സ്‌മിത്തിന്‍റെയും വാര്‍ണറുടെയും വിലക്ക്; കര്‍ശന നിലപാടുമായി ഓസ്‌ട്രേലിയ

By Web TeamFirst Published Oct 29, 2018, 7:39 PM IST
Highlights

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് ഇന്ത്യയ്ക്ക് ആശ്വസിക്കാം;. സൂപ്പര്‍ താരങ്ങളെ കളിക്കാന്‍ അനുവദിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന...

മെല്‍ബണ്‍: പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്‌റ്റീവ് സ്‌മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും കാമറോണ്‍ ബാന്‍ക്രോഫ്റ്റിനും ശിക്ഷയില്‍ ഇളവ് അനുവദിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇതോടെ അടുത്ത മാസം സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരെ ആരംഭിക്കുന്ന പരമ്പരയില്‍ മൂവര്‍ക്കും കളിക്കാനില്ലെന്ന് ഉറപ്പായി. സ്‌മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷവും ബാന്‍ക്രോഫ്‌റ്റിന് ഒമ്പത് മാസം വിലക്കുമാണ് നിലനില്‍ക്കുന്നത്. 

വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് താരങ്ങളെ വിലക്കിയതെന്നും അതിനാല്‍ ഇളവ് അനുവദിക്കാനാവില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഡേവിഡ് പീവെര്‍ പറഞ്ഞു. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നാണക്കേടുണ്ടാക്കിയ പന്ത് ചുരുണ്ടല്‍ വിവാദം അരങ്ങേറിയത്. തുടര്‍ന്ന് നായകന്‍ സ്മിത്തിനെയും ഉപനായകന്‍ വാര്‍ണറെയും യുവതാരം ബാന്‍ക്രോഫ്‌റ്റിനെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയായിരുന്നു. 

താരങ്ങളുടെ വിലക്ക് കുറയ്ക്കണമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയതോടെ സ്‌മിത്തിന്‍റെയും വാര്‍ണറുടെയും വിലക്ക് ഏപ്രില്‍ 21വരെ നിലനില്‍ക്കും. ബാന്‍ക്രോഫ്‌റ്റിന് ജനുവരിവരെയും വിലക്ക് നേരിടണം. നവംബര്‍ 21നാണ് ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയുടെ പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും നാല് ടെസ്റ്റുമാണ് നടക്കുന്നത്. 

click me!