
ലണ്ടന്‍: വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഡാനിഷ് കനേരിയ. ജൂലൈ 20നാണ് ഇന്ത്യ - പാക് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മത്സരത്തിന് മുമ്പ് ഹര്‍ഭജന്‍ സിംഗ്, ശിഖര്‍ ധവാന്‍ തുടങ്ങിയവര്‍ പിന്മാറാന്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ സിന്ധൂറിന് ശേഷം അയല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ക്രിക്കറ്റ് മത്സരം കൂടിയായിരുന്നിത്. ഇന്ത്യന്‍ താരങ്ങള്‍ പിന്മാറിയതോടെ മത്സരം സംഘാടകര്‍ പൂര്‍ണ്ണമായും റദ്ദാക്കി.
എന്നിരുന്നാലും വരുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഇരുവരും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. ഇരുവരും മൂന്ന് തവണ പരസ്പരം ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. ഇതിനെ കുറിച്ചാണ് കനേരിയ ഇപ്പോള്‍ സംസാരിക്കുന്നത്. പക്ഷേ ഏഷ്യാ കപ്പില്‍ അവരെ കളിക്കുന്നതില്‍ പ്രശ്നമൊന്നുമില്ലേയെന്നാണ് കനേരിയ ചോദിക്കുന്നത്. അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തതിങ്ങനെ... ''ഇന്ത്യന്‍ കളിക്കാര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് ലീഗ് ബഹിഷ്‌കരിക്കുകയും അതിനെ ദേശീയ കടമയായി കണക്കാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ കുഴപ്പമില്ലേ? നിങ്ങള്‍ക്ക് അനുയോജ്യമാകുമ്പോള്‍ ദേശസ്നേഹം കാണിക്കുന്നത് നിര്‍ത്തുക. സ്പോര്‍ട്സ്, സ്പോര്‍ട്സ് ആയിതന്നെ കാണുക.'' കനേരിയ ട്വീറ്റ് ചെയ്തു.
ഇന്നലെയാണ് ഏഷ്യാ കപ്പ് ഫിക്‌സച്ചര്‍ പുറത്തുവന്നത്. യുഎഇ വേദിയാകും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇന്നാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. എസിസി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്വി എക്‌സിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിതയത്.
ആരാധകര്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം സെപ്റ്റംബര്‍ 14-നാണ്. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!