'ഇത് ചെറിയ കളിയല്ല'; ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളുരുവിനെതിരെ

By Web TeamFirst Published Nov 5, 2018, 8:03 AM IST
Highlights

മികച്ച മുന്നേറ്റ നിരയുണ്ടായിട്ടും ഗോളുകള്‍ സ്വന്തമാക്കാന്‍ സാധിക്കാത്തതാണ് മഞ്ഞപ്പടയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇന്നെങ്കിലും ഇതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ വിജയ വഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ബംഗളുരു സിറ്റി എഫ്സി‍യാണ് മഞ്ഞപ്പടയുടെ എതിരാളികൾ. ഉദ്ഘാടന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിന് എടികെയെ വീഴ്ത്തി സ്വപ്ന സമാനമായ തുടക്കമാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.

പക്ഷേ, പിന്നീടുള്ള നാല് മത്സരത്തിലും വിജയം രുചിക്കാൻ കൊമ്പൻമാർക്കായില്ല. മൂന്ന് തുടരൻ സമനിലകള്‍ക്ക് ശേഷം പൂനെയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം ടീം പുറത്തെടുത്തു. പക്ഷേ എതിരാളികൾ മാത്രമല്ല അർഹതപ്പെട്ട മൂന്ന് പോയിന്‍റ് തടഞ്ഞത്. കളത്തിൽ റഫറിയിംഗിന്‍റെ പിഴവ് കൂടി തങ്ങൾക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് സി.കെ വിനീത് പറയുന്നു.

പൂനെ സിറ്റിക്കെതിരായ മത്സരത്തിലെ മോശം റഫറിയിംഗിനെതിരെ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ സംഘാടകർക്ക് പരാതി നൽകുന്നുണ്ട്. എങ്കിലും കെെവിട്ട് പോയ വിജയത്തേക്കുറിച്ച് ആലോചിച്ച് സമയം കളയാനില്ലെന്ന സത്യം മഞ്ഞപ്പടയുടെ ആശാന്‍ ഡേവിഡ് ജയിംസിന് കൃത്യമായി അറിയാം.

ബ്ലാസ്റ്റേഴ്സ് ഇതുവരെ നേരിട്ട എതിരാളികളേക്കാൾ ഏറെ മുന്നിലാണ് ബംഗളുരു. മഞ്ഞപ്പടയെപോലെ ഗാലറിയിൽ പിന്തുണയ്ക്കാൻ അവർക്കുമുണ്ട് ആരാധക കൂട്ടായ്മ. അതുകൊണ്ട് തന്നെ വിജയ വഴിയിലെത്തുകയെന്നത് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി തന്നെയാകും. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ബംഗളൂരു എഫ്സി മികച്ച ഫോമിലാണ്.

നാല് കളികളിൽ മൂന്ന് ജയം അവര്‍ നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണിലെ ന്യു ഇയര്‍ പിറക്കാന്‍ പോകുന്ന രാത്രി കൊച്ചിയിലെത്തി മഞ്ഞപ്പടയെ കശാപ്പ് ചെയ്തതിന്‍റെ സ്മരണകളിലാണ് അവര്‍ എത്തുന്നത്. എന്നാൽ, ശക്തരായ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തുക പ്രയാസകരമാണെന്ന് ബംഗളുരു പരിശീലകന്‍  കാർലസ് കോഡ്രറ്റ് പറഞ്ഞു.

മികച്ച മുന്നേറ്റ നിരയുണ്ടായിട്ടും ഗോളുകള്‍ സ്വന്തമാക്കാന്‍ സാധിക്കാത്തതാണ് മഞ്ഞപ്പടയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇന്നെങ്കിലും ഇതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

click me!