- Home
- Sports
- Cricket
- സഞ്ജു ഓപ്പണറോ അതോ മധ്യനിരയിലോ? സിംബാബ്‌വെക്കെതിരെ ബാറ്റിംഗ് പൊസിഷനില്‍ മാറ്റത്തിന് സാധ്യത, മൂന്നാം സ്ഥാനത്ത് കളിക്കാന്‍ സാധ്യത
സഞ്ജു ഓപ്പണറോ അതോ മധ്യനിരയിലോ? സിംബാബ്‌വെക്കെതിരെ ബാറ്റിംഗ് പൊസിഷനില്‍ മാറ്റത്തിന് സാധ്യത, മൂന്നാം സ്ഥാനത്ത് കളിക്കാന്‍ സാധ്യത
ഇന്ത്യ ഇന്ന് ടി20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ സിംബാബ്‌വെയെ നേരിടാനൊരുങ്ങുമ്പോള്‍ ടീം കോമ്പിനേഷനെ കുറിച്ചാണ് ആകാംക്ഷ. തിലക് വര്‍മ കളിക്കില്ലെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഓപ്പണിംഗ് സഖ്യത്തില്‍ മാറ്റം വരും. സഞ്ജു ടീമിലെത്തും. സാധ്യതകള്‍…

സഞ്ജു സാസണ്‍
മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. മോശം ഫോമിലുള്ള തിലക് വര്‍മ, അഭിഷേക് ശര്‍മ എന്നിവര്‍ക്ക് പകരം സഞ്ജുവിനെ ടീമിലെത്തിക്കണമെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ലോകകപ്പില്‍ സഞ്ജു ഒരു മത്സരം മാത്രമാണ് കളിച്ചത്. അന്ന് എട്ട് പന്തില്‍ 22 റണ്‍സെടുത്തിരുന്നു. പിന്നീട് അഭിഷേക് ശര്‍മ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സഞ്ജുവിന് സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. സഞ്ജു ടീമിലെത്തുമെങ്കിലും ഏത് പൊസിഷനില്‍ കളിക്കുമെന്ന് ഉറപ്പായിട്ടില്ല.
സഞ്ജു മൂന്നാമന്‍?
അടിസ്ഥാനപരമായി മുന്‍നിര ബാറ്ററാണ്. ഓപ്പണറായും മൂന്നാം നമ്പറില്‍ കളിച്ചും സഞ്ജു തിളങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി പലപ്പോഴും മൂന്നാം നമ്പറില്‍ കളിച്ചിട്ടുണ്ട് സഞ്ജു. എന്നാല്‍ കഴിഞ്ഞ സീസണ്‍ മുതല്‍ സ്ഥിരമായി ഓപ്പണറായി കളിക്കാന്‍ തുടങ്ങി. ജോസ് ബട്‌ലറെ രാജസ്ഥാന്‍ വിട്ടയച്ചപ്പോഴാണ് സഞ്ജു ഓപ്പണിംഗ് സ്ഥാനത്തേക്ക് മാറിയത്. കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിന്് ശേഷം ഇന്ത്യയുടെ ഓപ്പണറായും സഞ്ജു കളിച്ചിരുന്നു. രോഹിത് ശര്‍മ വിരമിച്ചപ്പോഴാണ് സഞ്ജുവിനെ ഓപ്പണറാക്കിയത്. പിന്നീട് മധ്യനിരയിലും നിയോഗിക്കപ്പെട്ടു.
സഞ്ജു-അഭിഷേക് തുടങ്ങും
സിംബാബ്‌വെക്കെതിരെ സഞ്ജു - അഭിഷേക് ശര്‍മ സഖ്യം ഇന്നിംഗ്‌സ് തുടങ്ങാനാണ് സാധ്യത. മോശം ഫോമിലെങ്കിലും അഭിഷേകിനെ പിന്തുണക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ആദ്യ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേക്, സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 15 റണ്‍സുമായി മടങ്ങിയിരുന്നു. സിംബാബ്‌വെക്കെതിരെ അതിപ്രധാനമായി മത്സരത്തില്‍ അഭിഷേക് നല്‍കുന്ന മിന്നല്‍ തുടക്കം ടീമിന് ഗുണം ചെയ്യും. സഞ്ജുവിന് രണ്ടാം വരവാണ്. നമീബിയക്കെതിരെ നന്നായി തുടങ്ങിയെങ്കിലും വലിയ ഇന്നിംഗ്‌സ് പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ മുതലാക്കുമെന്നാണ് ആരാധകരുടേയും പ്രതീക്ഷ. സഞ്ജു ഓപ്പണറാവുമെങ്കില്‍ ഇഷാന്‍ കിഷന്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങും.
ഇഷാന്‍-അഭിഷേക് സഖ്യത്തിനും സാധ്യത
ഇടങ്കയ്യന്‍ സഖ്യം ഓപ്പണര്‍മാരായി തുടരാനും സാധ്യതയേറെ. ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസിലന്‍ഡിനെ പരമ്പരയില്‍ ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ റണ്‍ വന്നിട്ടുണ്ട്. പിന്നീട് ലോകകപ്പില്‍ ഇരുവരേയും ഓപ്പണര്‍മാരായി തീരുമാനിക്കുകയായിരുന്നു. സഞ്ജു മോശം ഫോമിലായതോടെയാണ് കിഷന്‍ ഓപ്പണിംഗ് സ്ഥാനത്ത് വന്നത്. ഇരുവരേയും ഓപ്പണര്‍മാരായി തുടരാന്‍ അനുവദിച്ചാല്‍ സഞ്ജു മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വരും. ഇതുവരെ തിലക് വര്‍മയായിരുന്നു മൂന്നാമത്. എന്നാല്‍ തിലകിന്റെ മോശം ഫോം സഞ്ജുവിന് തിരിച്ചുവരവിനുള്ള അവസരമൊരുക്കുകയാണ്.
സഞ്ജു റിങ്കുവിന് പകരമോ?
റിങ്കു സിംഗിന് പകരമാണ് സഞ്ജു കളിക്കുന്നതെങ്കില്‍ ഫിനിഷറുടെ റോളാകും താരത്തിനുണ്ടാവുക. ഏഷ്യാ കപ്പില്‍ ഫിനിഷറുടെ റോളിലും കളിച്ചിരുന്നു സഞ്ജു. ഫൈനലില്‍ പാകിസ്ഥാനെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. ഈ ലോകകപ്പില്‍ ഫിനിഷറുടെ റോളില്‍ കളിച്ചിരുന്ന റിങ്കുവിന് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രണ്ടക്കം കടക്കാനായിട്ടില്ല. ലോകകപ്പില്‍ ഇതുവരെ 29 പന്ത് നേരിട്ട റിങ്കു 24 റണ്‍സ് മാത്രമാണ് നേടിയത്. ഇതിനിടെ പിതാവിന്റെ അസുഖം കാരണം റിങ്കു ഇന്ത്യന്‍ ക്യാംപസ് വിട്ട് അടിയന്തരമായി ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ റിങ്കു കളിക്കാനിടയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!