- Home
- Sports
- Cricket
- ഐസിസി വിലക്ക് മുതല്‍ ഒറ്റപ്പെടുത്തൽ വരെ, ടി20 ലോകകപ്പ് ബഹിഷ്കരിച്ച ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് എന്തൊക്കെ തിരിച്ചടികൾ
ഐസിസി വിലക്ക് മുതല്‍ ഒറ്റപ്പെടുത്തൽ വരെ, ടി20 ലോകകപ്പ് ബഹിഷ്കരിച്ച ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് എന്തൊക്കെ തിരിച്ചടികൾ
ടി20 ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം ടീമിന്റെ ഭാവിയെ ഗുരുതരമായി ബാധിച്ചേക്കാം.

ബംഗ്ലാദേശിനെ കാത്തിരിക്കുന്ന തിരിച്ചടികൾ
സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം ബംഗ്ലാദേശിന്‍റെ ക്രിക്കറ്റ് ഭാവിയെ തന്നെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് സൂചന. ഐസിസി (ICC) കർശന നിലപാട് സ്വീകരിച്ചതോടെ, സാമ്പത്തിക നഷ്ടം മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള ഒറ്റപ്പെടലും ബംഗ്ലാദേശിനെ കാത്തിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.
സാമ്പത്തിക അടിത്തറ തകര്‍ക്കും
2027 വരെ വരുമാനം സുരക്ഷിതമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അവകാശപ്പെടുമ്പോഴും, ലോകകപ്പ് ബഹിഷ്കരിച്ചാൽ ഉടൻ തന്നെ വൻ സാമ്പത്തിക ബാധ്യത ബിസിബിക്ക് മേൽ വന്നുചേരും.
ധനനഷ്ടം
ലോകകപ്പിൽ പങ്കെടുത്താൽ ലഭിക്കുന്ന വൻ തുകയും സമ്മാനത്തുകകളും നഷ്ടമാകും. ഇത് രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് വികസനത്തെ നേരിട്ട് ബാധിക്കും.
സ്പോൺസർമാരുടെ പിന്മാറ്റം
പ്രമുഖ ഇന്ത്യൻ കായിക ബ്രാൻഡുകളായ എസ്‌ജി, എസ് എസ് എന്നിവ ബംഗ്ലാദേശ് താരങ്ങളുമായുള്ള കരാറുകൾ ഇതിനകം മരവിപ്പിച്ചു കഴിഞ്ഞു. ലോകകപ്പില്ലാതെ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കില്ലെന്നതിനാൽ മറ്റ് ആഗോള സ്പോൺസർമാരും പിന്മാറാൻ സാധ്യതയുണ്ട്.
താരങ്ങൾക്ക് ഇരുട്ടടി
മത്സരങ്ങൾ നഷ്ടമാകുന്ന താരങ്ങൾക്ക് യാതൊരുവിധ നഷ്ടപരിഹാരവും നൽകില്ലെന്ന് ബിസിബി അറിയിച്ചിട്ടുണ്ട്. ഇത് കളിക്കാരെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കും.
ഐസിസിയും വടി എടുക്കും
ഐസിസിയുടെ പങ്കാളിത്ത കരാർ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ഐസിസി നിലവിൽ സ്റ്റാൻഡ്-ബൈ ആയി നിർത്തിയിട്ടുണ്ട്. ഒരിക്കൽ പകരക്കാരെ നിശ്ചയിച്ചാൽ ബംഗ്ലാദേശിന് പിന്നീട് തിരിച്ചുവരാനാകില്ല. കൂടാതെ, ഭാവിയിൽ ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ നിന്ന് സസ്പെൻഷൻ നേരിടേണ്ടി വരികയും, അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിൽ (ഫ്യച്ചര്‍ ടൂര്‍ പ്രോഗ്രാം) ബംഗ്ലാദേശിന്‍റെ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യും.
കരിയർ തകർച്ച ഭീഷണിയിൽ താരങ്ങൾ
ലോകകപ്പ് ബഹിഷ്കരിക്കുന്നത് ബംഗ്ലാദേശ് താരങ്ങൾക്ക് ഐപിഎൽ, ബിബിഎൽ തുടങ്ങിയ ആഗോള ലീഗുകളിലേക്കുള്ള വാതിൽ കൊട്ടിയടയ്ക്കും. നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങളും ബോർഡും തമ്മിൽ ഉടലെടുത്ത ഭിന്നത ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബിപിഎല്‍) മത്സരങ്ങളെ പോലും ബാധിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ മികച്ച താരങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.
കായിക ലോകത്ത് ഒറ്റപ്പെടും
ഇന്ത്യ സുരക്ഷിതമാണെന്ന ഐസിസിയുടെ റിപ്പോർട്ട് നിലനിൽക്കെ, രാഷ്ട്രീയ കാരണങ്ങളാൽ പിന്മാറുന്നത് ബംഗ്ലാദേശിനെ കായിക ലോകത്ത് ഒറ്റപ്പെടുത്തും. കായിക രംഗത്തേക്കാൾ രാഷ്ട്രീയത്തിന് മുൻഗണന നൽകുന്ന രാജ്യമെന്ന പ്രതിച്ഛായ ഭാവിയിൽ മറ്റ് ടീമുകൾ ബംഗ്ലാദേശ് സന്ദർശിക്കുന്നതിനെപ്പോലും പ്രതികൂലമായി ബാധിച്ചേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!