
ലയണല്‍ മെസിക്കൊപ്പം അനശ്വരമായ ബാഴ്‌സലോണയിലെ ആ ജഴ്‌സി. അതിന്റെ ഭാരം താങ്ങനാവാതെ പോയ അൻസു ഫാറ്റി എന്ന വണ്ടര്‍ കിഡ്. പത്താം നമ്പറില്ലാതെ മൈതാനത്തേക്ക് ബാഴ്സ ചുവടുവെച്ച സീസണുകള്‍. ഒടുവില്‍ മിശിഹ തന്നെ ജ്ഞാനസ്നാനം ചെയ്ത യമാലിലേക്ക് എത്തിയിരിക്കുന്നു ആ നിയോഗം. എന്റെ നമ്പര്‍, എന്റെ ചരിത്രം, എന്റ വഴി...എന്ന തലക്കെട്ടോടുകൂടി ലമീൻ യമാല്‍ പത്താം നമ്പര്‍ ജഴ്‌സിയുമായി ലോകത്തിന് മുന്നിലേക്ക് നില്‍ക്കുകയാണ്. ആ ജഴ്‌സിയും നമ്പറും പേറുന്ന ചരിത്രം ചെറുതല്ല, ഇതിഹാസങ്ങളുടെ പട്ടികയിലേക്കാണ് യമാല്‍ എത്തിയിരിക്കുന്നത്.
ക്യാംപ് നൗവിന്റെ പുറത്തൊരു സ്റ്റാച്ച്യുവുണ്ട് ലാസ്ലൊ കുബാലയുടേത്. ബാഴ്‌സലോണയുടെ പത്താം നമ്പര്‍ ജഴ്‌സി സ്ഥിരമായി അണിഞ്ഞ ആദ്യത്തെ സൂപ്പര്‍ താരമാണ് കുബാല. ഹംഗറിയില്‍ ജനിച്ച് അഭയാര്‍ത്ഥിയായി സ്പെയിനിലേക്ക് കുടിയേറിയ കുബാല 1951ലാണ് കറ്റാലന്മാര്‍ക്കൊപ്പം കളത്തിലിറങ്ങുന്നത്. പത്ത് വര്‍ഷം നീണ്ട ബാഴ്‌സ കരിയറില്‍ 194 ഗോളുകളാണ് കുബാല സ്കോര്‍ ചെയ്തത്. ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ബാഴ്‌സയുടെ ടോപ് ഫൈവ് ഗോള്‍ സ്കോറര്‍മാരിലൊരാളാണ് കുബാല. 281 മത്സരങ്ങളാണ് കുബാല ബാഴ്‌സയ്ക്കായി കളിച്ചിട്ടുള്ളത്.
മറ്റൊരാള്‍ കുബാലയുടെ സമകാലീനനായിരുന്ന ലൂയിസ് സുവാരസാണ്. 1950കളുടെ അവസാനമായിരുന്നു സുവാരസ് ബാഴ്‌സയ്ക്കായി പന്തുതട്ടിയിരുന്നത്. 120ലധികം മത്സരങ്ങളും അറുപതിലധികം ഗോളുകളും സുവാരസിന്റെ ബൂട്ടില്‍ നിന്ന് പിറന്നു. ബാഴ്‌സയുടെ ഭാഗമായിരിക്കെയാണ് 1960ല്‍ താരത്തെ ബാലൻ ദി ഓര്‍ പുരസ്ക്കാരം തേടിയെത്തുന്നതും.
ബാഴ്‌സയില്‍ കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ തന്നെ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞത് സാക്ഷാല്‍ ഡിയൊഗൊ മറഡോണയായിരുന്നു. അന്നത്തെ റെക്കോര്‍ഡ് തുകയായ അഞ്ച് മില്യണ്‍ പൗണ്ടിനായിരുന്നു അര്‍ജന്റീനൻ ഇതിഹാസം 1982ല്‍ സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്തുതട്ടാനെത്തിയത്. പരുക്കുകളാല്‍ വലയ്ക്കപ്പെട്ട രണ്ട് സീസണ്‍, 38 ഗോളുകള്‍. ഒടുവില്‍ നാപോളിയിലേക്ക് ചേക്കേറുകയും തന്റെ കരിയര്‍ ഐതിഹാസികമാക്കുകയും ചെയ്തു താരം.
മൈക്കല്‍ ലോഡ്രപ്പ് എന്ന മധ്യനിര താരം, 1989 മുതല്‍ 94 വരെ ബാഴ്സയില്‍. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായാണ് ലോഡ്രപ്പിനെ ഫുട്ബോള്‍ പണ്ഡിതന്മാര്‍ കണക്കാക്കുന്നത്. യോഹാൻ ക്രൈഫിന്റെ സ്വപ്നസംഘത്തിലെ പ്രധാനി. ബാഴ്സയ്ക്കൊപ്പം അഞ്ച് സീസണുകള്‍ കളിച്ച ലോഡ്രപ്പ് വൈരികളായ റയലിലേക്ക് ചുവടുമാറുകയായിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.
പത്താം നമ്പറിന്റെ പകിട്ടിനൊത്ത് തിളങ്ങാനാകാതെ പോയ താരമായിരുന്നു ലാ മാസിയയുടെ തട്ടില്‍ നിന്ന് എത്തിയ പെപ് ഗ്വാര്‍ഡിയോള. മധ്യനിര താരം പിന്നീട് നാലാം നമ്പര്‍ തിരഞ്ഞെടുക്കുകയും ചെയ്തു. 93ല്‍ ടീമിലെത്തി ബ്രസീലിയൻ താരം റൊമാരിയോ. കന്നി സീസണില്‍ ക്രൈഫിന്റെ കീഴില്‍ 33 മത്സരങ്ങളില്‍ നിന്ന് 30 ഗോല്‍, ലാ ലിഗ ടോപ് സ്കോറര്‍. എന്നാല്‍, ക്രൈഫുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ റൊമാരിയോയെ രണ്ട് സീസണിന് ശേഷം ഫ്ലെമംഗോ ജഴ്സി അണിയാൻ പ്രേരിപ്പിച്ചു.
ഹ്രിസ്റ്റോ സ്റ്റോയിച്കോവും ക്രൈഫിന് കീഴില്‍ ബാഴ്‌സയില്‍ പത്താം നമ്പറില്‍ കളത്തിലെത്തിയ താരമാണ്. 1994ല്‍ ബാലൻ ദി ഓറും നേടി. മറ്റൊരു ബ്രസീലിയൻ താരമായ റിവാല്‍ഡൊ. 97ലും 98ലും ലാ ലിഗ ബാഴ്‌സ നേടിയതിന് പിന്നിലെ പ്രധാന ബൂട്ടുകളില്‍ ഒന്ന്. 235 മത്സരങ്ങളില്‍ നിന്ന് 130 ഗോളുകള്‍. ബാഴ്സയുടെ ഗോള്‍ വേട്ടക്കാരില്‍ സാമുവല്‍ എറ്റുവിനൊപ്പം എട്ടാം സ്ഥാനത്തുണ്ട് റിവാല്‍ഡൊ.
2003 മുതല്‍ 2008 വരെ പത്താം നമ്പര്‍ അണിഞ്ഞ ബ്രസീലിയൻ ഇതിഹാസം റൊണാള്‍ഡിന്യൊ. റിക്വല്‍മിയില്‍ നിന്നാണ് ഉത്തരവാദിത്തം കൈമാറിക്കിട്ടിയത്. ഫുട്ബോളിലെ മികച്ച പ്ലേമേക്കര്‍മാരിലൊരാളായ റിക്വല്‍മിക്ക് 2002-03 സീസണിലെ മോശം പ്രകടനമാണ് 10-ാം നമ്പര്‍ നഷ്ടപ്പെടാൻ കാരണമായത്. മറുവശത്ത് റൊണാള്‍ഡിന്യൊ കളത്തില്‍ മഞ്ഞക്കുപ്പായത്തിലെ അതേ മാന്ത്രീകത ആവര്‍ത്തിച്ചു, സാന്റിയാഗൊ ബെര്‍ണബ്യൂവില്‍ പോലും കയ്യടി ലഭിച്ച നിമിഷങ്ങള്‍ സൃഷ്ടിക്കാൻ ബ്രസീലിയൻ താരത്തിനായി. 2005ല്‍ ബാലൻ ദി ഓറും ലഭിച്ചു.
റൊണാള്‍ഡിന്യോയുടെ അസിസ്റ്റില്‍ നിന്ന് ബാഴ്സയ്ക്കായി സ്കോറിങ്ങ് ആരംഭിച്ച മെസിക്ക് മൂന്ന് വര്‍ഷമായിരുന്നു 10-ാം നമ്പറിനായി കാത്തിരിക്കേണ്ടി വന്നത്. ആദ്യം 30-ാം നമ്പറും പിന്നീട് 19മായിരുന്നു മെസി അണിഞ്ഞിരുന്നത്. 2008-09 സീസണ്‍ മുതലാണ് മെസി പത്താം നമ്പര്‍ ജഴ്സിയില്‍ ബാഴ്സയ്ക്കായി പന്തുതട്ടിത്തുടങ്ങിയത്. പിന്നീട് നടന്നതെല്ലാം ചരിത്രം, ക്ലബ്ബിനൊപ്പം 34 കിരീടങ്ങള്‍. ബാഴ്സയുടെ ഓള്‍ ടൈം ടോപ് സ്കോററായാണ് മെസി പാരീസിനായി ബൂട്ടുകെട്ടാനിറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!