പ്രീമിയര്‍ ലീഗില്‍ ഗോള്‍മേളം; സിറ്റി ഒന്നാമത്; ചെല്‍സിക്കും ജയം

By Web TeamFirst Published Nov 5, 2018, 9:04 AM IST
Highlights

സതാംപ്ടണെ ഒന്നിനെതിരെ ആറ് ഗോളിനാണ് സിറ്റി തകര്‍ത്തത്. ഇതോടെ പോയിന്‍റ് പട്ടികയില്‍ സിറ്റി ഒന്നാമതെത്തി. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് ചെൽസി തോല്‍പിച്ചു...

മ‌ാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ വമ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി മുന്നിലെത്തി. സതാംപ്ടണെ ഒന്നിനെതിരെ ആറ് ഗോളിനാണ് സിറ്റി തകര്‍ത്തത്. ആദ്യ പകുതിയിൽ തന്നെ സിറ്റി നാല് ഗോള്‍ നേടി. ആറാം മിനിറ്റില്‍ സതാംപ്ടന്‍റെ വെസ്‍‍ലിയുടെ ഓൺഗോളില്‍ സിറ്റി ലീഡ് നേടി. 12-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയും 18-ാം മിനിററില്‍ ഡേവിഡ് സില്‍വയും ലീഡുയര്‍ത്തി.

രണ്ട് പകുതികളിലായി റഹീം സ്റ്റെര്‍ലിംഗ് ഓരോ ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും 67-ാം മിനിറ്റിലുമാണ് സ്റ്റെര്‍ലിംഗ് ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിൽ ലെറോയ് സാനേ സിറ്റിയുടെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ 11 കളിയിൽ 29 പോയിന്‍റുമായി സിറ്റി ലീഗില്‍ മുന്നിലെത്തി. 

മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് ചെൽസി തോൽപ്പിച്ചു. ഇരട്ടഗോളുമായി ആല്‍വാരോ മൊറാട്ട വിജയശിൽപ്പിയായി. 32, 65 മിനിറ്റുകളിലാണ് മൊറാട്ടയുടെ ഗോളുകള്‍. 79-ാം മിനിറ്റില്‍ പെഡ്രോ ആണ് മൂന്നാം ഗോള്‍ നേടിയത്. 11 കളിയിൽ 27 പോയിന്‍റുള്ള ചെൽസി സീസണില്‍ രണ്ടാം സ്ഥാനത്താണ്. ലിവര്‍പൂളിനും 27 പോയിന്‍റാണെങ്കിലും ഗോള്‍ശരാശരിയിൽ ചെൽസിയാണ് മുന്നിൽ.

click me!