ലോകകപ്പിന് ഇനി 11 നാള്‍ കാത്തിരിപ്പ്; കൊച്ചി സ്റ്റേഡിയം ഫിഫ ഏറ്റെടുത്തു

By Web DeskFirst Published Sep 25, 2017, 3:54 PM IST
Highlights

കൊച്ചി: കേരളം കാത്തിരുന്ന ഫുട്ബോള്‍ ഉത്സവത്തിന് ഇനി 11 നാള്‍ കൂടി. അണ്ടര്‍ 17 ലോക കപ്പ് ഫുട്ബോളിന് വേദിയാകുന്ന കൊച്ചി  രാജ്യാന്തര സ്റ്റേഡിയം ഫിഫ എറ്റെടുത്തു. മൂന്ന് ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം ജേതാക്കള്‍ക്കുള്ള ട്രോഫി  ഫൈനല്‍ മത്സര വേദിയായ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി.

കാത്തുപരിപാലിച്ച വേദികള്‍ ഇനി ഫിഫയ്‌ക്ക് സ്വന്തം. പ്രധാന വേദിയായ കലൂര്‍ നെഹ്റു സ്റ്റേഡിയത്തിന് പുറമെ മഹാരാജാസ്,  പനമ്പള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, വെളി എന്നിവിടങ്ങളിലെ പരിശീലന മൈതാനങ്ങളും ഫിഫയുടെ നിയന്ത്രണത്തിലായി.ഇത് സംബന്ധിച്ച ധാരണാപത്രം ജി സി ഡി എ സെക്രട്ടറി എം സി ജോസഫ്, ടൂര്‍ണമെന്റ് നോ‍ഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് എന്നിവര്‍ ഫിഫ പ്രതിനിധി റോമ ഖന്നയ്‌ക്ക് കൈമാറി.വേദിയുടെ സജ്ജീകരണങ്ങളില്‍ പൂര്‍ണ തൃപ്തി അറിയിച്ച ഫിഫ പ്രതിനിധി അധികൃതരെ അഭിനന്ദിക്കുകയും ചെയ്തു.

ഫിഫ നിര്‍ദേശിച്ച പണികള്‍ എല്ലാം  കലൂര്‍ സ്റ്റേഡിയത്തിലും പരിശീലന മൈതാനങ്ങളിലും പൂര്‍ത്തിയായി.ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്ന് അര്‍ധരാത്രിയോടെ സ്റ്റേഡിയത്തിനുള്ളിലെ കടകള്‍ മുഴുവന്‍ ഒഴിപ്പിക്കും.ആദ്യ മത്സരത്തിനിറങ്ങേണ്ട ബ്രസീല്‍ ടീം മറ്റന്നാള്‍ കൊച്ചിയില്‍ എത്തും.ബാക്കി മൂന്ന് ടീമുകള്‍ അടിത്ത മാസം മൂന്നിനാകും എത്തുക.

click me!