കോപ്പയില്‍ ആശങ്ക നിറച്ച് സൂപ്പര്‍ താരങ്ങളുടെ പരിക്ക്

By Web DeskFirst Published May 31, 2016, 6:03 AM IST
Highlights

ലോസാഞ്ചല്‍സ്: ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ കളിയരങ്ങായ കോപ്പ അമേരിക്കയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ടൂര്‍ണമെന്‍റിന് ഇനി മൂന്ന് ദിവസം കൂടി ശേഷിക്കേ മുന്‍നിര താരങ്ങളുടെ പരിക്ക് ടീമുകളെ ആശങ്കയിലാഴ്ത്തുന്നു. അര്‍ജന്‍റീനയുടെ ലയണല്‍ മെസിയും ഉറുഗ്വേയുടെ ലൂയിസ് സുവാരസും പരിക്കിന്റെ പിടിയിലാണ്.  

അമേരിക്കയിലെ പത്ത് വേദികളിലായാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ആദ്യ കളിക്ക് മുമ്പ് അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ കൂടിയായ മെസിയും ഉറൂഗ്വേയുടെ ഗോള്‍മെഷീന്‍ ലൂയിസ് സുവാരസും പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതരാവുമോ എന്നമാണ് ടീമുകളും ആരാധകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഹോണ്ടുറാസിനെതിരായ സന്നാഹ മത്സരത്തിനിടെയാണ് മെസിയുടെ നടുവിന് പരുക്കേറ്റത്. ഇതോടെ ടീം വിട്ട മെസി വിദഗ്ധ ചികിത്സയ്‌ക്കായി നാളെ സ്‌പെയ്നിലേക്ക് പോകും. കോസ്റ്റോറിക്കയുടെ സൂപ്പര്‍ ഗോള്‍ കീപ്പറായ കെയ്‌ലര്‍ നവാസും പരിക്കിന്റെ പിടിയിലാണ്. നവാസ് കോപ്പയില്‍ കളിക്കുമോ എന്ന കാര്യം പോലും സംശയത്തിലാണ്.

നിലവിലെ ചാമ്പ്യന്‍മാരായ ചിലിക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. കിംഗ്സ് കപ്പ് ഫൈനലിനിടെയാണ് സുവാരസിന് പരുക്കേറ്റത്. ബാഴ്‌സലോണയ്‌ക്ക് വേണ്ടി ഈ സീസണില്‍ 59 ഗോളുകള്‍ നേടിയ സുവാരസിന്റെ അഭാവം ഉറുഗ്വേയ്‌ക്ക് കനത്ത തിരിച്ചടിയാവും. ഇതേസമയം, പരിക്ക് അനുഗ്രഹമായ താരങ്ങളുമുണ്ട്.

ഡഗ്ലസ് കോസ്റ്റയ്‌ക്ക് പരിക്കേറ്റതോടെയാണ് സീനീയര്‍ താരമായ കക്ക ബ്രസീല്‍ ടീമിലെത്തിയത്. പരാഗ്വേ, അമേരിക്ക ടീമുകളുടെ താരങ്ങളും പരുക്കേറ്റ് പിന്‍മാറിയിട്ടുണ്ട്. തെക്കേ അമേരിക്കയ്‌ക്ക് പുറത്ത് ആദ്യമായി നടക്കുന്ന കോപ്പയില്‍ ഇത്തവണ പതിനാറ് ടീമുകളാണുണ്ടാവുക. തെക്കേ അമേരിക്കയിലെ പത്ത് ടീമുകളും വടക്കേ അമേരിക്കയിലെ ആറ് ടീമുകളും.

 

click me!