണങ്ങളോടെയായിരുന്നു. അഞ്ചംഗ ജിറോണ പ്രതിരോധത്തെ കീറിമുറിച്ച് ബാഴ്സ താരങ്ങളുടെ കുതിപ്പ് കണ്ടതോടെ ഒരു ഗോള്‍മഴയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. 19-ാം മിനിറ്റില്‍ വലകുലുക്കി മെസി ആ ധാരണ ശരിയാകുമെന്ന് തോന്നലുകളും നല്‍കി.

വലത് സെെഡില്‍ ബോക്സിനുള്ളില്‍ മനോഹരമായി പന്ത് നിയന്ത്രിച്ച് ആര്‍തുറോ വിദാല്‍ പോസ്റ്റിന് നടുവില്‍ കാത്ത് നിന്ന മെസിക്ക് പാസ് നല്‍കി. ജിറോണയുടെ താരങ്ങള്‍ തടയാന്‍ എത്തും മുന്‍പ് മെസിയുടെ ഇടങ്കാലന്‍ ഷോട്ട് വലയെ തൊട്ടു. 37-ാം മിനിറ്റില്‍ ബാഴ്സയെ ഞെട്ടിച്ച ദുരന്തം അരങ്ങേറി. തന്‍റെ ആദ്യ ലാ ലിഗ മത്സരത്തിനിറങ്ങിയ ഫ്രഞ്ച് താരം ക്ലമന്‍റ് ലെംഗല്‍റ്റ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേക്ക് പോയതോടെ ബാഴ്സ പത്ത് പേരിലേക്ക് ചുരുങ്ങി.

ഈ അവസരം മുതലാക്കി ആദ്യ പകുതിയില്‍ തന്നെ ജിറോണ സമനില ഗോള്‍ സ്വന്തമാക്കി. അഡെയ്‍യുടെ അത്ര മെച്ചമല്ലാത്ത ഒരു ക്രോസ് ബാഴ്സ ഗോള്‍മുഖത്തേക്ക് ഉയര്‍ന്ന് വന്നത് ക്ലിയര്‍ ചെയ്യാന്‍ ലെംഗല്‍റ്റ് ദുരന്തത്തിന്‍റെ ആഘാതത്തില്‍ നിന്ന് ആല്‍ബയ്ക്കും സംഘത്തിനും കഴിഞ്ഞില്ല.

ഇതിനിടെയില്‍ പന്ത് കാലിലാക്കിയ സ്റ്റുവാനി ടെര്‍ സ്റ്റീഗനെ മറികടന്ന് പന്ത് ഗോളിലേക്ക് തിരിച്ച് വിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കളിയുടെ ആവേശമേറ്റി സന്ദര്‍ശക ടീം രണ്ടാം ഗോള്‍ സ്വന്തമാക്കി. ബാഴ്സ ബോക്സില്‍ പന്തുമായെത്തിയ പോര്‍ട്ടുവിന് പക്ഷേ, ടെര്‍ സ്റ്റീഗനെ മറികടക്കാന്‍ സാധിച്ചില്ല. പോര്‍ട്ടുവിന്‍റെ ഷോട്ട് ജര്‍മന്‍ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടത് വന്നത് സ്റ്റുവാനിയുടെ കാലില്‍.

ഉറുഗ്വ താരം തൊടുത്ത കനത്ത ഷോട്ട് മെസിപ്പടയുടെ ഹൃദയം തകര്‍ത്ത് വലയില്‍ കയറി. പിന്നിലായതോടെ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തിലൂടെ ബാഴ്സ 63-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. മെസിയും സുവാരസും ചേര്‍ന്ന് നടത്തി നീക്കങ്ങള്‍ക്കൊടുവില്‍ ബോക്സിന് നടുവില്‍ ഉയര്‍ന്ന് ലഭിച്ച പന്ത് ജെറാദ് പിക്വേ ഹെഡ് ചെയ്ത വലിയിലേക്ക് തഴുകി വിട്ടു. ഇതിന് ശേഷം ഏറെ ശ്രമിച്ച് നോക്കിയെങ്കിലും ബാഴ്സയ്ക്ക് വിജയഗോള്‍ കുറിക്കാനായില്ല.

ഇറ്റാലിയന്‍ ലീഗിലെ മത്സരത്തില്‍ യുവന്‍റസ് ഫ്രോസിനോണിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച കളിയില്‍ 81-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യുവെയുടെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ലീഗില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയതിന്‍റെ ക്ഷീണം മാറ്റാന്‍ കളത്തിലിറങ്ങിയ റോണോ ഗോള്‍ നേടിയാണ് ആരാധകരോട് ക്ഷമ ചോദിച്ചത്. ലീഗിലെ നിലവിലെ ചാമ്പ്യന്മാരെ അത്രയും നേരം പിടിച്ചിട്ട ഫ്രോസിനോണ്‍ പ്രതിരോധത്തിന് അല്‍പമൊന്ന് പിഴച്ചു.

ബോക്സിനുള്ളില്‍ കയറിയ ജാനിക്കിന്‍റെ ഷോട്ട് തടഞ്ഞിട്ടെങ്കിലും പന്ത് വന്നത് ക്രിസ്റ്റ്യാനോയുടെ കാലില്‍. പോര്‍ച്ചുഗീസ് കപ്പിത്താന്‍റെ ഇടങ്കാലന്‍ ഷോട്ട് വലയില്‍ പതിച്ചു. അതോടെ എല്ലാം നഷ്ടപ്പെട്ട ഫ്രോസിനോണിന്‍റെ വലയില്‍ ഇഞ്ചുറി ടെെമില്‍ അടുത്ത ഗോളും ടൂറിന്‍ ക്ലബ് അടിച്ച് കയറ്റി. മിരാലം ജാനിക്കിന്‍റെ പാസ് ബോക്സിനുള്ളില്‍ ലഭിച്ച് ഫെഡ്റിക്കോ ബെനാര്‍ഡെച്ചി മനോഹരമായി ഗോളാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത