
സ്വാതന്ത്ര്യത്തോടെ ലെസ്‌ബിയനായി ജീവിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കേണ്ടി വന്നതെന്ന് റഷ്യയുടെ മുൻ ടെന്നീസ് താരം ഡാരിയ കസത്കിന. 2022ലാണ് കസത്കിന തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയത്.
കസത്കിന താൻ സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞതിന് മാസങ്ങള്‍ക്ക് ശേഷമാണ് റഷ്യൻ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികളുണ്ടായത്. സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുകയും എല്‍ജിബിടിക്യു+ അനുകൂലവിഭാഗങ്ങള്‍ക്കെതിരെ കർശനമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിലവില്‍ ലോക 14-ാം നമ്പർ ടെന്നീസ് താരമാണ് കസത്കിന. 2021ല്‍ ഫെഡ് കപ്പ് നേടിയ റഷ്യൻ ടീമിലെ അംഗമായിരുന്നു താരം.
ടെന്നീസുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കേണ്ടതിനാല്‍ മറ്റൊരു രാജ്യത്തേക്ക് സ്ഥിരതാമസമാക്കാൻ ഏറെ നാളായി ചിന്തിക്കുന്നുണ്ടായിരുന്നെന്നും അന്താരാഷ്ട്ര മാധ്യമമായ ദ ഗ്വാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ കസത്കിന വ്യക്തമാക്കി.
"എനിക്ക് സ്വാതന്ത്ര്യത്തോടെ ഞാനായി ജീവിക്കണം. സത്യം പറയുകയാണെങ്കില്‍ ഇതാണ് മറ്റൊരു രാജ്യത്തേക്ക് കുടിയേറാനുള്ള പ്രധാന കാരണം. എനിക്ക് സ്വാതന്ത്യത്തോടെ റഷ്യയില്‍ ജീവിക്കാനാകില്ല. അതുകൊണ്ട് മറ്റൊരു ഇടം കണ്ടെത്തണമായിരുന്നു. അത് ഞാൻ കണ്ടെത്തി," കസത്കിന കൂട്ടിച്ചേർത്തു.
"എത്തരത്തിലായിരിക്കും സമൂഹത്തിന്റെ പ്രതികരണമെന്നതില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ, അനുകൂലമായ സമീപനമാണ് എല്ലാ കോണില്‍ നിന്നുമുണ്ടായത്. പ്രത്യേകിച്ചും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്ന്. ഓസ്ട്രേലിയയില്‍ നിന്നും സമാനമായിരുന്നു പ്രതികരണങ്ങള്‍. അത് തിരിച്ചറിഞ്ഞപ്പോള്‍ കൂടുതല്‍ ആശ്വാസം ലഭിച്ചു," കസത്കിന പറഞ്ഞു.
വ്യക്തിത്വം മാത്രമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്നാണ് കസത്കിന ധരിച്ചിരുന്നത്. എന്നാല്‍, റഷ്യ-യുക്രൈൻ യുദ്ധവും ഒരു കാരണമായി. യുദ്ധം പലകാര്യങ്ങളേയും ബാധിച്ചു. പ്രത്യേകിച്ചും റഷ്യയുടെ രാഷ്ട്രീയത്തെ. അത്ര ഇത്രത്തോളം മോശമായിരുന്നില്ല, ഇപ്പോള്‍ അത് വളരെ മോശമായിരിക്കുന്നുവെന്നും കസത്കിന വ്യക്തമാക്കി.
"എല്ലാവർക്കും അവരുടേതായ ചിന്തകളും ആശയങ്ങളുമുണ്ട്. ഇത് എന്റെ ജീവിതമാണ്. എന്റെ ജീവിതത്തോടുള്ള എന്റെ തീരുമാനമാണ്. അത് എന്നെ മാത്രം ബാധിക്കുന്ന ഒന്നാണ്. മറ്റാരെയും ബാധിക്കുന്നതല്ല. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്തം വഹിക്കുക. എന്തെങ്കിലും മാറ്റം കൊണ്ടുവരണമെങ്കില്‍ അത് ചെയ്യുക. നിങ്ങള്‍ക്ക് ആശ്വാസം തോന്നുന്നിടത്ത് തുടരുക," കസത്കിന പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!