ലോകകപ്പില്‍ എതിരാളികളില്‍ നിന്ന് മറച്ചുവെച്ച ആ രഹസ്യം പരസ്യമാക്കി എംബാപ്പെ

First Published Jul 24, 2018, 1:02 PM IST
Highlights

പരിക്കുമായാണ് അവസാന രണ്ട് മത്സരങ്ങളിലും കളിക്കാനിറങ്ങിയത്. എതിരാളികള്‍ ഇതറിഞ്ഞാല്‍ എന്റെ പരിക്കുള്ള ഭാഗം അവര്‍ ലക്ഷ്യംവെക്കാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇക്കാര്യം മറച്ചുവെച്ചത്.

പാരീസ്: റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സിനെ ചാമ്പ്യന്‍മാരാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് കൗമാരതാരം കൈലിയന്‍ എംബാപ്പെ ആയിരുന്നു. എന്നാല്‍ ലോകകപ്പിലെ അവസാന രണ്ട് മത്സരങ്ങളില്‍ താന്‍ കളിച്ചത് പുറത്തേറ്റ പരിക്ക് മറച്ചുവെച്ചാണെന്ന് എംബാപ്പെ വെളിപ്പെടുത്തി. യുറുഗ്വായ്ക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെയാണ് പുറംവേദന അനുഭവപ്പെട്ടത്. എന്നാല്‍ ഇക്കാര്യം പരസ്യമാക്കിയാല്‍ അത് എതിരാളികള്‍ അത് മുതലെടുക്കുമെന്ന് കണ്ട് ടീം മാനേജ്മെന്റ് മറച്ചുവെക്കുകയായിരുന്നുവെന്നും എംബാപ്പെ ഫ്രാന്‍സ് ഫുട്ബോളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ‌ു.

പരിക്കുമായാണ് അവസാന രണ്ട് മത്സരങ്ങളിലും കളിക്കാനിറങ്ങിയത്. എതിരാളികള്‍ ഇതറിഞ്ഞാല്‍ എന്റെ പരിക്കുള്ള ഭാഗം അവര്‍ ലക്ഷ്യംവെക്കാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇക്കാര്യം മറച്ചുവെച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ ടൂര്‍ണമെന്റ് തുടങ്ങും മുമ്പെ ഫ്രാന്‍സ് കിരീടം നേടുമെന്ന് ഞ‌ങ്ങള്‍ മനിസിലുറപ്പിച്ചിരുന്നു. ചിലര്‍ ഇതിനെ അഹങ്കാരമെന്ന് വിളിച്ചേക്കാം. എന്നാല്‍ അതിനെ ആത്മവിശ്വാസമെന്ന് വിളിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്-എംബാപ്പെ വ്യക്തമാക്കി.

പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരെ രണ്ട് ഗോളടിച്ച് വിജയശില്‍പിയായ എംബാപ്പെ ഫൈനലില്‍ ക്രൊയേഷ്യക്കെതിരെയും ഗോള്‍ നേടിയിരുന്നു. ഒപ്പം ഇതിഹാസതാരം പെലെക്കുശേഷം ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ കൗമാരതാരമെന്ന റെക്കോര്‍ഡും എംബാപ്പെ സ്വന്തം പേരിലെഴുതി. ടൂര്‍ണമെന്റില്‍ നാലു ഗോളുകളാണ് എംബാപ്പെ നേടിയത്. പരിക്കുമായി കളിച്ചിച്ചിട്ടും സെമിയിലും ഫൈനലിലും എംബാപ്പെയും അതിവേഗ ഓട്ടങ്ങള്‍ എതിര്‍പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തു.

click me!