'ഇവനിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി'; യുവതാരത്തിനായി വാദിച്ച് ദാദ

By Web TeamFirst Published Nov 6, 2018, 6:19 PM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി താരം ആരെന്ന് വെളിപ്പെടുത്തി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഈ യുവ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് ഇതിഹാസ താരത്തിന്‍റെ ആവശ്യം...
 

കൊല്‍ക്കത്ത: വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് ഇന്ത്യയുടെ ഭാവി താരമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. പന്തിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായി കളിപ്പിക്കണം. ദിനേശ് കാര്‍ത്തിക്കിനെ സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാനായാണ് പരിഗണിക്കേണ്ടത്. പന്താണ് നമ്മുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍. പരിമിത ഓവര്‍ ക്രിക്കറ്റിലെ വിക്കറ്റ് കീപ്പറായും പന്ത് വരണം. അതിനാല്‍ വിക്കറ്റിന് പിന്നില്‍ കൂടുതല്‍ ചുമതലകള്‍ യുവതാരത്തിന് നല്‍കണമെന്ന് ദാദ ആവശ്യപ്പെട്ടു.

'പന്ത് ഇന്ത്യയുടെ ഭാവി താരമാണ്. അദേഹത്തിന് കൂടുതല്‍ കാലം ദേശീയകുപ്പായത്തില്‍ കളിക്കാനാകും. അവസാന രണ്ടുമൂന്ന് ടെസ്റ്റുകളില്‍ പന്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. ഇപ്പോള്‍ നമുക്കുള്ള മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പന്തായിരിക്കാമെന്നും' മുന്‍ നായകന്‍ ഇന്ത്യ ടിവിയോട് അഭിപ്രായപ്പെട്ടു. ഇതോടെ വരുന്ന ഓസീസ് പര്യടനത്തില്‍ പന്തിനെ എങ്ങനെ പരിഗണിക്കണമെന്ന ഉപദേശമാണ് സെലക്‌ടര്‍മാര്‍ക്കും ടീം മാനേജ്മെന്‍റിനും ഗാംഗുലി നല്‍കുന്നത്. 

എന്നാല്‍ വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ പന്ത് ടീമിലുണ്ടായിരുന്നെങ്കിലും ദിനേശ് കാര്‍ത്തിക്കായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. മത്സരത്തില്‍ ബാറ്റുകൊണ്ട് കാര്‍ത്തിക് തിളങ്ങുകയും ചെയ്തു. നാല് വിക്കറ്റിന് 45 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ വിജയത്തിലെത്തിച്ചത് പുറത്താകാതെ 34 പന്തില്‍ 31 റണ്‍സെടുത്ത കാര്‍ത്തിക്കാണ്. പന്തിന് നാല് പന്തില്‍ ഒരു റണ്‍ മാത്രമാണ് എടുക്കാനായത്. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 

click me!