കരിയറില്‍ ഒരിക്കല്‍പോലും വൈഡ് എറിയാത്ത ബൗളര്‍മാര്‍

By Web TeamFirst Published Nov 6, 2018, 12:50 PM IST
Highlights

മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കൂടി കളിയാണ്. അടുത്ത പന്തില്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കുമാവില്ല. ചെറിയൊരു പിഴവ് പോലും മത്സരഫലത്തെ സ്വാധീനിക്കും. ഒരു വൈഡോ നോ ബോളോ ബൈ റണ്ണോ എല്ലാം ഇത്തരത്തില്‍ കളിയില്‍ നിര്‍ണായകമാകാറുണ്ട്. എന്നാല്‍ ദീര്‍ഘകാല കരിയറില്‍ ഒറ്റ വൈഡ് പോലും എറിയാത്ത ചില ബൗളര്‍മാരുണ്ട് ക്രിക്കറ്റില്‍. അവരില്‍ ചിലര്‍ ഇതാ.

മുംബൈ: മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കൂടി കളിയാണ്. അടുത്ത പന്തില്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കുമാവില്ല. ചെറിയൊരു പിഴവ് പോലും മത്സരഫലത്തെ സ്വാധീനിക്കും. ഒരു വൈഡോ നോ ബോളോ ബൈ റണ്ണോ എല്ലാം ഇത്തരത്തില്‍ കളിയില്‍ നിര്‍ണായകമാകാറുണ്ട്. എന്നാല്‍ ദീര്‍ഘകാല കരിയറില്‍ ഒറ്റ വൈഡ് പോലും എറിയാത്ത ചില ബൗളര്‍മാരുണ്ട് ക്രിക്കറ്റില്‍. അവരില്‍ ചിലര്‍ ഇതാ.

റിച്ചാര്‍ഡ് ഹാഡ്‌ലി: ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍ റഔണ്ടര്‍മാരിലൊരാളാണ് ന്യൂസിലന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്‌ലി. 17 വര്‍ഷം നീണ്ട കരിയറില്‍ 86 ടെസ്റ്റില്‍ നിന്ന് 431 വിക്കറ്റുകള്‍ നേടിയ ഹാഡ്‌ലിയായിരുന്നു ഒരുകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍. കപില്‍ദേവ് ആ റെക്കോര്‍ഡ് തകര്‍ക്കുംവരെ. 115 ഏകദിനങ്ങളില്‍ നിന്ന് 158 വിക്കറ്റ് നേടിയിട്ടുള്ള ഹാഡ്‌ലി കരിയറില്‍ ഒറ്റ വൈഡ് പോലും എറിഞ്ഞിട്ടില്ല.

ഗാരി സോബേഴ്സ്: രണ്ട് ദശകത്തോളം വിന്‍ഡീസ് ക്രിക്കറ്റിന്റെ നെടുതൂണായിരുന്നു ഗാരിഫീല്‍ഡ് സോബേഴ്സ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാള്‍. ബാറ്റിംഗ്, ബൗളിംഗ് എന്നിവക്കു പുറമെ വിക്കറ്റ് കീപ്പിംഗും വശമുണ്ടായിരുന്നു സോബേഴ്സിന്. കരിയറില്‍ വിന്‍ഡീസിനായി 93 ടെസ്റ്റും ഒരു ഏകദിനവുമാണ് സോബേഴ്സ് കളിച്ചത്. 93 ടെസ്റ്റില്‍ നിന്ന് 236 വിക്കറ്റും 8032 റണ്‍സും നേടിയിട്ടുള്ള സോബേഴ്സ് കരിയറില്‍ ഒരു വൈഡ് പോലും എറിഞ്ഞിട്ടില്ല.

ഇമ്രാന്‍ ഖാന്‍: പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് ടീം നായകനുമായ ഇമ്രാന്‍ ഖാനുമുണ്ട് ഇവരെപ്പോലെ അഭിമാനിക്കാവുന്ന ഒരു നേട്ടം. മറ്റുള്ളവരുടേതിനേക്കാള്‍ അല്‍പ്പംകൂടി തിളക്കമുള്ളതാണ് ഇമ്രാന്റെ നേട്ടമെന്ന് മാത്രം. 88 ടെസ്റ്റും 175 ഏകദിനവും കളിച്ചിട്ടുള്ള ഇമ്രാന്‍ കരിയറില്‍ ഒരിക്കല്‍ പോലും നോബോളോ വൈഡോ എറിഞ്ഞിട്ടില്ല.

ഇയാന്‍ ബോതം: ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെയുള്ളു. ഇയാന്‍ ബോതം. 16 വര്‍ഷം നീണ്ട കരിയറില്‍ ഇംഗ്ലണ്ടിനായി 102 ടെസ്റ്റുകള്‍ 116 ഏകദിനങ്ങളും കളിച്ച ബോതം ടെസ്റ്റില്‍ 383 വിക്കറ്റും ഏകദിനത്തില്‍ 145 വിക്കറ്റും സ്വന്തമാക്കി. ഇമ്രാനെപ്പോലെ കരിയറില്‍ ഒരിക്കല്‍പോലും വൈഡോ നോ ബോളോ ബോതം എറിഞ്ഞിട്ടില്ല.

ഡെന്നിസ് ലില്ലി: ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറെന്ന ബഹമുതി ഒരുകാലത്ത് ഓസീസ് പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയുടെ പേരിലായിരുന്നു. 13 വര്‍ഷം ഓസീസിന്റെ ബൗളിംഗ് കുന്തമുനയായിരുന്ന ലില്ലി 70 ടെസ്റ്റും 63 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റില്‍ 355 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള ലില്ലി കരിയറില്‍ ഒരിക്കല്‍പോലും വൈഡോ നോ ബോളോ എറിഞ്ഞിട്ടില്ല.

ഇവര്‍ മാത്രമല്ല പന്തില്‍ അസാമാന്യ നിയന്ത്രണമുള്ളവരെന്നതാണ് കൗതുകകരം. ബോബ് വില്ലിസും ഫ്രെഡ് ട്രൂമാനും ഡെറിക് അണ്ടര്‍വുഡും ക്ലാരി ഗ്രിമ്മറ്റും എല്ലാം അക്കൂട്ടത്തിലുണ്ട്.

click me!