
ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ ആവേശകരമായ കളിയില്‍ കീഴടക്കി ബെംഗളൂരു ടോര്‍പിഡോസ്. സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ബെംഗളൂരുവിന്. ആദ്യ മത്സരത്തിന് ഇറങ്ങിയ കൊല്‍ക്കത്തയോട് ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ബംഗളൂരുവിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 15-11, 13-15, 11-15, 11-15. ജോയെല്‍ ബെഞ്ചമിന്‍ ആണ് കളിയിലെ താരം. അശ്വല്‍ റായിയും മാര്‍ട്ടിന്‍ ടക്കവാറും ചേര്‍ന്ന് തുടക്കത്തില്‍ത്തന്നെ കൊല്‍ക്കത്തയ്ക്ക് മുന്‍തൂക്കം നല്‍കിയതാണ്. മറുവശത്ത്, സേതുവിന്റെ പിഴവുകള്‍ ബെംഗളൂരുവിന് തിരിച്ചടിയായി.
ഇതോടെ ക്യാപ്റ്റന്‍ മാറ്റ് വെസ്റ്റ് ആക്രമണത്തില്‍ മറ്റ് തന്ത്രങ്ങള്‍ തേടി. കൊല്‍ക്കത്ത പ്രതിരോധം മികച്ചുനിന്നു. ഇതോടെ ബെംഗളൂരുവിന് ആക്രമണം കൃത്യമായി നടത്താനായില്ല. മാര്‍ട്ടിന്റെ സൂപ്പര്‍ സെര്‍വ് ടോര്‍പ്പിഡോസിനെ ഉലച്ചു, കൊല്‍ക്കത്ത ആധിപത്യം നേടുകയും ചെയ്തു. യാലെന്‍ പെന്റോസും സേതുവും ചേര്‍ന്നുള്ള പ്രത്യാക്രമണത്തിലൂടെ ബെംഗളൂരു തിരിച്ചുവരികയായിരുന്നു. കൊല്‍ക്കത്തയുടെ സൂപ്പര്‍ പോയിന്റ് വിളി ജോയെലിന്റെ മിന്നും സ്പൈക്ക് വഴി ബംഗളൂരുവിന് അനുകൂലമായി. ഇതോടെ കളം ഉണര്‍ന്നു.
കളി പതുക്കെ ബെംഗളൂരുവിന്റെ വരുതിയിലേക്ക് നീണ്ടു. ജോയെല്‍ കളം പിടിച്ചതോടെ ടോര്‍പ്പിഡോസ് മുന്നേറി. മിന്നും ചാട്ടങ്ങളിലൂടെ സൂര്യാന്‍ഷ് തോമര്‍ ബെംഗളൂരു പ്രതിരോധത്തെ പരീക്ഷിച്ചു. പക്ഷേ, മുജീബിന്റെ തുടര്‍ച്ചയായ രണ്ട് സൂപ്പര്‍ പോയിന്റുകള്‍ കൊല്‍ക്കത്തന്‍ ആക്രമണത്തിന്റെ വഴിയടച്ചു. കളിയുടെ അവസാന ഘട്ടത്തില്‍ പെന്റോസിന്റെ സൂപ്പര്‍ സെര്‍വ് ബെംഗളൂരുവിന് നിര്‍ണായകമായ രണ്ട് പോയിന്റ് നേടിക്കൊടുത്തു. കൊല്‍ക്കത്ത അവസാനംവരെ പൊരുതി. പരിചയ സമ്പന്നനായ പങ്കജ് ശര്‍മയാണ് നയിച്ചത്.
പക്ഷേ, ഡേവിഡ് ലീയുടെ ബെംഗളൂരു ആക്രമണക്കളിയിലൂടെ സീസണിലെ രണ്ടാം ജയവും സ്വന്തമാക്കി. ഇന്ന് (തിങ്കള്‍) വൈകിട്ട് 6.30ന് മുംബൈ മിറ്റിയോഴ്സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ആദ്യ ജയം തേടിയാണ് ഇറങ്ങുന്നത്. മുംബൈ ആദ്യ കളി ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!