ഐസിസി റാങ്കിംഗ്; കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി

By Web DeskFirst Published Oct 20, 2017, 3:21 PM IST
Highlights

ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ് 879 റേറ്റിംഗ് പോയന്റുമായി റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. പുതിയ റാങ്കിംഗില്‍ 877 റേറ്റിംഗ് പോയന്റുള്ള കോലി രണ്ടാം സ്ഥാനത്താണ്. കരിയറില്‍ പതിനാലാം തവണയാണ് ഡിവില്ലിയേഴ്സ് ഒന്നാം സ്ഥാനത്തെത്തുന്നത്. 2010ലാണ് ഡിവില്ലിയേഴ്സ് ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനുശേഷം(2306 ദിവസം) ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്ക് നിലനിര്‍ത്തിയ താരം കൂടിയാണ് ഡിവില്ലിയേഴ്സ്(2124 ദിവസം).

രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി ഏഴാം സ്ഥാനത്തായ രോഹിത് ശര്‍മയാണ് ആദ്യ പത്തില്‍ കോലിക്ക് പുറമെയുള്ള ഇന്ത്യന്‍ താരം. മുന്‍ നായകന്‍ എംഎസ് ധോണി പന്ത്രണ്ടാം സ്ഥാനത്താണ്. പതിനാലാം സ്ഥാനത്തുള്ള ശീഖര്‍ ധവാന്‍ ആദ്യ ഇരുപതിലുണ്ട്. ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ മൂന്നാമതും പാക്കിസ്ഥാന്റെ ബാബര്‍ അസം നാലാം സ്ഥാനത്തുമാണ്.

ബൗളര്‍മാരുടെ റാങ്കിംഗില്‍ പാക്കിസ്ഥാന്റെ ഹസന്‍ അലി ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറിനെ പിന്തള്ളിയാണ് അലി ഒന്നാമതായത്. താഹിര്‍ രണ്ടാമതുണ്ട്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒരു സ്ഥാനം നഷ്ടമായ ജസ്‌പ്രീത് ബൂമ്ര ഏഴാം സ്ഥാനത്തും അക്ഷര്‍ പട്ടേല്‍ എട്ടാം സ്ഥാനത്തുമുണ്ട്. പതിനാലം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ആദ്യ 20ലുള്ള മറ്റൊരു ഇന്ത്യന്‍ ബൗളര്‍.

 

click me!